വ്യായാമത്തിനിടെ യുവതി ഫ്‌ളാറ്റില്‍ നിന്ന് വീണുമരിച്ച സംഭവം; അറിയേണ്ട ചിലത്...

By Web Team  |  First Published Aug 6, 2021, 10:15 AM IST

എറണാകുളം സൗത്തിലുള്ള ഫ്‌ളാറ്റില്‍ സഹോദരനൊപ്പം വ്യായാമം ചെയ്യുകയായിരുന്നു ഐറിന്‍. ഇതിനിടെ അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നുവെന്നാണ് വിവരം. എട്ടാം നിലയിലെ ഷീറ്റിന് മുകളിലേക്കാണ് ആദ്യം വീണത്. പിന്നീട് താഴെ കാര്‍ പാര്‍ക്കിംഗ് ഏരിയയുടെ റൂഫിലേക്ക് വീഴുകയും അത് തകര്‍ന്ന് സൈഡി ഭിത്തിയിലിടിച്ച ശേഷം തറയിലേക്ക് പതിക്കുകയുമായിരുന്നു


വ്യായാമം ചെയ്യുന്നതിനിടെ ഫ്‌ളാറ്റിന്റെ പത്താംനിലയിലെ ടെറസില്‍ നിന്ന് യുവതി വീണുമരിച്ച വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് നാം കേട്ടത്. തൃശൂര്‍ ചാലക്കുടി സ്വദേശിയായ ഐറിന്‍ എന്ന പതിനെട്ടുകാരിയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. 

എറണാകുളം സൗത്തിലുള്ള ഫ്‌ളാറ്റില്‍ സഹോദരനൊപ്പം വ്യായാമം ചെയ്യുകയായിരുന്നു ഐറിന്‍. ഇതിനിടെ അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നുവെന്നാണ് വിവരം. എട്ടാം നിലയിലെ ഷീറ്റിന് മുകളിലേക്കാണ് ആദ്യം വീണത്. പിന്നീട് താഴെ കാര്‍ പാര്‍ക്കിംഗ് ഏരിയയുടെ റൂഫിലേക്ക് വീഴുകയും അത് തകര്‍ന്ന് സൈഡി ഭിത്തിയിലിടിച്ച ശേഷം തറയിലേക്ക് പതിക്കുകയുമായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുമ്പായി തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. 

Latest Videos

undefined

ഐറിനും സഹോദരനും പതിവായി ടെറസില്‍ വ്യായാമം ചെയ്യാറുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് ലഭിക്കുന്ന സൂചന. എന്നിട്ടും എങ്ങനെയാണ് അപകടം നടന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല. പെണ്‍കുട്ടിയുടെ മരണമൊഴിയും സഹോദരന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം ഇനിയും വ്യക്തമായിട്ടില്ലെങ്കില്‍ പോലും വളരെയധികം പ്രാധാന്യമുള്ളൊരു വിഷയത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. 

 


ഫ്‌ളാറ്റുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലും താമസിക്കുന്നവരില്‍ മിക്കവരും ഇത്തരത്തില്‍ ബാല്‍ക്കണിയിലും ടെറസിലുമെല്ലാമായാണ് പതിവായി വ്യായാമം ചെയ്യാറ്. ശ്രദ്ധിച്ചില്ലെങ്കില്‍ ഇത് ജീവന്‍ വരെ അപകടത്തിലാക്കിയേക്കാം. അതിനാല്‍ ഉയരമുള്ള സ്ഥലങ്ങളില്‍, പ്രത്യേകിച്ച് ബാല്‍ക്കണികളിലോ ടെറസിലോ വ്യായാമം ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളെ കുറിച്ചാണ് ഇനി സൂചിപ്പിക്കുന്നത്. 

ഒന്ന്...

