കാട് വിട്ട നാല്പത്തിയഞ്ചാമന്‍ നാട്ടിലെത്തി, 'നരഭോജി' എന്ന് പേരുവീണു; പിന്നെ നാടും വിട്ട് കൂട്ടിലേക്ക്

First Published | Dec 18, 2023, 9:51 PM IST

യനാട്ടില്‍ ഡിസംബറിലെ തണുപ്പ് അരിച്ചിറങ്ങി തുടങ്ങിയപ്പോളാണ് ഇതുവഴി വന്നതിന് തെളിവ് അവശേഷിപ്പിച്ച് അവന്‍ കടന്ന് പോയത്. പിന്നെ മാടുകളുടെ പാതി ശരീരങ്ങള്‍ അവിടിവിടെ കണ്ടു. പിടിക്കണം പിടിക്കണം എന്ന് നാട്ടുകാര്‍ ആവശ്യമുയര്‍ത്തി. അതിനിടെ അവര്‍ക്ക് കൂട്ടത്തിലൊരുത്തനെ നഷ്ടമായി. പ്രശ്നം സങ്കീര്‍ണ്ണമായപ്പോള്‍ ദൌത്യസംഘം ദിവസങ്ങളോളം കാവലിരുന്നു. ഒടുവില്‍... നീണ്ട പത്ത് ദിവസങ്ങള്‍ക്കൊടുവില്‍ കാടിറങ്ങി നാട്ടില്‍ വേട്ടയാടിയ അവന്‍‍ തടങ്കിലാക്കപ്പെട്ടു. അവന് പേര് WWL 45. അഥവാ വയനാട് വൈൽഡ് ലൈഫ് 45. കാടിറങ്ങി വേട്ടയാടിയന് വേണ്ടിയുള്ള സങ്കര്‍ഘഭരിതമായ ആ ദിവസങ്ങളെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സുഹൈല്‍ അഹമ്മദ് വി എം.

കൂടല്ലൂരിലെ ആളെക്കൊല്ലി കടുവയെ പിടിക്കാൻ ദൌത്യ സംഘം പുതു തന്ത്രങ്ങൾ പലതും പയറ്റി. കൂട്ടിലെ കെണി മാറ്റി, നാലാം കൂടും വച്ചു. കാത്തിരുന്നു. കടുവയുടെ സഞ്ചാര വഴിയിൽ
ഏറുമാടം കെട്ടി. സര്‍വ്വസന്നാഹങ്ങളുമായി ഒരുങ്ങി നിന്നു. കണ്ണിമയ്ക്കാതെ, ഉന്നം പിഴയ്ക്കാത്ത ഡാർട്ടിങ് ടീം. എന്നിട്ടും ആ പതിമൂന്നുകാരന്‍ കടുവ, കൂടല്ലൂർ വിട്ടുപോകാതെ വനംവകുപ്പിനെ വട്ടംകറക്കി, ഒരാഴ്ച സ്വൈര്യവിഹാരം നടത്തി. 

അതിനിടെ  പേരും സമ്പാദിച്ചു. ആളെക്കൊല്ലി, ദൌത്യസംഘം ക്യാമറ വച്ചു. ഡ്രോൺ പറത്തി. നാടിളക്കി... തോട്ടമിളക്കി... ആളിറങ്ങി തിരഞ്ഞു. 
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ നാട് വിറപ്പിച്ച മറ്റൊരുവനും ഇറങ്ങി. കുംകി വിക്രം. 
അല്പം പുറകോട്ട് പോകണം 
2019 മാർച്ച്‌ 10 ന്
കൂടല്ലൂരുകാർ പടക്കം എറിഞ്ഞ് ഓടിച്ചതാണ്...  ചില നോട്ടങ്ങള്‍ അവനെറിഞ്ഞു... 
പക്ഷേ,  അന്ന് പടക്കം എറിഞ്ഞവരും ആര്‍ത്ത് വിളിച്ചവരും ഇന്ന് ഭയഭക്തിയോടെയാണ് നോക്കുന്നത്. പഴയതെല്ലാം വിക്രമനും മറവിയിലേക്ക് മാറ്റിനിര്‍ത്തിയിരിക്കുകയാണ്. 
ഇന്ന് അവന്‍റെ ദൌത്യം വയനാടന്‍ നാൽപത്തിയഞ്ചാമനെ പിടിക്കലാണ്. 
വനംവകുപ്പിന്‍റെ അനുമതിയോടെ അവനും ഇന്ന് നാടിളക്കി. 

