'പതിയെ ഞങ്ങളില്‍ കൊവിഡിന്‍റെ സൂചനകൾ തലപൊക്കിത്തുടങ്ങി'; ലണ്ടനിലെ മലയാളി നഴ്സ് പറയുന്നു...

By Web Team  |  First Published Apr 30, 2020, 4:42 PM IST

'ഞങ്ങൾക്കാർക്കും തന്നെ ഈ രോഗത്തോട് പ്രത്യേകിച്ച് ഒരു ഭീതിയും ഉണ്ടായിരുന്നില്ല.  മൂന്നു നാലാഴ്ചകൾ കുഴപ്പമില്ലാതെ കടന്നു പോയെങ്കിലും പതിയെ പതിയെ ഞങ്ങൾ ഓരോരുത്തരിലും കൊവിഡിന്‍റെ സൂചനകൾ തലപൊക്കിത്തുടങ്ങി'- രശ്മി പറഞ്ഞു.


നിരവധി ആരോഗ്യ പ്രവര്‍ത്തകരാണ് കൊവിഡ് അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുന്നത്. ഇവിടെയിതാ അത്തരത്തില്‍ കൊവിഡിനെ അതിജീവിച്ച അനുഭവം പങ്കുവെയ്ക്കുകയാണ് ലണ്ടനിലെ ബ്രൂംഫീല്‍ഡ് എന്‍എച്ച്എസ് ആശുപത്രിയിലെ നഴ്സായ രശ്മി പ്രകാശ്. 

'ഞങ്ങൾക്കാർക്കും തന്നെ ഈ രോഗത്തോട് പ്രത്യേകിച്ച് ഒരു ഭീതിയും ഉണ്ടായിരുന്നില്ല.  മൂന്നു നാലാഴ്ചകൾ കുഴപ്പമില്ലാതെ കടന്നു പോയെങ്കിലും പതിയെ പതിയെ ഞങ്ങൾ ഓരോരുത്തരിലും കൊവിഡിന്‍റെ സൂചനകൾ തലപൊക്കിത്തുടങ്ങി'- രശ്മി പറഞ്ഞു.

Latest Videos

undefined

Also Read: 'സഹപ്രവർത്തക ചോദിച്ചിട്ട് പോലും വെള്ളം കൊടുക്കാനായില്ല, നിസഹായത തോന്നി'; മലയാളി നഴ്സ് പറയുന്നു...

 

കുറിപ്പ് വായിക്കാം...

പല തരത്തിലുള്ള അസുഖബാധിതരായ രോഗികളെ ശുശ്രൂഷിക്കാനുള്ള ഉറച്ച മനസ്സോടെയാണ് ഓരോ നഴ്സും ജോലിയിൽ പ്രവേശിക്കുന്നത്. എന്നാൽ  കൊവിഡ് -19 എന്ന ഈ മഹാവിപത്ത്‌ നമ്മൾ കരുതിയതിലും എത്രയോ അപ്പുറത്താണ്. ലണ്ടനടുത്തുള്ള ചെംസ്ഫോർഡിൽ, ബ്രൂംഫീൽഡ് എന്‍എച്ച്എസ് ഹോസ്പിറ്റലിലാണ്  ഞാൻ നേഴ്സ് ആയി ജോലി ചെയ്യുന്നത്. കൊവിഡ് -19 പോസിറ്റീവ് ആയവരും, റിസൾട്ട് പോസിറ്റീവ് ആകാൻ സാധ്യതയുള്ളവരുമായ രോഗികളായിരുന്നു ഞങ്ങളുടെ യൂണിറ്റിൽ ഉള്ളത്. ഞങ്ങൾക്കാർക്കും തന്നെ ഈ രോഗത്തോട് പ്രത്യേകിച്ച് ഒരു ഭീതിയും ഉണ്ടായിരുന്നില്ല.  എന്നാൽ ഞങ്ങൾ എല്ലാവരും തന്നെ ഏറെ ജാഗ്രതയോടെ 
ആണ് രോഗികളെ ശുശ്രൂഷിച്ചിരുന്നത്. 

