മുപ്പത് വയസ് കഴിഞ്ഞവരില്‍ കാണുന്ന പ്രമേഹ ലക്ഷണങ്ങള്‍...

By Web TeamFirst Published Jan 15, 2024, 1:12 PM IST
Highlights

പ്രമേഹം അല്ലെങ്കില്‍ ഷുഗര്‍ ഇത്തരത്തില്‍ ആളുകള്‍ ഇന്ന് ഏറെ ആശങ്കയോടെ നോക്കുന്നൊരു ജീവിതശൈലീരോഗമാണ്. ഷുഗറുണ്ടെങ്കില്‍ അത് ഹൃദയത്തിന് അടക്കം പല അവയവങ്ങള്‍ക്കും ഭീഷണിയാണ്

പ്രമേഹം അടക്കമുള്ള ജീവിതശൈലീരോഗങ്ങള്‍ എത്രത്തോളം ആരോഗ്യത്തിന് ഭീഷണിയാണ് എന്നത് ഇന്ന് മിക്കവരും മനസിലാക്കുന്നുണ്ട്. മുൻകാലങ്ങളില്‍ ജീവിതശൈലീരോഗങ്ങളെ നിസാരമായാണ് ആളുകള്‍ കണക്കാക്കിയിരുന്നത്. എന്നാല്‍ ജീവൻ തന്നെ നഷ്ടപ്പെടുന്ന തരത്തില്‍ രോഗങ്ങളിലേക്കും ആരോഗ്യപ്രശ്നങ്ങളിലേക്കും നമ്മെ നയിക്കാൻ ജീവിതശൈലീരോഗങ്ങള്‍ക്ക് സാധിക്കുമെന്ന തിരിച്ചറിവ് ആളുകളുടെ സങ്കല്‍പങ്ങളെ തന്നെ ഇപ്പോള്‍ മാറ്റിയിരിക്കുന്നു. 

പ്രമേഹം അല്ലെങ്കില്‍ ഷുഗര്‍ ഇത്തരത്തില്‍ ആളുകള്‍ ഇന്ന് ഏറെ ആശങ്കയോടെ നോക്കുന്നൊരു ജീവിതശൈലീരോഗമാണ്. ഷുഗറുണ്ടെങ്കില്‍ അത് ഹൃദയത്തിന് അടക്കം പല അവയവങ്ങള്‍ക്കും ഭീഷണിയാണ്. ഷുഗര്‍ നിയന്ത്രിക്കാനായില്ലെങ്കില്‍ അത് ജീവിതത്തിന്‍റെ ഗുണനിലവാരം ഒറ്റയടിക്ക് തന്നെ കവര്‍ന്നേക്കാം. 

Latest Videos

പ്രമേഹമാണെങ്കില്‍ ബാധിക്കുന്ന ആദ്യഘട്ടങ്ങളില്‍ അതിനെ സൂചിപ്പിക്കാൻ തക്ക ലക്ഷണങ്ങള്‍ ശരീരം പ്രകടിപ്പിക്കണമെന്നില്ല. എങ്കിലും ആരോഗ്യകാര്യങ്ങളില്‍ വരുന്ന ചില മാറ്റങ്ങള്‍ നിരീക്ഷിച്ച് പരിശോധന നടത്തിയാല്‍ പ്രമേഹം ആദ്യമേ തന്നെ തിരിച്ചറിയാൻ സാധിക്കും. 

അധികവും പ്രായമായവരിലാണ് പ്രമേഹം കാര്യമായി പിടിപെടാറുള്ളത്. എങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ ചെറുപ്പക്കാരിലും പ്രമേഹസാധ്യത വളരെ കൂടുതലാണ്. മോശം ജീവിതസാഹചര്യങ്ങള്‍ തന്നെ ഇവിടെ വില്ലനായി വരുന്നത്. അതിനാല്‍ മുപ്പത് വയസ് കഴിഞ്ഞവരെല്ലാം തന്നെ പ്രമേഹത്തിന്‍റെ കാര്യത്തില്‍ ജാഗ്രത പാലിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് നഗരങ്ങളില്‍ ജോലി ചെയ്ത് ജീവിക്കുന്നവര്‍. ഇത്തരത്തില്‍ മുപ്പത് കടന്നവരില്‍ കണ്ടേക്കാവുന്ന പ്രമേഹലക്ഷണങ്ങളെ കുറിച്ചാണിനി വിശദീകരിക്കുന്നത്. ഈ പ്രായത്തില്‍ പ്രമേഹം വരുന്നതിന്‍റെ സാധ്യതയെ കുറിച്ച് അധികപേരും ചിന്തിക്കാത്തത് കൊണ്ടുതന്നെ ഈ ലക്ഷണങ്ങളെയും സമയത്തിന് തിരിച്ചറിയണമെന്നോ മനസിലാക്കണമെന്നോ ഇല്ല.

