2020 ജനുവരിയിലാണ് രാജ്യത്ത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങുന്നത്. ഇത് സെപ്തംബറോടെ മൂര്‍ദ്ധന്യാവസ്ഥയിലെത്തി. ഇത്രയുമാണ് ആദ്യതരംഗമായി കണക്കാക്കപ്പെടുന്നത്. ശേഷം 2021 ഫെബ്രുവരി മുതലാണ് രണ്ടാം തരംഗം സംഭവിക്കുന്നത്. ഇത് ആദ്യതരംഗത്തെക്കാള്‍ എന്തുകൊണ്ടും രൂക്ഷമായിരുന്നു
കൊവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗം രാജ്യത്ത് അവസാനിച്ചുവരികയാണ്. ഇതിനോടകം തന്നെ മൂന്നാം തരംഗത്തിനുള്ള സാധ്യതകള്‍ വിലയിരുത്തപ്പെട്ട് കഴിഞ്ഞിരിക്കുന്നു. അധികം വൈകാതെ തന്നെ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗവും സംഭവിക്കുമെന്നാണ് റിപ്പോര്‍ട്ടുകളെല്ലാം ചൂണ്ടിക്കാട്ടുന്നത്.
കൊവിഡ് രണ്ടാം തരംഗം പോലെ രൂക്ഷമാകുമോ മൂന്നാം തരംഗവും എന്നാണ് മിക്കവരുടെയും ആശങ്ക. എന്നാല്‍ ഇതിന് സാധ്യതകള്‍ കുറവാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിലയിരുത്തലുകള്‍. അതായത്, കൊവിഡ് മൂന്നാം തരംഗം രണ്ടാം തരംഗത്തോളം രൂക്ഷമാകാനുള്ള സാധ്യതകളില്ലെന്നാണ് നിലവില്‍ ഉള്ള പ്രതീക്ഷ.
undefined
2020 ജനുവരിയിലാണ് രാജ്യത്ത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങുന്നത്. ഇത് സെപ്തംബറോടെ മൂര്‍ദ്ധന്യാവസ്ഥയിലെത്തി. ഇത്രയുമാണ് ആദ്യതരംഗമായി കണക്കാക്കപ്പെടുന്നത്. ശേഷം 2021 ഫെബ്രുവരി മുതലാണ് രണ്ടാം തരംഗം സംഭവിക്കുന്നത്. ഇത് ആദ്യതരംഗത്തെക്കാള്‍ എന്തുകൊണ്ടും രൂക്ഷമായിരുന്നു.
ജനിതകമാറ്റങ്ങള്‍ സംഭവിച്ച വൈറസ് (ഡെല്‍റ്റ) രോഗവ്യാപനം ഇരട്ടിയാക്കി വര്‍ധിപ്പിച്ചതോടെയാണ് രണ്ടാം തരംഗം രൂക്ഷമായത്. രോഗികളുടെ എണ്ണം കുത്തനെ വര്‍ധിച്ചതോടെ ആരോഗ്യമേഖലയില്‍ നേരിട്ട പ്രതിസന്ധികള്‍ മൂലം തന്നെ ഉണ്ടായ നഷ്ടം നിരവധിയാണ്.
അതേസമയം മൂന്നാം തരംഗമാകുമ്പോഴേക്ക് രാജ്യത്ത് വാക്‌സിനേഷന്‍ ലഭിച്ചവരുടെ എണ്ണവും, ഇതുവരെ രോഗം ബാധിച്ച് അതിലൂടെ പ്രതിരോധശേഷി അല്‍പമെങ്കിലും ആര്‍ജ്ജിച്ചെടുത്തവരുടെ എണ്ണവുമെല്ലാം കൂടുതലായിരിക്കും. അപ്പോള്‍ അതിനനുസരിച്ച് വൈറസില്‍ മാറ്റങ്ങള്‍ വരികയും അത്രമാത്രം അപകടകരമായ രീതിയില്‍ രോഗവ്യാപനം വര്‍ധിപ്പിക്കുന്ന അളവിലേക്ക് അവ പെട്ടെന്ന് തന്നെ എത്തുകയും ചെയ്താല്‍ മാത്രമേ രണ്ടാം തരംഗത്തെക്കാള്‍ രൂക്ഷമാകാന്‍ മൂന്നാം തരംഗത്തിന് സാധിക്കൂ എന്നാണ് വിലയിരുത്തല്‍.