മൂന്നു നാലാഴ്ചകൾ കുഴപ്പമില്ലാതെ കടന്നു പോയെങ്കിലും പതിയെ പതിയെ ഞങ്ങൾ ഓരോരുത്തരിലും കൊവിഡിന്റെ  സൂചനകൾ തലപൊക്കിത്തുടങ്ങി. പനിയും , ശ്വാസതടസ്സവും, ചുമയും,തൊണ്ടവേദനയും മാത്രമല്ല കോവിഡിന്റെ ലക്ഷണങ്ങൾ എന്ന് നമുക്കെല്ലാം അറിവുള്ളതാണ്. ചിലപ്പോൾ നെഞ്ചിനു ഭാരവും അസ്വസ്ഥതയും ഒക്കെയുണ്ടാകും. എന്നാൽ ഇതൊരിക്കലും നിസ്സാരമായി തള്ളിക്കളയരുത്. നമ്മുടെ ശരീരത്തിന്റെ  അവസ്ഥയെക്കുറിച്ചു ഏറ്റവും നന്നായി അറിയാവുന്നത് നമുക്ക് തന്നെയാണ്. 

യുകെയിലെ ആശുപത്രിയിലെ രീതികൾ നാട്ടിലെ പോലെയല്ല വളരെ വ്യത്യസ്തമാണ്. നിങ്ങൾ ഒരു നേഴ്സ് ആണെങ്കിൽ കൂടി എനിക്കിതിനെക്കുറിച്ചെല്ലാം അറിയാം ആശുപത്രിയിൽ ചെന്നാലും എന്തൊക്കെ ചെയ്യും എന്നെനിക്കറിയാം എന്ന് ദയവു ചെയ്തു 
വിചാരിക്കരുത്. 

ശ്വാസതടസ്സമോ , നെഞ്ച് വേദനയോ, നെഞ്ചിനു വല്ലാത്ത ഭാരമോ ഒക്കെ അനുഭവപ്പെട്ടാൽ, റസ്റ്റ് എടുത്തിട്ടും യാതൊരു മാറ്റവും കാണുന്നില്ല എങ്കിൽ ഉടൻ ആശുപത്രിയില് കാണിക്കുക. ഡ്യൂട്ടിക്കിടയിൽ ആണ്  പെട്ടന്ന് പനിയും ശരീരവേദനയുമായി ഞാൻ വയ്യാതാകുന്നത് .
കൊവിഡിന്റെ അസ്വസ്ഥതകളുമായി സിക്ക്‌ ലീവിൽ ആയിരിക്കുമ്പോൾ കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി എനിക്ക് ചെറിയൊരു ശ്വാസതടസ്സവും നെഞ്ചിനു വല്ലാത്തഭാരവും അനുഭവപ്പെട്ടു. സ്വയം ബ്ലഡ് പ്രഷറും ,പ ൾസും ഒക്കെ നോക്കി  കുഴപ്പമില്ലല്ലോ എന്ന് സ്വയം ആശ്വസിച്ചു.ഭർത്താവിനോടും എന്റെ കൂടെ ജോലി ചെയ്യുന്ന അടുത്ത സുഹൃത്തിനോടും മാത്രം വിവരങ്ങൾ പങ്കു വെച്ചു.

