സ്വന്തം കുറവുകൾക്ക് അമിത പ്രാധാന്യം നൽകാതെ സ്വയം ഇഷ്ടപ്പെടാനും പോസിറ്റീവായി ചിന്തിക്കാനും ശ്രമിക്കുമ്പോൾ ഉത്കണ്ഠയെ നിയന്ത്രിക്കാൻ കഴിയുകയും ആത്മവിശ്വാസം ഉയരുകയും ചെയ്യും.
ഉത്കണ്ഠയും മാനസിക പിരിമുറുക്കവുമൊക്കെ അനുഭവിക്കുന്ന നിരവധി പേർ നമുക്കിടയിലുണ്ട്. ഉത്കണ്ഠ മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ എങ്ങനെ പരിഹരിക്കാമെന്നതിനെ കുറിച്ച് ചീഫ് ക്ലിനിക്കൽ സൈകോളജിസ്റ്റ് പ്രിയ വർഗീസ് എഴുതുന്ന ലേഖനം.
ഞാൻ ബുദ്ധിയും കഴിവും കുറഞ്ഞ ആളാണ് എന്നയാൾ വിശ്വസിച്ചു. യഥാർത്ഥത്തിൽ അയാളെ അലട്ടുള്ള പ്രശ്നം ഉത്കണ്ഠ (anxiety) ആണെന്ന് അയാൾ മനസ്സിലാക്കാൻ വളരെ വൈകി. സൈക്കോളജിസ്റ്റിനെ സമീപിക്കുന്ന നല്ലൊരു ശതമാനം ആളുകളും പറയുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണ് എന്നു നോക്കാം:
undefined
● ഞാൻ പ്രത്യേകിച്ച് കഴിവുകൾ ഒന്നുമുള്ള ആളല്ല
● എന്നെകൊണ്ട് എന്തെങ്കിലും ജീവിതത്തിൽ ചെയ്യാൻ കഴിയും എന്നെനിക്കു തോന്നുന്നില്ല.
● ഞാൻ നന്നായി പഠിക്കുന്ന ആളായിരുന്നു, സ്കൂളിൽ കലോത്സവങ്ങളിൽ പങ്കെടുത്തിട്ടുണ്ട്- പക്ഷേ അതൊക്കെ ഏതൊരാൾക്കും ചെയ്യാൻ കഴിയുന്ന കാര്യമല്ലേ, എനിക്ക് അതൊന്നും ഒരു വലിയ കാര്യമായി തോന്നുന്നില്ല
● മറ്റുള്ളവരോടു സംസാരിക്കാൻ തുടങ്ങുമ്പോൾ എനിക്ക് വല്ലാത്ത ഒരു ആധിവരും. അപ്പോൾ എന്താ സംസാരിക്കേണ്ടത് എന്ന് എനിക്ക് ആകെ കൺഫ്യൂഷനാകും. ഒന്നും മിണ്ടാൻ കഴിയാതെയാകും
● എന്നെക്കുറിച്ച് മറ്റുള്ളവർ എന്തുചിന്തിക്കും എന്ന പേടിയാണ് എനിക്ക്. അതുകൊണ്ട് ഒരുപാടാളുകൾ കൂടുന്ന ഇടങ്ങളിൽ, അടുത്ത ബന്ധുക്കളുടെ കല്യാണത്തിനുപോലും പോകാതെ ഞാൻ ഒഴിവാക്കും
ഞാൻ ഒരു കഴിവും ഇല്ലാത്ത, ജീവിതത്തിൽ മുന്നേറാൻ ഒരിക്കലും കഴിയാത്ത ആളാണ് എന്ന് വിശ്വസിക്കുന്ന ആളുകൾ നിരവധിയുണ്ട്. പുതിയ കാര്യങ്ങൾ ചെയ്യാൻ ഭയം, തോൽക്കുമോ എന്ന പേടി എന്നിങ്ങനെ പല ആധികളും അവരെ എല്ലാറ്റിൽനിന്നും പിന്നോട്ടു വലിക്കുന്നുണ്ട്. എന്നാൽ ഇങ്ങനെ സ്വയം വിലയില്ലാത്ത ഒരാളോട് സംസാരിക്കുമ്പോൾ വളരെ ക്ഷമയോടെ അവരെ പരിഗണിക്കാൻ നാം തയ്യാറാവണം.
