എല്ലുകളെ ബാധിക്കുന്ന 'സൈലന്‍റ്' ആയ രോഗം; ലക്ഷണങ്ങളിലൂടെ നേരത്തെ തിരിച്ചറിയൂ...

By Web TeamFirst Published Dec 8, 2023, 2:30 PM IST
Highlights

ചെറുപ്പക്കാരാകുമ്പോള്‍ തന്നെ ആളുകളില്‍ ഇതിന്‍റെ പ്രശ്നങ്ങള്‍ കണ്ടുതുടങ്ങുമെന്നതാണ് സത്യം. പക്ഷേ ഇക്കാര്യം പലര്‍ക്കും അറിവില്ലാത്തതാണ്. അതായത് അസ്ഥിക്ഷയത്തിലേക്ക് എത്തും മുമ്പുള്ള ഘട്ടം യൗവനകാലത്തിലൊക്കെ തന്നെ തുടങ്ങാം. 

എല്ലുകളുടെ ആരോഗ്യത്തില്‍ സംഭവിക്കുന്ന പോരായ്മകള്‍ തീര്‍ച്ചയായും വളരെ ഗുരുതരമായൊരു പ്രശ്നം തന്നെയാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ എല്ലുകള്‍ പൊട്ടുന്നതിലേക്കും എല്ല് തേയ്മാനത്തിലേക്കുമെല്ലാം ഇത്തരം ചെറിയ പോരായ്മകള്‍ എത്തിനില്‍ക്കാം. ഇതൊരുപക്ഷേ പിന്നീട് ചികിത്സയിലൂടെയും മറ്റും നമുക്ക് വീണ്ടെടുക്കാവുന്ന നഷ്ടവുമല്ല വരുത്തുക. 

എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ഏറ്റവും പ്രധാനമാണ് എല്ല് തേയ്മാനം അഥവാ അസ്ഥിക്ഷയം. എല്ലുകളുടെ ബലം ക്രമേണ കുറഞ്ഞുവരുന്നൊരു അവസ്ഥയെന്ന് ലളിതമായി പറയാം. അധികവും പ്രായമേറുമ്പോഴാണ് ഈ രോഗം ആളുകളെ കടന്നുപിടിക്കുന്നത്. 

Latest Videos

എന്നാല്‍ ചെറുപ്പക്കാരാകുമ്പോള്‍ തന്നെ ആളുകളില്‍ ഇതിന്‍റെ പ്രശ്നങ്ങള്‍ കണ്ടുതുടങ്ങുമെന്നതാണ് സത്യം. പക്ഷേ ഇക്കാര്യം പലര്‍ക്കും അറിവില്ലാത്തതാണ്. അതായത് അസ്ഥിക്ഷയത്തിലേക്ക് എത്തും മുമ്പുള്ള ഘട്ടം യൗവനകാലത്തിലൊക്കെ തന്നെ തുടങ്ങാം. 

വ്യായാമമോ കായികാധ്വാനങ്ങളോ ഇല്ലാതെയുള്ള ജീവിതരീതി, വൈറ്റമിൻ ഡി കുറവ് (സൂര്യപ്രകാശമേല്‍ക്കുന്നത് കുറയുന്നത്) എന്നിവയെല്ലാമാണ് ഇതിലേക്ക് പ്രധാനമായും വ്യക്തികളെ നയിക്കുന്നത്. ചിലര്‍ക്ക് പാരമ്പര്യഘടകങ്ങള്‍, ചിലര്‍ക്ക് ഹോര്‍മോണ്‍ സംബന്ധമായ പ്രശ്നങ്ങള്‍, ചിലരില്‍ പുകവലി- മദ്യപാനം പോലുള്ള ശീലങ്ങള്‍, ഓട്ടോ-ഇമ്മ്യൂണ്‍ രോഗങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങളും അസ്ഥിക്ഷയത്തിലേക്ക് പതിയെ നയിക്കാം. 

വളരെ 'സൈലന്‍റ്' ആയാണ് അസ്ഥിക്ഷയം ആദ്യവര്‍ഷങ്ങളിലെല്ലാം നീങ്ങുകയെന്നത് വലിയ തിരിച്ചടിയാണ്. രോഗം മനസിലാക്കുന്നതിന് അധികസമയം വേണ്ടി വരുന്നതോടെ ചികിത്സയും മറ്റ് ചുറ്റുപാടുകളുമെല്ലാം പ്രതികൂലാന്തരീക്ഷത്തിലെത്താം. പേശീവേദന, എല്ല് വേദന (പ്രധാനമായും കൈകാലുകളിലും നടുവിനും), ശരീരത്തിന്‍റെ ഘടനയില്‍ വ്യത്യാസം, നഖങ്ങള്‍ കൂടെക്കൂടെ പൊട്ടുക, പെട്ടെന്ന് ചതവ് സംഭവിക്കുക, ശ്വാസതടസം എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ അസ്ഥിക്ഷയത്തിന്‍റെ ലക്ഷണങ്ങളായി വരാം. 

ആശുപത്രിയിലെത്തി പരിശോധന നടത്തുമ്പോള്‍ മാത്രമാണ് അസ്ഥിക്ഷയമാണോ അല്ലയോ എന്നത് നിര്‍ണയിക്കാൻ സാധിക്കൂ. ഇതിന് രക്തപരിശോധന, സ്കാനിംഗ് എല്ലാം ചെയ്യാവുന്നതാണ്. ഫലപ്രദമായ ചികിത്സ അസ്ഥിക്ഷയത്തിന് തേടാവുന്നതാണ്. അതുപോലെ തന്നെ ഇരുപതുകളിലും മുപ്പതുകളിലും തന്നെ അസ്ഥിക്ഷയത്തെ ചെറുക്കാൻപാകത്തിലുള്ള ജീവിതരീതി പിന്തുടരുന്നത് രോഗം വരാതിരിക്കാൻ നല്ലൊരു മുന്നൊരുക്കവുമാണ്. 

Also Read:- സ്ട്രെസ് ഉണ്ടാക്കുന്ന ഗുരുതരമായ അസുഖങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!