Covid 19 India : 'കൊവിഡ് കേസുകളില്‍ കൂടിവരുന്ന രണ്ട് ലക്ഷണങ്ങള്‍'

By Web Team  |  First Published May 2, 2022, 5:35 PM IST

'ഒമിക്രോണ്‍' എന്ന വൈറസ് വകഭേദത്തിന്റെ ഉപവകഭേദങ്ങളാണ് നിലവില്‍ കാര്യമായി രോഗവ്യാപനം നടത്തുന്നത്. രാജ്യത്ത് അതിശക്തമായ രണ്ടാം തരംഗം സൃഷ്ടിച്ച ഡെല്‍റ്റ എന്ന വകഭേദത്തെക്കാളും മൂന്നിരട്ടിയിലധികം വേഗതയില്‍ രോഗവ്യാപനം നടത്താന്‍ കഴിയുമെന്നതായിരുന്നു ഒമിക്രോണിന്റെ സവിശേഷത


ഒരിടവേളയ്ക്ക് ശേഷം വീണ്ടും രാജ്യത്ത് കൊവിഡ് കേസുകള്‍ ( Covid 19 India ) വര്‍ധിച്ചുവരികയാണ്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ ( Booster dose Vaccine ) ലഭ്യമാണെങ്കില്‍ പോലും പുതിയ വൈറസ് വകഭേദങ്ങള്‍ ഈ പ്രതിരോധവലയങ്ങളെല്ലാം ഭേദിച്ച് കൂടുതല്‍ രോഗികളെ സൃഷ്ടിക്കുകയാണ്. 

'ഒമിക്രോണ്‍' എന്ന വൈറസ് വകഭേദത്തിന്റെ ഉപവകഭേദങ്ങളാണ് നിലവില്‍ കാര്യമായി രോഗവ്യാപനം നടത്തുന്നത്. രാജ്യത്ത് അതിശക്തമായ രണ്ടാം തരംഗം സൃഷ്ടിച്ച ഡെല്‍റ്റ എന്ന വകഭേദത്തെക്കാളും മൂന്നിരട്ടിയിലധികം വേഗതയില്‍ രോഗവ്യാപനം നടത്താന്‍ കഴിയുമെന്നതായിരുന്നു ഒമിക്രോണിന്റെ സവിശേഷത. 

Latest Videos

undefined

ഇതിനെക്കാള്‍ വേഗതയില്‍ രോഗവ്യാപനം നടത്താന്‍ ഇതിന്റെ ഉപവകഭേദങ്ങള്‍ക്കും കഴിയും. ഇവയില്‍ ഏറ്റവും പുതിയ ഉപവകഭേദങ്ങളാകട്ടെ, നേരത്തേ കൊവിഡ് ബാധിക്കപ്പെട്ടവരില്‍ ഇതുമൂലം ആര്‍ജ്ജിച്ചെടുക്കുന്ന പ്രതിരോധശക്തിയെ പോലും അതിജീവിച്ച് വീണ്ടും ശരീരത്തിലേക്ക് പ്രവേശിക്കാന്‍ കഴിവുള്ളതാണെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 

ഈ രീതിയില്‍ രോഗവ്യാപനം തുടരുകയാണെങ്കില്‍ രാജ്യത്ത് വൈകാതെ തന്നെ നാലാം തരംഗം വന്നേക്കുമെന്നാണ് സൂചന. ഇപ്പോഴാണെങ്കില്‍ കൊവിഡ് രോഗികളില്‍ പനി, ചുമ, തൊണ്ടവേദന, ശരീരവേദന എന്നീ ലക്ഷണങ്ങള്‍ക്കൊപ്പം തന്നെ വയറുവേദനയും വയറിളക്കവും വ്യാപകമാകുന്നുവെന്നാണ് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്. 

രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകള്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒരു നഗരം ദില്ലിയാണ്. ദില്ലിയില്‍ നിന്നുള്ള ഡോക്ടര്‍മാരാണ് ഈ നിരീക്ഷണം പങ്കുവയ്ക്കുന്നത്. ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ 20 ശതമാനം പേരിലെങ്കിലും വയറുവേദനയും വയറിളക്കവും പ്രധാന ലക്ഷണമായി കാണുന്നുണ്ടത്രേ. 

'ആശുപത്രികളിലോ ലാബുകളിലോ എത്തുന്ന കേസുകളിലെ കാര്യം മാത്രമാണിത്. യഥാര്‍ത്ഥത്തില്‍ ഈ കണക്ക് കൂടുതലായിരിക്കും. പലരും പരിശോധന നടത്താതിരിക്കുന്നു എന്നതാണ് സത്യം. ചില രോഗികളില്‍ കൊവിഡ് ലക്ഷണമായി ആകെ കാണുന്നത് പോലും വയറിളക്കമാണ്. കുട്ടികളിലാണ് ഇത് കൂടുതലായും കാണുന്നത്. ഏതുതരം വൈറല്‍ അണുബാധയാണെങ്കിലും കുട്ടികളില്‍ വയറിളക്കം വരാം....'- ദില്ലി അപ്പോളോ ആശുപത്രിയില്‍ നിന്നുള്ള ഡോ. നിഖില്‍ മോഡി പറയുന്നു. 

വയറുവേദന, ഇടവിട്ട് മലവിസര്‍ജ്ജനം, വെള്ളം പോലെ മലം പോകുന്ന അവസ്ഥ എന്നീ പ്രശ്‌നങ്ങളാണ് കൊവിഡ് രോഗികളില്‍ കൂടിവരുന്നത്. ഒമിക്രോണും അതിന്റെ ഉപവകഭേദങ്ങളും തന്നെയാണ് ഈ ലക്ഷണങ്ങളിലെ മാറ്റത്തിനും കാരണമാകുന്നതെന്നാണ് ഡോക്ടര്‍മാര്‍ സൂചിപ്പിക്കുന്നത്. 

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വരെ, അതായത് മൂന്നാം തരംഗത്തില്‍ ഈ ലക്ഷണങ്ങള്‍ രോഗികളില്‍ ഇത്രമാത്രം കണ്ടിരുന്നില്ലെന്നും ഇപ്പോഴാണിത് വര്‍ധിച്ചിരിക്കുന്നതെന്നും മുംബൈയില്‍ നിന്നുള്ള ഡോ. സിദ്ധാര്‍ത്ഥ് ലളിത് കുമാറും പറയുന്നു. ദില്ലിക്കൊപ്പം തന്നെ രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന മറ്റൊരു പ്രധാന നഗരമാണ് മുംബൈ.

Also Read:- രാജ്യത്ത് നിലവിൽ കൊവിഡ് നാലാം തരംഗമില്ലെന്ന് ഐസിഎംആര്‍

 

ഒമിക്രോണിന്റെ ഉപവകഭേദങ്ങള്‍ പുതിയ കൊവിഡ് തരംഗത്തിന് കാരണമാകുമോ?... കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധികളില്‍ നിന്ന് നാമിനിയും പൂര്‍ണമായും കരകയറിയിട്ടില്ല. ആദ്യഘട്ടത്തേതില്‍ നിന്ന് വ്യത്യസ്തമായി വാക്സിനെത്തിയെങ്കിലും ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങള്‍ പലവിധത്തിലുള്ള വെല്ലുവിളികളാണ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ ആദ്യതരംഗത്തില്‍ നിന്ന് തീര്‍ത്തും മാറി അതിശക്തമായ രീതിയിലാണ് രണ്ടാംതരംഗമെത്തിയത്. 'ഡെല്‍റ്റ' എന്ന വൈറസ് വകഭേദമായിരുന്നു ഇതിന് കാരണമായത്. രോഗവ്യാപന ശേഷി കൂടുതലായതിനാലാണ് 'ഡെല്‍റ്റ' ശക്തമായ തരംഗത്തിന് കാരണമായത്...Read More...

click me!