ആത്മവിശ്വാസക്കുറവും ഉത്കണ്ഠയും കാരണം വളരെ ലളിതമായ കാര്യങ്ങൾപോലും അവർക്കു തുടങ്ങിവെക്കാൻപോലും വലിയ ബുദ്ധിമുട്ടുണ്ടാകും. അവർ സ്വയം ഞാൻ വലിയ മടിയുള്ള ആളാണ് എന്നാണ് വിശ്വസിക്കുന്നത്. എന്നാൽ ഉത്കണ്ഠ ഉള്ള ആളുകളിൽ അവരുടെ ഉത്കണ്ഠമൂലം ഒന്നും ചെയ്യാനാവാതെ മനസ്സു തളർന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. അതുകൊണ്ടുതന്നെ അവർക്ക് ചെറിയ കാര്യങ്ങളിൽപോലും ശ്രദ്ധ കേന്ദ്രീകരിക്കാനോ, സമയബന്ധിതമായി കാര്യങ്ങൾ ചെയ്യാനോ കഴിയില്ല. ഇതെല്ലാം മനഃപൂർവം ഞാൻ മടി കാരണം ചെയ്തു തീർക്കാത്തതാണ് എന്ന വിശ്വാസത്തിൽ സ്വയം ശപിച്ചു മുന്നോട്ടു പോകുന്ന അവസ്ഥയുണ്ടാകും. എന്നാൽ സ്വഭാവത്തിൽ മടിയുള്ള ഒരാളുടെ രീതി നമ്മൾ മനസ്സിലാക്കണം. മടിയുള്ള ഒരാൾ മനഃപൂർവം ഒരു കാര്യങ്ങളും ചെയ്യാതെ മറ്റുള്ളവരെ ആശ്രയിച്ചു മുന്നോട്ടുപോകുകയായിരിക്കും. മടിയുള്ള ആളുകൾക്ക് അവർ ഒരു കാര്യങ്ങളും കൃത്യമായി ചെയ്യുന്നില്ല എന്നതിൽ യാതൊരു കുറ്റബോധവും ഉണ്ടാവില്ല.
ഉത്കണ്ഠയും മടിയും തമ്മിൽ ഇങ്ങനെ ഒരു വ്യത്യാസം ഉണ്ട് എന്ന് മനസ്സിലാക്കുമ്പോൾ സ്വയം വിലയുള്ള ഒരു വ്യക്തിയാണ് ഞാൻ എന്ന ചിന്ത പതിയെ വളർത്തിയെടുക്കാൻ കഴിയും. സ്വന്തം കുറവുകൾക്ക് അമിത പ്രാധാന്യം നൽകാതെ സ്വയം ഇഷ്ടപ്പെടാനും പോസിറ്റീവായി ചിന്തിക്കാനും ശ്രമിക്കുമ്പോൾ ഉത്കണ്ഠയെ നിയന്ത്രിക്കാൻ കഴിയുകയും ആത്മവിശ്വാസം ഉയരുകയും ചെയ്യും.
മേല്പറഞ്ഞ വ്യത്യാസങ്ങൾ ഒരു വ്യക്തിയിൽ ഉണ്ടാക്കാൻ സഹായിക്കുന്ന മനഃശാസ്ത്ര ചികിത്സയാണ് CBT അഥവാ കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി. അതിനായി ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ സമീപിക്കാം.നെഗറ്റീവ് ആയ സ്വയം കുറ്റപ്പെടുത്തുന്ന ചിന്തകൾ മിക്ക സമയങ്ങളിലും നിയന്ത്രണാതീതമായി തോന്നുന്നു എന്നതിനാലാണ് CBT ചികിത്സ ആവശ്യമായി വരുന്നത്. മെച്ചപ്പടുത്തിയെടുക്കാൻ കഴിയുന്ന ഒന്നാണ് നമ്മുടെ ആത്മവിശ്വാസം എന്ന് മനസ്സിലാക്കി പുതിയ നല്ല മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ടുവരാൻ നമുക്ക് ശ്രമിക്കാം.
എഴുതിയത്:
പ്രിയ വർഗീസ്
ചീഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
Breathe Mind Care
TMM- Ramanchira Road
തിരുവല്ല
For Appointments Call: 8281933323
Online/ In-person consultation available
www.breathemindcare.com
പ്രസവശേഷം അമ്മയിൽ കാണുന്ന മാനസിക സമ്മർദ്ദം ; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