പക്ഷേ... വയസനെങ്കിലും കളി കുറെ കളിച്ചവനാണ് നാൽപത്തിയഞ്ചാമൻ.  കാട്ടില്‍ മറ്റ് നിവര്‍ത്തിയില്ലാത്തോണ്ട് കാടിറങ്ങിയതാണ്. എന്ന് വച്ച് പെട്ടെന്ന് കീഴടങ്ങാന്‍ ആ കാടിന്‍റെ മകന് കഴിയില്ല. 

ദൌത്യ സംഘം ആനപ്പുറത്തേറി നാടും കാടതിർത്തിയും ഇളക്കി മറിച്ചു. പക്ഷേ, കൺമുന്നിൽ കടുവ മാത്രമില്ല.  ഉന്നം പിടിച്ച തോക്കിന്‍ മുന്നില്‍ നിന്നും നാൽപത്തിയഞ്ചാമൻ നിത്യഭ്യാസിയെ പോലെ വഴുതി മാറി. പ്രായം പതിമൂന്ന് കഴിഞ്ഞ വയസന്‍. പക്ഷേ പോരാട്ടത്തിന് കുറവൊന്നുമില്ല. 
അത് തന്നെയാണ് ദൌത്യസംഘത്തിന്‍റെയും പ്രതീക്ഷ. 
വയസനാണ് ഇന്നല്ലെങ്കിൽ നാളെ കെണിയില്‍ വീഴാതിരിക്കില്ലെന്ന പ്രതീക്ഷ.
കെണിവച്ചൊരുക്കിയ അഞ്ച് കൂടുണ്ട് കൂടല്ലൂരിൽ. ഏറുമാടങ്ങളിൽ കണ്ണും നട്ടിരിക്കുന്നുണ്ട് വനംവകുപ്പ്... 
മരുന്ന് നിറച്ച തോക്കുമെന്തി കാടും നാടും കറങ്ങുന്നുണ്ട് വെറ്റിനറി ടീം. 
എല്ലാം കണ്ടും പകര്‍ത്തിയും തലയ്ക്ക് മീതെ ഡ്രോണും. 

ഇനി കടുവ കൂട്ടിലായില്ലെങ്കിൽ,
ആനപ്പുറത്തേറി ഒരു സാഹസം കാണാം. 
കടുവ പിടുത്തത്തിലേക്ക് ഡോ.സക്കറിയയുടെ ഭാഗ്യം നിറഞ്ഞ ഷോട്ട് 
നാൽപത്തിയഞ്ചാമന്‍റെ ദേഹത്ത്. 
ആദ്യം വീര്യം കാണിക്കുമെമ്പിലും പ്രായം പെട്ടെന്ന് തന്നെ അവനെ തളര്‍ത്തും. 
മയങ്ങി അവന്‍ വീഴും. 
പിന്നെ കാടു വിട്ട്, കൂട്ടിലാകും ശിഷ്ടകാലം. 
പക്ഷേ, ആ കാത്തിരിപ്പ് നീളുന്നതിൽ കൂടല്ലൂരിന് നിരാശയുണ്ട്. 
കാരണം അവരിലൊരുവനെയാണ്, പ്രജീഷ്. 
കഴിഞ്ഞ ദിവസം നാൽപത്തിയഞ്ചാമൻ...
അവര്‍ രോഷാകുലരാണ്. 
പ്രതിഷേധത്തിലാണ്.


ദൌത്യം ദുഷ്കരമെന്ന് വനം വകുപ്പ് ആവര്‍ത്തിക്കുന്നു. 
ആദ്യം നിയമത്തിന്‍റെ നൂലാമാലകള്‍...
അത് അഴിഞ്ഞപ്പോള്‍ കടുവയുടെ ഒളിച്ച് കളി.
പക്ഷേ, നാട്ടുകാര്ക്ക് ഇത് തൊലിപ്പുറത്തെ അനുഭവമാണ്. 
അവര്‍ക്ക് സാങ്കേതികതയിലല്ല... 
അനുഭവങ്ങള്‍... പ്രായോഗീകതയിലാണ് കാര്യം. 

