കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിനായി യുകെയില്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തിയ ഇന്ത്യക്കാരന്‍...

By Web Team  |  First Published Jul 13, 2020, 8:07 PM IST

വാക്‌സിന്‍ പരീക്ഷണം പരാജപ്പെട്ടാലുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ചെല്ലാം ദീപക് മനസിലാക്കിയിരുന്നു. ആന്തരീകാവയവങ്ങളിലേതെങ്കിലും പ്രവര്‍ത്തിക്കാതെയാകാം. മരണം വരെ സംഭവിക്കാം. എങ്കിലും സധൈര്യം നിന്നു. വാക്‌സിന്റെ രണ്ടാം ഘട്ട ട്രയലിനായി തെരഞ്ഞെടുക്കപ്പെട്ട ആയിരം പേരില്‍ ഒരാളായി


ലോകമാകെ കൊവിഡ് 19 എന്ന മഹാമാരിയോടുള്ള യുദ്ധത്തിലാണ്. ഭരിക്കുന്നവരെന്നോ ഭരിക്കപ്പെടുന്നവരെന്നോ വ്യത്യാസമില്ലാതെ ഓരോരുത്തരും ഈ പോരാട്ടത്തില്‍ അണി ചേരുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. ഇക്കൂട്ടത്തില്‍ ചിലരുടെ പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും ആദരവ് അര്‍ഹിക്കുന്നത് തന്നെയാണ്. ആരോഗ്യപ്രവര്‍ത്തകരെയാണ് പ്രധാനമായും ഇങ്ങനെ വേര്‍തിരിച്ചെടുത്ത് കയ്യടിക്കാനുള്ളത്. 

വാക്‌സിന്‍ എന്ന ആശ്വാസത്തിലേക്ക് ഓരോ രാജ്യവും പതിയെ നടന്നടുക്കുന്നതേയുള്ളൂ. ഇക്കഴിഞ്ഞ ദിവസം റഷ്യയില്‍ മനുഷ്യരില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന വാര്‍ത്ത നമ്മള്‍ കണ്ടു. ക്ലിനിക്കല്‍ ട്രയല്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന ലോകത്തിലെ ആദ്യ കൊവിഡ് വാക്‌സിന്‍ ആണ് റഷ്യക്കാരുടേത്. 

Latest Videos

undefined

ഇതിന് പിന്നാലെ ക്ലിനിക്കല്‍ ട്രയല്‍ (മനുഷ്യരില്‍ പരീക്ഷണം) ഘട്ടത്തില്‍ നില്‍ക്കുന്ന മറ്റൊരു വാക്‌സിന്‍ യുകെയിലെ 'ഓക്‌സ്ഫര്‍ഡ് യൂണിവേഴ്‌സിറ്റി' ഗവേഷകര്‍ വികസിപ്പിച്ചെടുത്തതാണ്. നമുക്കറിയാം പുതുതായി ഒരു വാക്‌സിന്‍ ഉത്പാദിപ്പിച്ചെടുക്കുമ്പോള്‍ അത് മനുഷ്യരില്‍ പരീക്ഷിക്കുന്നതിനും മുമ്പായി പല ഘട്ടങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. അത്രയും കടമ്പകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അത് മനുഷ്യരില്‍ കുത്തിവയ്ക്കപ്പെടുന്നത്. 

അപ്പോഴും ജീവന്‍ വരെ നഷ്ടമായേക്കാവുന്ന 'റിസ്‌ക്' പരീക്ഷണത്തിന് വിധേയരാകുന്നവര്‍ എടുക്കേണ്ടതുണ്ട്. ഇത്രയും ഭാരിച്ച ഒരു വെല്ലുവിളി ഏറ്റെടുത്തുകൊണ്ടാണ് വലിയൊരാള്‍ക്കൂട്ടത്തില്‍ നിന്ന് ചിലര്‍ മാത്രം കൈകളുയര്‍ത്തി 'ഞാന്‍ തയ്യാറാണ്' എന്ന് പ്രഖ്യാപിക്കുന്നത്. എങ്ങനെയാണ് നമുക്കവരോടുള്ള ആദരവും കടപ്പാടും പ്രകടമാക്കാനാവുക. 

ദീപക് പലിവാളിലേക്ക്...

ഇപ്പോഴിതാ ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാന്‍ ഇക്കൂട്ടത്തില്‍ ഒരാള്‍ ഉള്‍പ്പെട്ടിരിക്കുന്നു. യുകെയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കണ്‍സള്‍ട്ടന്റായ ദീപക് പലിവാള്‍ എന്ന നാല്‍പത്തിരണ്ടുകാരന്‍. 'ഓക്‌സ്ഫര്‍ഡ്' വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയായിരുന്നു. ലോകം ഇത്രമാത്രം ഭീകരമായൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ആരോഗ്യരംഗത്ത് ജോലി ചെയ്യുന്ന ഒരാളെന്ന നിലയ്ക്ക് തനിക്കെന്ത് ചെയ്യാം എന്നത് മാത്രമായിരുന്നു ഈ ദിവസങ്ങളിലത്രയും ദീപക്കിന്റെ ചിന്ത.

