തലയ്ക്കകത്ത് വെടിയുണ്ടയുമായി 18 വർഷം ജീവിതം, ഒടുവിൽ വിദേശ യുവാവിന് ബെം​ഗളൂരുവിൽ ആശ്വാസം, ശസ്ത്രക്രിയ വിജയം!

By Web TeamFirst Published Dec 12, 2023, 1:04 PM IST
Highlights

11ാമത്തെ വയസ്സിലാണ് ജീവിതം മാറ്റിമറിച്ച സംഭവമുണ്ടായിരുന്നത്. കടയിൽ പോയി വരവെ സംഘർഷത്തിലേർപ്പെട്ട രണ്ട് ​ഗ്രൂപ്പുകൾക്കിടയിൽപ്പെട്ടു. തലയ്ക്ക് വെടിയേറ്റ് ​ഗുരുതരാവസ്ഥയിലായി.

ബെം​ഗളൂരു: തലയ്ക്കകത്ത് വെടിയുണ്ടയുമായി 18 വർഷം ജീവിച്ച യെമൻ യുവാവിന് ഒടുവിൽ ആശ്വാസം. ബെം​ഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ മൂന്ന് സെന്റി മീറ്റർ നീളമുള്ള വെടിയുണ്ട നീക്കം ചെയ്തു. 29കാരനായ യെമനി യുവാവ് സലായ്ക്കാണ് (പേര് യഥാർഥമല്ല) ശസ്ത്രക്രിയ നടത്തിയത്. ഇടത് ടെമ്പറൽ അസ്ഥിയുടെ ഉള്ളിലായിരുന്നു വെടിയുണ്ട. കടുത്ത തലവേദനയും കേൾവിയില്ലായ്മയുമായിരുന്നു വെടിയുണ്ട കാരണം യുവാവ് അനുഭവിച്ചിരുന്നത്. 

യെമനിലെ ​ഗ്രാമത്തിൽ മാതാപിതാക്കളുടെ 10 മക്കളിൽ ഒരാളായിരുന്നു സലാ. പിതാവ് കർഷകനായിരുന്നു. ചെറുപ്പത്തിലേ കൃഷിയിൽ പിതാവിനെ സഹായിക്കാറുണ്ടായിരുന്നു. 11ാമത്തെ വയസ്സിലാണ് ജീവിതം മാറ്റിമറിച്ച സംഭവമുണ്ടായിരുന്നത്. കടയിൽ പോയി വരവെ സംഘർഷത്തിലേർപ്പെട്ട രണ്ട് ​ഗ്രൂപ്പുകൾക്കിടയിൽപ്പെട്ടു. തലയ്ക്ക് വെടിയേറ്റ് ​ഗുരുതരാവസ്ഥയിലായി. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അവർ മുറിവ് വൃത്തിയാക്കുക മാത്രമാണ് ചെയ്തത്. വെടിയുണ്ട നീക്കം ചെയ്തില്ലെന്ന് സലാ പറഞ്ഞു. 

Latest Videos

ബുള്ളറ്റ് ചെവിയിലൂടെയാണ് തുളച്ചുകയറിയത്. അതുകൊണ്ടുതന്നെ ചെവിയുടെ കവാടം ഇടുങ്ങിയതായി. ബുള്ളറ്റ് ചെവിയിൽ കാണാമായിരുന്നു. എന്നാൽ  അതിന്റെ മറ്റേയറ്റം അസ്ഥിയിൽ കുടുങ്ങി. മുറിവ് ഉണങ്ങാത്തതിനാൽ പഴുപ്പ് അടിഞ്ഞുകൂടാനും അണുബാധക്കും കാരണമായി. ഈ പ്രശ്നം പിന്നീട് തലവേദനയിലേക്ക് നയിച്ചു- സലാ പറയുന്നു. 

ചില സുഹൃത്തുക്കൾ വഴിയാണ് ബെംഗളൂരുവിലെ ആസ്റ്റർ ഹോസ്പിറ്റലിനെക്കുറിച്ച് അറിഞ്ഞ് എത്തിയത്. ശസ്ത്രക്രിയക്ക് ഡോക്ടർമാർ ആദ്യം ആശങ്കയിലായിരുന്നു. ബുള്ളറ്റ് നീക്കം ചെയ്യുമ്പോൾ വലിയ രക്തസ്രാവം ഉണ്ടാകാനുള്ള സാധ്യതയാണ് ചൂണ്ടിക്കാട്ടിയതെന്ന് ഇഎൻടി, കോക്ലിയർ ഇംപ്ലാന്റ് സർജറി, ലീഡ് കൺസൾട്ടന്റ് ഡോ രോഹിത് ഉദയ പ്രസാദ് പറഞ്ഞു. 

ബുള്ളറ്റുമായി ബന്ധപ്പെട്ട രക്തക്കുഴലുകളുടെ സ്ഥാനം കണ്ടെത്തുന്നതിന് എംആർഐക്ക് പകരം ഒരു കോൺട്രാസ്റ്റ് സിടി ആൻജിയോഗ്രാഫി ചെയ്യാൻ തീരുമാനിച്ചു. ഒടുവിൽ വലിയ രക്തസ്രാവമില്ലാതെ തന്നെ ശസ്ത്രക്രിയ പൂർത്തിയാക്കി. ശസ്‌ത്രക്രിയക്ക് ശേഷം ഭാഗികമായി കേൾവിശക്തി വീണ്ടെടുത്തു. ശസ്ത്രക്രിയയ്ക്ക് ശേഷം യെമനിലേക്ക് തിരിച്ച സാലിഹ് ഇപ്പോൾ സുഖമായിരിക്കുന്നു.  

click me!