പുരികവും കണ്‍പീലിയും നരച്ചു; അപൂര്‍വ്വ രോഗാവസ്ഥ വെളിപ്പെടുത്തി ആൻഡ്രിയ

By Web Team  |  First Published Nov 20, 2024, 1:27 PM IST

പുരികവും കണ്‍പീലികളും വരെ നരയ്ക്കാന്‍ തുടങ്ങിയെന്നും എല്ലാ ദിവസവും എഴുന്നേൽക്കുമ്പോൾ പല പാടുകളും ശരീരത്തിൽ കാണപ്പെടാന്‍ തുടങ്ങിയെന്നും ആൻഡ്രിയ പറയുന്നു.


പിന്നണി ഗായികയായി സിനിമയിലെത്തി പിന്നീട് തമിഴ്, മലയാളം, ഹിന്ദി സിനിമകളില്‍ ഒരു പിടി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച നടിയാണ് ആൻഡ്രിയ ജെർമിയ. ഇപ്പോഴിതാ സിനിമയില്‍നിന്നും ഇടവേള എടുത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ആന്‍ഡ്രിയ. ത്വക്കിനെ ബാധിക്കുന്ന അപൂർവരോഗത്തെ തുടര്‍ന്നാണ് കുറച്ച് കാലം കരിയറില്‍ നിന്ന് മാറി നിന്നതെന്ന് ആന്‍ഡ്രിയ പറയുന്നു. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്. 

ത്വക്കിനെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ കണ്ടീഷനാണ് താരത്തെ പിടിപെട്ടത്. ഇതേ തുടര്‍ന്ന് പുരികവും കണ്‍പീലികളും വരെ നരയ്ക്കാന്‍ തുടങ്ങിയെന്നും എല്ലാ ദിവസവും എഴുന്നേൽക്കുമ്പോൾ പല പാടുകളും ശരീരത്തിൽ കാണപ്പെടാന്‍ തുടങ്ങിയെന്നും ആൻഡ്രിയ പറയുന്നു. 'വടാ ചെന്നൈ' എന്ന ചിത്രത്തിന് തൊട്ടുപിന്നാലെയാണ് രോഗം തിരിച്ചറിയുന്നതെന്നും താരം പറഞ്ഞു. 

Latest Videos

രക്തപരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. എല്ലാം നോര്‍മലായിരുന്നു. മാനസിക സമ്മര്‍ദ്ദം മൂലമാകുമെന്നാണ് ആദ്യം കരുതിയത്. രോഗം കണ്ടുപിടിച്ചതിനെ തുടര്‍ന്നാണ് സിനിമയില്‍നിന്ന് ഇടവേള എടുത്തത് എന്നും താരം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, അതേക്കുറിച്ച് വേറ കഥകളാണ് ഇന്‍ഡസ്ട്രിയിലും മാധ്യമങ്ങളിലും പ്രചരിച്ചത്. പ്രണയം തകര്‍ന്നത് കാരണം ഞാന്‍ ഡിപ്രഷനിലായി എന്നാണ് പ്രചരിക്കപ്പെട്ടതെന്നും നടി പറഞ്ഞു.

ഇപ്പോഴും രോഗത്തിന്റെ ഭാഗമായ പാടുകള്‍ ശരീരത്തിലുണ്ട്. കണ്‍പീലികള്‍ക്ക് വെള്ള നിറമുണ്ട്. അക്യൂപങ്ചര്‍ എന്ന ചികിത്സാരീതി തനിക്ക് വളരെയേറെ ഗുണംചെയ്‌തെന്നും ആന്‍ഡ്രിയ പറഞ്ഞു. രണ്ട് വര്‍ഷത്തോളം അത് തുടര്‍ന്നു. രോഗത്തെ വലിയൊരളവില്‍ മറികടന്നു. കണ്‍പീലികളിലെ നരയെ മേക്കപ്പ് കൊണ്ട് മറയ്ക്കാനാവും. ജീവിതശൈലിയിലും മാറ്റംവരുത്തി. തുടര്‍ച്ചയായി ജോലി ചെയ്യാനാകില്ല. ചെയ്താൽ അത് ത്വക്കിലും മുഖത്തും വളരെപ്പെട്ടന്ന് തന്നെ പ്രകടമാകും. നേരത്തേയുള്ള പാടുകളെ മേക്കപ്പ് ഉപയോഗിച്ച് മറയ്ക്കാന്‍ കഴിയും. അങ്ങനെയാണ് മാസ്റ്റര്‍, പിസാസ് 2 തുടങ്ങിയ ചിത്രങ്ങള്‍ ചെയ്തത്. ആരും രോഗം തിരിച്ചറിഞ്ഞില്ലെന്നും ആൻഡ്രിയ കൂട്ടിച്ചേര്‍ത്തു. 

 

Also read: ബാര്‍ബി ഡോളിന്‍റെ ലുക്കില്‍ ശില്‍പ ഷെട്ടി; വൈറലായി വീഡിയോ

click me!