ശരിയായ ഭക്ഷണക്രമം, വ്യായാമം, ഉറക്കം, സജീവമായ ജീവിതശൈലി എന്നിവയിലൂടെ വൈറസിനെ ഫലപ്രദമായി നേരിടാൻ നമ്മുടെ ശരീരത്തെ സജ്ജമാക്കേണ്ട സമയമാണിത്.
കൊവിഡിന്റെ മൂന്നാം തരംഗത്തിന്റെ ഭീതിയിലാണ് ലോകം. രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം തുടങ്ങിയെന്ന് കൊവിഡ് ടാസ്ക് ഫോഴ്സ് തലവൻ എൻ എൻ അറോറ വ്യക്തമാക്കിയിരുന്നു. മെട്രോ നഗരങ്ങളിലെ 75% കേസുകളും ഒമിക്രോണാണെന്നും (Omicron) അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തുടനീളമുള്ള ഒമിക്രോൺ കേസുകളുടെ കുത്തനെയുള്ള വർദ്ധനവിന് ഇടയിൽ പൂർണ്ണമായും വാക്സിനേഷൻ എടുക്കുകയും ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നതാണ് വൈറസുകൾക്കെതിരായ രണ്ട് പ്രധാന പ്രതിരോധ മാർഗങ്ങൾ.
ശരിയായ ഭക്ഷണക്രമം, വ്യായാമം, ഉറക്കം, സജീവമായ ജീവിതശൈലി എന്നിവയിലൂടെ വൈറസിനെ ഫലപ്രദമായി നേരിടാൻ നമ്മുടെ ശരീരത്തെ സജ്ജമാക്കേണ്ട സമയമാണിത്. വൈറസ് ബാധിച്ച കോശങ്ങളെ ലക്ഷ്യമാക്കി നശിപ്പിക്കുന്നതിലും നമുക്ക് സംരക്ഷണം നൽകുന്നതിലും നമ്മുടെ പ്രതിരോധ സേനയുടെ ടി-സെല്ലുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
കൊവിഡ് 19 ന്റെ പുതിയ സമ്മർദ്ദങ്ങളെ ചെറുക്കുന്നതിൽ അവരുടെ പങ്ക് ആന്റിബോഡികളേക്കാൾ ഫലപ്രദമാണെന്ന് കണ്ടെത്തി. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് പ്രധാനമായി അഞ്ച് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് വെൽനസ് വിദഗ്ധനും ലൈഫ് കോച്ചുമായ ലൂക്ക് കുട്ടീഞ്ഞോ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
വിറ്റാമിൻ ഡിയുടെ പങ്ക്...
വിറ്റാമിൻ ഡി രോഗപ്രതിരോധ സംവിധാനത്തിലെ കോശങ്ങളിൽ ധാരാളം സ്വാധീനം ചെലുത്തുന്നു. വിറ്റാമിൻ ഡിയുടെ കുറവ് അണുബാധയ്ക്കുള്ള സാധ്യത വർദ്ധിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രതിരോധ പ്രവർത്തനത്തിനും പ്രതിരോധത്തിനും വീണ്ടെടുക്കലിനും വിറ്റാമിൻ ഡി അത്യന്താപേക്ഷിതമാണെന്നും ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കേണ്ടത് പ്രധാനമാണെന്നും കുട്ടീഞ്ഞോ പറഞ്ഞു.
ഉറക്കം പ്രധാനം...
ഉറക്കക്കുറവ് രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കും. നല്ല ഉറക്കമോ മതിയായ ഉറക്കമോ ലഭിക്കാത്ത ആളുകൾക്ക് ജലദോഷം പോലുള്ള ഒരു വൈറസ് ബാധിച്ചതിന് ശേഷം അസുഖം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ കാണിക്കുന്നു. ഉറക്കമില്ലായ്മ രോഗപ്രതിരോധ പ്രതികരണത്തെ എങ്ങനെ കുറയ്ക്കുന്നു, വീക്കം വർദ്ധിപ്പിക്കുന്നു, അണുബാധകൾ, വൈറസുകൾ തുടങ്ങിയവയെ ക്ഷണിച്ചുവരുത്തുന്നത് എങ്ങനെയെന്ന് മനസിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വ്യായാമം ചെയ്യുക, നന്നായി ഭക്ഷണം കഴിക്കുക...
വ്യായാമം ചെയ്യുക, നന്നായി ഭക്ഷണം കഴിക്കുക എന്നിവയാണ് പ്രതിരോധശേഷി ഉയർത്തുന്നതിനുള്ള വളരെ ലളിതവും എന്നാൽ ഫലപ്രദവുമായ മറ്റ് ചില വഴികൾ. വെളുത്തുള്ളി, ഇഞ്ചി, മഞ്ഞൾ, തേൻ, തുളസി, കുരുമുളക്, നെല്ലിക്ക, എന്നിവയ്‌ക്കൊപ്പം നല്ല ആരോഗ്യത്തിനായി വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങളും സിങ്ക് അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുന്നത് നല്ലതാണെന്നും കുട്ടീഞ്ഞോ പറഞ്ഞു.
ശ്വസന വ്യായാമങ്ങൾ...
ശരീരത്തിൽ ഒക്സിജൻ അളവ് കുറയാതിരിക്കാൻ ചില ശ്വസന വ്യായമങ്ങൾ സഹായിക്കും. കൊവിഡ് പോസിറ്റീവ് ആയവർക്കും മറ്റുള്ളവർക്കും ഒരുപോലെ ചെയ്യാൻ കഴിയുന്നതും ഗുണകരവുമാണ് ഈ വ്യായമങ്ങൾ. പോസിറ്റീവ് ആയ രോഗികൾ തുടക്കം മുതൽ തന്നെ ഇത്തരം ശ്വാസന വ്യായാമങ്ങൾ ചെയ്ത് തുടങ്ങിയാൽ ഒരു പരിധി വരെ ഒക്സിജൻ അളവ് കുറയുന്നത് പരിഹരിക്കാൻ സാധിക്കും.
ധാരാളം വെള്ളം കുടിക്കൂ...
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് കാപ്പിയും ചായയും മാത്രമല്ല, ധാരാളം വെള്ളം കുടിക്കാനും അദ്ദേഹം പറയുന്നു. ശുദ്ധീകരിച്ച പഞ്ചസാര, മാവ്, സംസ്കരിച്ചതും ഭക്ഷണങ്ങളും ജങ്ക് ഫുഡും ശീതള പാനീയങ്ങളും ഉപേക്ഷിക്കാനും കുട്ടീഞ്ഞോ ആവശ്യപ്പെടുന്നു.
കൊവിഡ് മൂന്നാം തരംഗം; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