ഹൃദയത്തിന് പ്രശ്നമുണ്ടെങ്കില്‍ പുറമേക്ക് കാണുന്ന ലക്ഷണങ്ങള്‍...

By Web TeamFirst Published Dec 29, 2023, 9:33 PM IST
Highlights

ഹൃദയാഘാത സാധ്യത, അല്ലെങ്കില്‍ ഹൃദയസംബന്ധമായ മറ്റ് പ്രശ്നങ്ങളുള്ളവരില്‍ പക്ഷേ ചില ലക്ഷണങ്ങള്‍ പുറമേക്ക് കാണാറുണ്ട്. പലരും ഇത് ശ്രദ്ധിക്കാതെ പോകുന്നതാണ് അപകടം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാകുന്നത്

ഹൃദ്രോഗം, അല്ലെങ്കില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ പലപ്പോഴും നാം പുറത്ത് അറിയണമെന്നില്ല. ഹൃദയാഘാതം പോലുള്ള ഗുരുതരമായ അവസ്ഥകളിലാണ് പലപ്പോഴും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു എന്നത് മനസിലാവുക. 

ഹൃദയാഘാത സാധ്യത, അല്ലെങ്കില്‍ ഹൃദയസംബന്ധമായ മറ്റ് പ്രശ്നങ്ങളുള്ളവരില്‍ പക്ഷേ ചില ലക്ഷണങ്ങള്‍ പുറമേക്ക് കാണാറുണ്ട്. പലരും ഇത് ശ്രദ്ധിക്കാതെ പോകുന്നതാണ് അപകടം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാകുന്നത്. എന്തായാലും ഇത്തരത്തില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവരില്‍ ഇതിനെ സൂചിപ്പിക്കാനായി ശരീരം പ്രകടിപ്പിക്കുന്ന ലക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

Latest Videos

നെഞ്ചില്‍...

നെഞ്ചിന്‍റെ നടുഭാഗത്തായോ അല്ലെങ്കില്‍ വശത്തായോ അസ്വസ്ഥത- അതുപോലെ വേദന അനുഭവപ്പെടുന്നുവെങ്കില്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം, കാരണം ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങളെ സൂചിപ്പിക്കുന്നതാകാം. വേദനയും മുറുക്കവും നെഞ്ചില്‍ നിന്ന് കൈകളിലേക്കും നടുഭാഗത്തേക്കുമെല്ലാം പടരുന്നുവെങ്കിലും കരുതണം. ഇതെല്ലാം ഹൃദയം പ്രശ്നത്തിലാണെന്നതിന്‍റെ പ്രധാന ലക്ഷണങ്ങളാണ്. രോഗിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയാണ് ഈ ഘട്ടത്തില്‍ വേണ്ടത്. 

ശ്വാസം...

ശ്വാസതടസമുണ്ടാകുന്നതും ഹൃദയം പ്രശ്നത്തിലാണെന്നതിന്‍റെ സൂചനയാകാം. ശ്വാസകോശസംബന്ധമായ അസുഖങ്ങളിലോ പ്രശ്നങ്ങളിലോ ഇതുപോലെ ശ്വാസതടസമുണ്ടാകാം. എന്നാല്‍ ഇതനുഭവപ്പെട്ടാല്‍ വച്ചുതാമസിപ്പിക്കാതെ ആശുപത്രിയിലെത്തി വേണ്ട പരിശോധന നടത്തുകയാണ് വേണ്ടത്. 

നെഞ്ചിടിപ്പ്..

നെഞ്ചിടിപ്പില്‍ വ്യതിയാനം കാണുന്നതും ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ സൂചനയാകാം. ഇതും കാണുന്നപക്ഷം തന്നെ ആശുപത്രിയിലേക്ക് പോയി പരിശോധന നടത്തേണ്ടതാണ്. 

തളര്‍ച്ച

പല ആരോഗ്യപ്രശ്നങ്ങളുടെയും അസുഖങ്ങളുടെയും ഭാഗമായി തളര്‍ച്ചയുണ്ടാകാം. ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടെങ്കിലും ഇതുപോലെ തളര്‍ച്ച തോന്നാം. അസഹനീയമായ തളര്‍ച്ച അനുഭവപ്പെട്ടാല്‍ കാത്തുനില്‍ക്കാതെ ആശുപത്രിയിലേക്ക് തിരിക്കുകയാണ് നല്ലത്. 

നീര്...

കാലില്‍ നീര് കാണപ്പെടുന്ന അവസ്ഥയും പല രോഗങ്ങളുടെയും ഭാഗമായി ഉണ്ടാകുന്നതാണ്. ഇതും ഹൃദയം പ്രശ്നത്തിലാണെന്നതിനെയും സൂചിപ്പിക്കാറുണ്ട്. കാല്‍, കാല്‍പാദങ്ങള്‍ അതുപോലെ അടിവയര്‍ എന്നിവിടങ്ങളിലെ നീരാണ് ശ്രദ്ധിക്കേണ്ടത്. വളരെ പെട്ടെന്ന് തന്നെ രോഗിയെ ആശുപത്രിയിലെത്തിക്കേണ്ട അവസ്ഥയാണിത്. 

Also Read:- മദ്യപാനം നിര്‍ത്തുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന 'പോസിറ്റീവ്' ആയ മാറ്റങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

tags
click me!