കാൽപ്പാട് നോക്കി... ദൌത്യസംഘം, കടുവയ്ക്ക് പിറകെ... 
നിന്ന നിൽപ്പിൽ കാണാമറയ്ത്തേക്ക് മായുന്നുണ്ട് അവന്‍. 
ഭൂപ്രകൃതി മാത്രമല്ല, കടുവയുടെ പ്രകൃതവും ദൗത്യ സംഘത്തിന് വെല്ലുവിളി ഉയര്‍ത്തി. 
ആള്‍പ്പൊക്കത്തില്‍ വളര്‍ന്ന ഇടതൂർന്ന കാപ്പിചെടികളെ വകഞ്ഞു മാറ്റി  തെരയണം. 
എന്നിട്ടും വെട്ടം വീഴാത്ത കൊല്ലികളില്‍ നടന്നും ആനപ്പുറത്തും ദൌത്യസംഘം തെരഞ്ഞു. ഇലകള്‍ക്ക് മരങ്ങള്‍ക്ക് മറവില്‍ അവന്‍ ഒഴിഞ്ഞ് മാറി. 

ദൌത്യം നീളുന്നതിലല്ല, പിഴവില്ലാതെ പൂർത്തിയാക്കാനാണ് വനംവകുപ്പിന്‍റെ ശ്രമം. അതിനിടെ അവന്‍ കൂട്ടിലായെന്ന് പോലും കരുതിയ ഒരു രാത്രി കടന്ന് പോയി. 
കല്ലൂർകുന്ന് സന്തോഷത്തിൻ്റെ  വീട്ടിനടുത്ത് രണ്ടാമതും അവനെത്തിയ ആ രാത്രി. 
 

ക്ഷീരകർഷകൻ വട്ടത്താനിയിൽ വർഗീസും ആലീസും പശുവിന് പുല്ലരിയുന്നതിനിടെ അവനെ കണ്ടു. കുറച്ചകലെ പൊന്തക്കാടുകൾക്കിടയിൽ മറഞ്ഞിരിക്കുന്ന ആളെക്കൊല്ലി കടുവ. വിവരം ശരവേഗം പാഞ്ഞു. 
ദൌത്യസംഘം കുതിച്ചെത്തി. 
കാൽപ്പാട് ഉറപ്പിച്ച്, 
സഞ്ചാരദിശ നോക്കി പിറകെ പാഞ്ഞു. 
പശുവിനെ പിടിച്ച ഞ്ഞാറ്റാടിക്ക് നേരെ മറുവശത്തായിരുന്നു കടുവ. ഇരുട്ടു വീണെങ്കിലും പ്രതീക്ഷയുടെ തോക്കേന്തി വെറ്റിനറി ടീം തന്നെ കടുവയ്ക്ക് പിറകെ. ബാക്അപ് ടീം അകലമിട്ട് നിലയുറപ്പിച്ചു. സൌത്ത് വയനാട്, ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒമാരും എത്തി. 

കടുവയെ അവിടെ വച്ച് കിട്ടില്ലെന്ന് തോന്നിയതോടെ, കെണിവച്ച ഭാഗത്തേക്ക് ദിശയൊരുക്കി. ദൌത്യസംഘം വട്ടത്താനിയിൽ നിന്ന് നേരെ ഞാറ്റാടിയിലേക്ക് നീങ്ങി. അവിടെയും അകലമിട്ട് തമ്പടിച്ചു. പ്രതീക്ഷിച്ച പോലെ കടുവ സന്തോഷിന്‍റെ ആട്ടിൻ കൂട്ടിന് അടുത്തെത്തി.

ആദ്യ വരവിന് അവന്‍ ഇല്ലാതാക്കിയത് ക്ഷീരകര്‍ഷകനായ സന്തോഷിന്‍റെ പശുവിനെയായിരുന്നു. അവന്‍ വീണ്ടും വന്നു. 
സമീപത്ത് കൂടുണ്ട്. 
കൂട്ടില്‍ ചത്ത പശുവിന്‍റെ ജഡമുണ്ട്.
 പക്ഷേ, നാല്പത്തിയഞ്ചാമന്‍ അത്രയ്ക്കും വൃദ്ധനല്ല. 
ചത്ത പശുവിന്‍റെ ജഡം തിന്നാന്‍ മാത്രം അവന്‍ അസ്വതന്ത്രനുമല്ല. കൂടൊഴിഞ്ഞു കിടന്നു. 
തോക്കുമേന്തി സർവ സജ്ജമായി പുലര്‍ച്ചവരെ കണ്ണമയ്ക്കാതെ കാത്തിരുന്നു. പക്ഷേ,  വെടിയുതിർക്കാൻ പാകത്തിന് കിട്ടിയില്ല. ആൾത്താമസം കൂടുതലുള്ള മേഖലയായതിനാൽ, സാഹസത്തിന് മുതിർന്നുമില്ല. പ്രതീക്ഷയുടെ ഇരുട്ട് വീണ ആ രാത്രി വെളുത്തപ്പോൾ  
തെളിഞ്ഞു കണ്ടത് നിരാശ.
 


