ഭക്ഷണത്തില്‍ എലിക്കാഷ്ടവും എലി കരണ്ട അവശിഷ്ടങ്ങളും; കച്ചവടക്കാരന് ലക്ഷങ്ങളുടെ പിഴ

By Web Team  |  First Published Feb 10, 2023, 8:30 PM IST

തങ്ങള്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ കടയില്‍ പരിശോധനയ്ക്കെത്തിയപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ചകളാണ് ഇവര്‍ കണ്ടത്. ഡിസ്പ്ലേയില്‍ വച്ചിരിക്കുന്ന ഭക്ഷണസാധനങ്ങള്‍ക്കിടയില്‍ എലിക്കാഷ്ടം. പല ഭക്ഷണപ്പൊതികളും എലി കരണ്ട് ബാക്കിയായതാണ് കടയില്‍ സൂക്ഷിച്ചിരുന്നത്.


ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് ഒരുപാട് ചര്‍ച്ചകള്‍ സമീപകാലത്ത് ഉയര്‍ന്നിരുന്നു. കേരളത്തിലാണെങ്കില്‍ അടുത്തിടെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് പലവട്ടം ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ റെയ്ഡുകളും നടന്നിരുന്നു. ഈ റെയ്ഡുകളിലാണെങ്കില്‍ പഴകിയ ഭക്ഷണങ്ങളും മാംസവുമെല്ലാം പിടിച്ചെടുക്കുകയും ഈ ഹോട്ടലുകാര്‍ക്കെതിരെ നടപടിയുണ്ടാവുകയും ചെയ്തിരുന്നു. 

ഇപ്പോഴിതാ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് യുകെയില്‍ നിന്ന് പുറത്തുവന്നിരിക്കുന്നൊരു വാര്‍ത്തയാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഭക്ഷ്യസുരക്ഷാനിയമങ്ങള്‍ കാറ്റില്‍ പറത്തി, ഉപഭോക്താക്കളുടെ ആരോഗ്യത്തിന് അപകടം വരുത്തുംവിധം കച്ചവടം ചെയ്ത ഒരു ഷോപ്പിന് അധികൃതര്‍ കനത്ത തുക പിഴ ചുമത്തിയതോടെയാണ് സംഭവം വാര്‍ത്തയായത്. 

Latest Videos

യഥാര്‍ത്ഥത്തില്‍ 2019ലാണ് കേസിനാസ്പദമായ സംഭവം അധികൃതര്‍ കണ്ടെത്തുന്നത്. തങ്ങള്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ കടയില്‍ പരിശോധനയ്ക്കെത്തിയപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ചകളാണ് ഇവര്‍ കണ്ടത്. ഡിസ്പ്ലേയില്‍ വച്ചിരിക്കുന്ന ഭക്ഷണസാധനങ്ങള്‍ക്കിടയില്‍ എലിക്കാഷ്ടം. പല ഭക്ഷണപ്പൊതികളും എലി കരണ്ട് ബാക്കിയായതാണ് കടയില്‍ സൂക്ഷിച്ചിരുന്നത്. പലതും വൃത്തിഹീനമായി പുറത്തേക്ക് വിതറിയും തെറിച്ചും വീണ നിലയിലായിരുന്നു. 

ഇതേ ഭക്ഷണസാധനങ്ങള്‍ തന്നെയാണ് കടക്കാരൻ ഉപഭോക്താക്കള്‍ക്ക് പാക്ക് ചെയ്ത് നല്‍കിവന്നിരുന്നതെന്നും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അധികൃതര്‍ കണ്ടെത്തി. ഇതോടെ ഇദ്ദേഹത്തിനെതിരെ കേസ് ഫയല്‍ ചെയ്യപ്പെട്ടു. കടയും സീല്‍ ചെയ്തു.

എന്നാല്‍ പലവട്ടം കേസ് പരിഗണനയില്‍ എടുത്തിട്ടും ഈ കച്ചവടക്കാരൻ കോടതിയിലെത്തിയില്ല. അങ്ങനെ ഈ ജനുവരിയിലാണ് ഒടുവില്‍ കേസിന് തീര്‍പ്പാകുന്നത്. ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ലംഘനവും, ഉപഭോക്താക്കളെ വഞ്ചിച്ചതിനും, കോടതിയുടെ സമയം മെനക്കെടുത്തിയതിനും അങ്ങനെ എല്ലാ നിയമലംഘനങ്ങള്‍ക്കും കുറ്റങ്ങള്‍ക്കുമായി 25 ലക്ഷത്തിലധികം രൂപയാണ് ഇദ്ദേഹത്തിന് പിഴയായി ചുമത്തിയിരിക്കുന്നത്.

ഇനിയും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ യുകെയില്‍ മുന്നോട്ട് പോകുന്ന കച്ചവടക്കാര്‍ക്ക് ഒരു താക്കീത് കൂടിയാവുകയാണ് സംഭവം. കനത്ത പിഴ ചുമത്തപ്പെട്ടതോടെയാണ് ഈ കേസ് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. ഭക്ഷ്യസുരക്ഷ എത്രമാത്രം പ്രാധാന്യമുള്ള വിഷയമാണെന്നത് കൂടി സംഭവം ഓര്‍മ്മിപ്പിക്കുന്നു. പലപ്പോഴും കച്ചവടക്കാര്‍ തീരെ നിസാരമായാണ് ഈ വിഷയം കണക്കാക്കുന്നതും.

Also Read:- പാലിലെ മായം നിങ്ങള്‍ക്കും കണ്ടെത്താം; എങ്ങനെയെന്ന് മനസിലാക്കൂ...

click me!