ബാല്‍ക്കണി ആയാലും ടെറസ് ആയാലും മിക്കവാറും അരയാള്‍ പൊക്കത്തിലുള്ള മതിലുകളോ കൈവരിയോ മാത്രമേ സുരക്ഷയ്ക്കായി കാണൂ. ഇത്തരം സ്ഥലങ്ങളൊന്നും തന്നെ വ്യായാമത്തിനായി തെരഞ്ഞെടുക്കാതിരിക്കുക. തികഞ്ഞ ആരോഗ്യത്തോടെയിരിക്കുന്നവര്‍ക്ക് പോലും അപ്രതീക്ഷിതമായി ഏതെങ്കിലും തരത്തിലുള്ള ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടേക്കാം. ഇത്തരം കാര്യങ്ങളെല്ലാം നേരത്തേ തന്നെ കണക്കിലെടുക്കേണ്ടതുണ്ട്. 

രണ്ട്...

മഴക്കാലത്ത് വ്യായാമത്തിനായി ഉയരമുള്ള സ്ഥലങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. വിശാലമായ ഏരിയ അല്ല എന്നുണ്ടെങ്കില്‍ മഴക്കാലത്ത് വ്യായാമം അകത്തുതന്നെ ചെയ്തുതീര്‍ക്കുക. സിമന്റ് തറയോ, ടെയിലോ ഒക്കെയാണെങ്കിലും മഴത്താലത്ത് തെന്നിപ്പോകാനുള്ള സാധ്യത ഏറെയാണ്. 

മൂന്ന്...

പറയത്തക്ക ആരോഗ്യപ്രശ്‌നങ്ങളോ അസുഖങ്ങളോ ഒന്നുമില്ലാത്തവരാണെങ്കില്‍ കൂടി തളര്‍ച്ചയോ ക്ഷീണമോ തോന്നിയാല്‍ വ്യായാമം പരിപൂര്‍ണമായും ഒഴിവാക്കുക. പ്രത്യേകിച്ച് ഇത്തരത്തില്‍ അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍. 

 

 

നടപ്പ്, സൈക്ലിംഗ്, നീന്തല്‍ തുടങ്ങി ഏത് തരത്തിലുള്ള വ്യായാമമാണെങ്കിലും ക്ഷീണമോ അസ്വസ്ഥതയോ തോന്നിയാല്‍ അത് മാനസികമായിട്ടാണെങ്കില്‍ പോലും പരിപൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. 

നാല്...

ഡയറ്റ് കൃത്യമല്ലാതെ വ്യായാമം ചെയ്യുന്നത് ശരീരത്തിന് ഗുണം ചെയ്യില്ലെന്ന് മാത്രമല്ല, ദോഷവും ചെയ്യാം. ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം എപ്പോഴും ലഭിക്കേണ്ടതുണ്്. വ്യായാമം ചെയ്യാനും ഊര്‍ജ്ജം ആവശ്യമാണ്. അതിനാല്‍ തന്നെ ഭക്ഷണം കഴിക്കാതെയുള്ള ഡയറ്റും ഒപ്പം വര്‍ക്കൗട്ടും ശ്രമിക്കാതിരിക്കുക. അതും അപകടം വിളിച്ചുവരുത്തുകയേ ഉള്ളൂ. 

അഞ്ച്...

ഏതെങ്കിലും തരത്തിലുള്ള മരുന്നുകള്‍ കഴിക്കുന്നവരാണെങ്കില്‍ വ്യായാമം ചെയ്യുന്നത് സംബന്ധിച്ച് ഡോക്ടറോട് കൃത്യമായ നിര്‍ദേശം തേടുക. കാരണം, മരുന്നുകള്‍ ശരീരത്തിന് പുറത്തുനിന്ന് വരുന്ന ഘടകമാണ്. ഇത് ശരീരത്തിനകത്ത് വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് എല്ലായ്‌പോഴും നമുക്ക് ധാരണ ഉണ്ടാകണമെന്നില്ല. അതിനാല്‍ ഇക്കാര്യം ഡോക്ടറോട് തന്നെ ചോദിച്ച് ഉറപ്പുവരുത്തുക. 

Also Read:- വർക്കൗട്ട് വീഡിയോയുമായി സൂസന്‍ ഖാന്‍; ഗോസിപ്പുകൾക്കിടെ കമന്‍റുമായി താരം

click me!