ഐസിഎംആറും (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) ഇംപീരിയല്‍ കോളേജ് ലണ്ടനും ചേര്‍ന്ന് നടത്തിയ പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത് സമാനമായ നിരീക്ഷണങ്ങളാണ്. ദില്ലി എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) മേധാവി ഡോ. രണ്‍ദീപ് ഗുലേരിയയും ഇതേ നിഗമനങ്ങള്‍ തന്നെ പങ്കുവയ്ക്കുന്നു.
'നിലവില്‍ നമുക്ക് കൊവിഡ് കേസുകളില്‍ വ്യാപക വര്‍ധനവുണ്ടാവുകയോ, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുകയോ ചെയ്യുന്നില്ല. അതായത് ഇപ്പോള്‍ രാജ്യത്ത് കൊവിഡ് പടര്‍ത്തിക്കൊണ്ടിരിക്കുന്ന വൈറസ് വകഭേദം നിലവില്‍ വലിയ ഭീഷണി അല്ലാതായി മാറിവരുന്നു എന്ന് സാരം. രണ്ടാമതായി പറയാനുള്ളത്, ഇതിനോടകം തന്നെ വലിയൊരു വിഭാഗത്തിനും കൊവിഡ് വന്നുപോയി. അതായത് അത്രയും പേരില്‍ ഒരു പരിധി വരെയുള്ള പ്രതിരോധശേഷിയുണ്ട്. ഇക്കൂട്ടത്തില്‍ വാക്‌സിനും ചെറുതല്ലാത്ത പങ്ക് വഹിക്കുന്നു. ഇക്കാര്യങ്ങളെല്ലാം മുന്‍നിര്‍ത്തി നോക്കുമ്പോള്‍ മൂന്നാം തരംഗം അത്രമാത്രം മോശമാകില്ലെന്നാണ് എന്റെ കണക്കുകൂട്ടല്‍...'- ഡോ. രണ്‍ദീപ് ഗുലേരിയ പറയുന്നു.
മൂന്നാം തരംഗം രൂക്ഷമാകണമെങ്കില്‍ നേരത്തെ രോഗം വന്നുപോയവരില്‍ മുപ്പത് ശതമാനം പേര്‍ക്കെങ്കിലും പ്രതിരോധശേഷി നഷ്ടമായി വീണ്ടും രോഗബാധിതരാകണം. അതുപോലെ രണ്ടാം തരംഗം അവസാനിക്കുന്നതിനൊപ്പം തന്നെ ഒരു രോഗിയില്‍ നിന്ന് നാലോ അഞ്ചോ പേരിലേക്ക് രോഗമെത്തുന്ന രീതിയില്‍ അത്രയും പകര്‍ച്ചാസാധ്യത കൂടുതലുള്ള വൈറസ് എത്തണം. അങ്ങനെയെങ്കില്‍ മാത്രമേ മൂന്നാം തരംഗം രണ്ടാം തരംഗത്തെക്കാള്‍ രൂക്ഷമാകൂ എന്ന് ഐസിഎംആര്‍- ഇംപീരിയല്‍ കോളേജ് ലണ്ടന്‍ പഠനം അവകാശപ്പെടുന്നു.
എന്തായാലും ശരിയായ മാസ്‌ക് ഉപയോഗം, ആള്‍ക്കൂട്ടങ്ങളുടെ നിയന്ത്രണം, സാമൂഹികാകലം എന്നിങ്ങനെയുള്ള അടിസ്ഥാനപരമായ കാര്യങ്ങള്‍ തന്നെയാണ് മൂന്നാം തരംഗത്തെയും നിര്‍ണയിക്കുകയും വഴിതെളിക്കുകും ചെയ്യുകയെന്ന് പഠനം കൂട്ടിച്ചേര്‍ക്കുന്നു.