പ്രമേഹത്തിന്‍റെ സാധാരണ ലക്ഷണങ്ങളില്‍ നിന്ന് വ്യത്യസ്തമായും, വ്യത്യസ്തമായ രീതിയിലും ചെറുപ്പക്കാരില്‍ പ്രമേഹലക്ഷണങ്ങള്‍ കാണാറുണ്ട്. ഇതിലൊന്നാണ് കൂടെക്കൂടെ വരുന്ന അണുബാധകള്‍. പ്രമേഹം ബാധിച്ചുകഴിഞ്ഞാല്‍ അണുബാധകളെ ചെറുക്കുന്നതിനുള്ള ശരീരത്തിന്‍റെ കഴിവ് ക്ഷയിക്കുന്നത് മൂലമാണിങ്ങനെ സംഭവിക്കുന്നത്. യീസ്റ്റ് ഇൻഫെക്ഷൻ, പ്രത്യേകിച്ച് സ്ത്രീകളില്‍- ഇടയ്ക്കിടെ വരാം. 

ഭക്ഷണം കഴിച്ചതിന് പിന്നാലെ അമിതമായ ദാഹം അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. പ്രമേഹമുണ്ടെന്ന് തിരിച്ചറിയാതെ പോകുന്നവര്‍ക്ക് തിരിച്ചറിയാൻ സഹായിക്കുന്ന സുപ്രധാന ലക്ഷണമാണ് അമിതമായ ദാഹവും ഇടവിട്ടുള്ള മൂത്രശങ്കയും. രക്തത്തിലെ അധികമായ ഷുഗര്‍ മൂത്രത്തിലൂടെ പുറന്തള്ളുന്നതിനാലാണ് ഇടവിട്ട് മൂത്രശങ്കയുണ്ടാകുന്നതും ദാഹം അധികമാകുന്നതും.

ചുരുങ്ങിയ സമയത്തിനുള്ളില്‍ കാര്യമായി വണ്ണം കൂടിവരുന്നുണ്ടെങ്കിലും കുറയുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം, ഇതും പ്രമേഹത്തിന്‍റെ സൂചനയാകാം. വിശപ്പ് അമിതമായി അനുഭവപ്പെടുന്നതും ഒരു ലക്ഷ്ണമാകാം. എന്നാല്‍ വിശപ്പ് കൂടുതലുണ്ടെങ്കിലും ഇത് വണ്ണം കൂട്ടുന്നുമില്ല എങ്കില്‍ കൂടുതല്‍ കരുതലെടുക്കുക. പ്രമേഹപരിശോധന ആദ്യമേ തന്നെ നടത്തുക. 

അതുപോലെ തൊലിപ്പുറത്ത് കറുത്ത നിറത്തില്‍ അല്‍പം തിളക്കമുള്ള രീതിയില്‍ തീരെ ചെറിയ പാടുകളോ കുത്തുകളോ കാണുന്നതും പ്രമേഹ ലക്ഷണമാകാറുണ്ട്. ഇത് ശരീരത്തിന്‍റെ മടക്കുകള്‍ വരുന്ന ഭാഗങ്ങളിലാണ് പ്രധാനമായും കാണുക. തൊലിപ്പുറത്ത് ചൊറിച്ചില്‍, അതുപോലെ തൊലി വല്ലാതെ ഡ്രൈ ആകുന്ന അവസ്ഥയും പ്രമേഹലക്ഷണമായി കാണുന്ന പ്രശ്നങ്ങളാണ്. 

പ്രമേഹം കണ്ണുകളെയും ബാധിക്കുമെന്ന് ഏവര്‍ക്കുമറിയാം. ഇത്തരത്തില്‍ പ്രമേഹം തിരിച്ചറിയാതെ മുന്നോട്ട് പോകുന്നവരില്‍ കാഴ്ച മങ്ങലുണ്ടാകാം. അതിനാല്‍ കാഴ്ചാസംബന്ധമായ പ്രശ്നങ്ങള്‍ നേരിട്ടാലും ആശുപത്രിയിലെത്തി പരിശോധന നടത്തേണ്ടത് നിര്‍ബന്ധമാണ്.

കാല്‍പാദങ്ങളിലെ വേദന, മരവിപ്പ് എന്നീ പ്രശ്നങ്ങളും പ്രമേഹത്തില്‍ കാണാം. ഇങ്ങനെ കണ്ടാലും പ്രമേഹപരിശോധന നടത്തുന്നത് നല്ലതാണ്. അതുപോലെ വായ്‍നാറ്റവും ചിലരില്‍ പ്രമേഹത്തിന്‍റെ ലക്ഷണമായി വരാറുണ്ട്. വായ ശുചിയായി സൂക്ഷിച്ചിട്ടും വായ്‍നാറ്റം തുടരുന്നുണ്ടെങ്കില്‍ പ്രമേഹ പരിശോധന നടത്തിനോക്കുക. 

പതിവായി ഉറക്കപ്രശ്നങ്ങള്‍ നേരിടുന്നവരും പ്രമേഹ പരിശോധന നടത്തുന്നത് നല്ലതാണ്. കാരണം പ്രമേഹം, പ്രത്യേകിച്ചും ചെറുപ്പക്കാരില്‍ ഉറക്കമില്ലായ്മയ്ക്ക് കാരണമാകും. 

Also Read:- ആമാശയത്തിലെ 'അള്‍സര്‍'; ഈ ലക്ഷണങ്ങള്‍ നേരത്തേ തിരിച്ചറിയുക...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!