രാവിലെ എണീറ്റപ്പോൾ വല്ലാത്ത ഒരു അസ്വസ്ഥത. ജി പി യിൽ വിളിച്ചു ഒരു കോൾ ബാക്ക് റിക്വസ്റ്റ് ഇട്ടു. എന്തൊക്കെയോ ശരിയല്ല എന്ന തോന്നൽ. എന്നും മുറ തെറ്റാതെ  അസുഖത്തെക്കുറിച്ച് അന്വേഷിക്കുകയും, കൂടെയുണ്ടെന്ന് ആത്മാർത്ഥമായി പറയുകയും ചെയ്യുന്ന അടുത്ത സുഹൃത്തുക്കളോട് പോലും എന്തെങ്കിലും പറയാൻ  കഴിയുന്നതിനു മുന്നേ എനിക്ക് നെഞ്ചു വേദന ആരംഭിച്ചു. രക്തസമ്മർദ്ദവും ഹൃദയമിടിപ്പും ക്രമാതീതമായി വർദ്ധിച്ചു. ഞാൻ പെട്ടന്ന് തന്നെ 999 വിളിച്ചു വിവരങ്ങൾ  കൊടുത്തു. 

ഞാൻ പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് പോയാൽ എന്ത് ചെയ്യണമെന്ന് ഒരു പേപ്പറിൽ എഴുതി വെച്ചു. ഏട്ടനേയും സുട്ടു കുട്ടനെയും പരിഭ്രാന്തിയിലാക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു. ഇതൊന്നും അത്ര എളുപ്പമുള്ള കാര്യങ്ങളായിരുന്നില്ല. മൂന്നു മിനിറ്റിനുള്ളിൽ ആംബുലൻസ് വന്നു. 

ഇസിജി  എടുത്തപ്പോൾ ഹൃദയമിടിപ്പ്‌ വീണ്ടും കൂടി 145/mt ആയിരുന്നു. പെട്ടന്നു തന്നെ അവർഎന്നെ ആശുപത്രിയിലേക്ക് മാറ്റി. ഞാൻ ജോലി ചെയ്യുന്ന ഹോസ്പിറ്റലായതുകൊണ്ട് എമർജൻസി ഡിപ്പാർട്മെന്റിലെ പല നഴ്സുമാരെയും പരിചയമുണ്ടായിരുന്നു. ഒരു മണിക്കൂർ കൊണ്ട് ചെസ്ററ് X `RAY മുതൽ CT Scan  വരെയുള്ള മിക്കവാറും എല്ലാ ടെസ്റ്റുകളും ചെയ്തു. ആ സമയത്ത്‌ ആംബുലൻസ് വിളിക്കാൻ തോന്നിപ്പിച്ചതിനു ദൈവങ്ങൾക്ക് നന്ദി. കൊറോണയുടെ വിലക്ക് മൂലം ഹോസ്പിറ്റലിനകത്തേക്ക് വരാൻ കഴിയാതെ ഏട്ടനും മോനും കാറിനുള്ളിൽ പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു. ഒരുവലിയ പേമാരി പെയ്തൊഴിഞ്ഞിരിക്കുന്നു. ഞാൻ ഇപ്പോൾ വീട്ടിൽ സുഖം പ്രാപിച്ചു വരുന്നു.

 ഒരുപക്ഷേ ഇനിയും എത്രയോ പുതിയ രോഗലക്ഷണങ്ങൾ കൊറോണയുമായി ബന്ധപ്പെട്ട് കണ്ടുപിടിക്കാനിരിക്കുന്നു.
രോഗം സുഖമായി ഇനിയും കൊറോണ വാർഡുകളിലേക്കാണ് ഞാനും എന്നെപ്പോലെയുള്ള അനേകം നഴ്സുമാരും ഇനിയും ജോലിക്കായി പോകേണ്ടത്. ജാഗ്രത മാത്രമല്ല  ഈ രോഗത്തെ പേടിക്കുക തന്നെ വേണം. പേടിയുണ്ടെങ്കിലേ നമ്മൾ കൂടുതൽ ശ്രദ്ധിക്കൂ.
പ്രാർത്ഥിച്ചവർക്കും അന്വേഷിച്ചവർക്കും ചേർത്തുപിടിച്ചു കൂടെനിന്നവർക്കും നന്ദി, സ്നേഹം.

 

click me!