പത്താം നാള്‍...
പ്രജീഷിനെ കൊലപ്പെടുത്തിയ അതേ സ്ഥലം. അവന്‍ വീണ്ടും വന്നു.
കൂടല്ലൂരിലെ ആളെക്കൊല്ലി കടുവ
കോളനിക്കവലയ്ക്ക് സമീപം കാപ്പിത്തോട്ടത്തിൽ വച്ച ഒന്നാം നമ്പര്‍ കൂട്. 
നാല്‍പത്തിയഞ്ചാമന്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെ പതിയെ കൂട്ടിലേക്ക് കയറി. 
വരവറിയിച്ച് ഒമ്പത് രാത്രികള്‍ പിന്നിട്ടിരിക്കുന്നു. 
അലച്ചില്‍ അവന്‍റെ പ്രായത്തെയും ബാധിച്ചിരിക്കുന്നു. മനസിന്‍റെ ചെറുപ്പം ഇതുവരെ ഊര്‍ജ്ജം നല്‍കി. 
പക്ഷേ, തളര്‍ച്ചയുടെ ഏതോ ഘട്ടത്തില്‍ മങ്ങിയ കാഴ്ചയില്‍ ഒന്നാം നമ്പര്‍ കൂടിലേക്ക് മറ്റെന്തോ ആലോചിച്ച് അവന്‍ നടന്ന് കയറി. 

കൂട്ടില്‍ കയറിയപ്പോഴാണ് പെട്ടെന്ന് സ്ഥലകാല ബോധം വന്നത്.
പിന്നെ പരാക്രമമായി. 
അകത്ത് കടുവയും പുറത്ത് പ്രദേശവാസികളും.
കടുവ സ്വാതന്ത്ര്യത്തിനായി അകത്തും
ജനങ്ങള്‍ ജീവന് വേണ്ടി പുറത്തും.
ഇതിനിടെയില്‍ വനം വകുപ്പ്. 
നാല്പത്തിയഞ്ചാമനുമായി പോകാനൊരുങ്ങിയ വാഹനവ്യൂഹം തടയപ്പെട്ടു. 
കടുവയുടെ പരാക്രമങ്ങള്‍ കൂട്ടിലൊടുങ്ങിയപ്പോള്‍ നാട്ടുകാരുടെ പ്രതിഷേധം മണിക്കൂറുകളും കടന്ന് തുടര്‍ന്നു. 
ആവശ്യം ഒന്ന് മാത്രം.
തങ്ങളിലൊരുവനെ കൊന്നവനെ അവിടെ വച്ച് കൊല്ലണം.
ചോരയ്ക്ക് ചോരയല്ല നിയമ വഴിയെന്ന്  വനം വകുപ്പ്. 
വീണ്ടും ചര്‍ച്ചകള്‍... ചര്‍ച്ചകള്‍... ചര്‍ച്ചകള്‍....

അകത്ത് പതിമൂന്ന് വര്‍ഷം കാട് വാണവന്‍, വയനാടന്‍ നാല്പത്തിയഞ്ചാമന്‍.  
പുറത്ത് 
കൂടുതല്‍ പോലീസെത്തി. 
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എത്തി.
എംഎല്‍എ എത്തി. 
ഇരുവരും ജനങ്ങള്‍ക്കൊപ്പം പ്രതിഷേധിച്ചു. 
ഉച്ചയ്ക്ക് തുടങ്ങിയ പ്രതിഷേധം സന്ധ്യകഴിഞ്ഞപ്പോള്‍ റോഡില്‍ തീ കൂട്ടിപ്രതിഷേധമായി. 
സബ് കളക്ടർ മിസൽ സാഗർ ഭരത് എത്തി.

പക്ഷേ... 

തങ്ങളിലൊരുവനെ ഇല്ലാതാക്കിയവനെ...
ഒടുവില്‍ രാത്രി എട്ട് മണിയോടെ പ്രജീഷിന്‍റെ അനിയന് 
ആദ്യം താത്കാലിക ജോലിയും പിന്നെ സ്ഥിരപ്പെടുത്തലും എന്ന സര്‍ക്കാര്‍ വാഗ്ദാനം.
പ്രതിഷേധക്കാര്‍ അടങ്ങി. പിന്നെ താത്കാലിക ആശ്വാസത്തില്‍ വീടുകളിലേക്ക് മടങ്ങി. 

കൂട്ടിലാക്കപ്പെട്ട കടുവയുമായി ദൌത്യസംഘം തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക്... 

Latest Videos

click me!