 

 

പിന്നെ, ഒന്നുമോര്‍ത്തില്ല. വാക്‌സിന്‍ പരീക്ഷണത്തിന് തയ്യാറാണെന്ന് ദീപക് അറിയിച്ചു. ഭാര്യയുള്‍പ്പെടെ കുടുംബത്തിലെ എല്ലാവരും ഇതിനെ എതിര്‍ത്തു. എന്നാല്‍ തന്റെ തീരുമാനത്തില്‍ നിന്ന് ദീപക് പിന്മാറിയില്ല. 

ഏപ്രില്‍ 16ന് ചരിത്രപരമായ ആ പരീക്ഷണത്തിനായി ദീപക് ഒരുങ്ങി. പരീക്ഷണത്തിന് ആവശ്യമായ ആരോഗ്യാവസ്ഥയുണ്ടോ എന്ന പരിശോധന നടന്നു. സ്‌ക്രീനിംഗെല്ലാം വിജയകരമായി പൂര്‍ത്തിയാക്കി, ദീപക് വാക്‌സിന്‍ പരീക്ഷണത്തിന് വിധേയരാകുന്ന 'വൊളണ്ടിയര്‍'മാരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടു. 

വാക്‌സിന്‍ പരീക്ഷണം പരാജപ്പെട്ടാലുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ചെല്ലാം ദീപക് മനസിലാക്കിയിരുന്നു. ആന്തരീകാവയവങ്ങളിലേതെങ്കിലും പ്രവര്‍ത്തിക്കാതെയാകാം. മരണം വരെ സംഭവിക്കാം. എങ്കിലും സധൈര്യം നിന്നു. വാക്‌സിന്റെ രണ്ടാം ഘട്ട ട്രയലിനായി തെരഞ്ഞെടുക്കപ്പെട്ട ആയിരം പേരില്‍ ഒരാളായി. 

പരീക്ഷണത്തിലേക്ക്...

മെയ് 11ന് മരുന്ന് കുത്തിവയ്പ് നടന്നു. കൈത്തണ്ടയിലൂടെ മരുന്ന് കയറുമ്പോള്‍ മനസില്‍ ഭാര്യയും അമ്മയും സഹോദരിയുമുള്‍പ്പെടെ പ്രിയപ്പെട്ടവരുടെയെല്ലാം മുഖം വന്നുപോയി. പക്ഷേ പ്രതീക്ഷ കൈവിട്ടില്ല. മരുന്ന് കുത്തിവച്ച് രണ്ട് മണിക്കൂര്‍ കാത്തിരിക്കണം. അതിന് ശേഷം നിരീക്ഷണത്തിലേക്ക്. വൈകുന്നേരത്തോടെ പതിയെ പനിയും വിറയലും വേദനയും അനുഭവപ്പെടാന്‍ തുടങ്ങി. 

 

 

കഴിഞ്ഞ ഇത്രയും ദിവസമായി ദീപക് നിരീക്ഷണത്തില്‍ തന്നെയാണ്. പരീക്ഷണഘട്ടം തീരാന്‍ ഇനിയും ദിവസങ്ങള്‍ ബാക്കി കിടക്കുന്നു. 90 ദിവസമാണ് നിലവില്‍ കണക്കാക്കപ്പെട്ടിരിക്കുന്ന സമയം. അതിന് ശേഷം ആറ് മാസം കൂടി കൃത്യമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇതിനിടെ 'ബിബിസി' ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ ദീപക്കിന്റെ അഭിമുഖം വന്നു. ലോകം ഉറ്റുനോക്കുന്ന വാക്‌സിന്‍ പരീക്ഷണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൂടിയുള്‍പ്പെടുന്നു എന്നത് ഊര്‍ജ്ജം പകരുന്ന വാര്‍ത്ത തന്നെയാണ്. ദീപക്കിന്റെ ആര്‍ജ്ജവത്തിന് അര്‍ഹമായ ഫലം ലഭിക്കാന്‍ 'ഓക്‌സ്ഫര്‍ഡ്' വാക്‌സിന്‍ വിജയം കാണട്ടെ എന്ന് മാത്രം നമുക്കാശിക്കാം. ഒപ്പം ദീപക്കിനെ പോലുള്ള ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകരെ ആദരവോടെ ഓര്‍മ്മിക്കാം.

Also Read:- മനുഷ്യരിൽ നടത്തിയ പരീക്ഷണം വിജയിച്ച് ലോകത്തിലെ ആദ്യ കൊവിഡ് വാക്‌സിന്‍...

click me!