രക്തദാനം മനുഷ്യസ്നേഹത്തിന്റെ ഭാഗമാണെന്നും സിനിമ കാണാനെത്തുന്ന യുവത രക്തദാനത്തിന്റെ ഭാഗമാകുകയും അതിലൂടെ അവരുടെ സാമൂഹിക പ്രതിബദ്ധത തുറന്നുകാട്ടുകയും ചെയ്യണമെന്നും പ്രേംകുമാർ.
ഏറെ പ്രത്യേകതകളുമായാണ് ഇരുപത്തി ഒൻപതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കമായത്. സിനിമ തെരഞ്ഞെടുപ്പുകളിലായാലും ഡെലിഗേറ്റുകൾക്ക് വേണ്ട പ്രവർത്തനങ്ങളിലായാലും വിവിധ പരിപാടികളിലായാലും മേള പുതുമ കൊണ്ടുവന്നു. അക്കൂട്ടത്തിൽ മാനവികതയുടെ പരിയമായാണ് സിനിബ്ലഡ് എന്ന പേരിൽ സംഘാടകർ ഒരു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം നടന്ന ക്യാമ്പിൽ മികച്ച പങ്കാളിത്തം സിനിമാമോഹികൾക്കിടയിൽ നിന്നും ലഭിച്ചിരുന്നു.
"ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാറിന്റെ മനസിൽ തോന്നിയ ആശയമാണിത്. ഐഎഫ്എഫ്കെ എന്ന് പറയുന്നത് യുവാക്കളുടെ ഒരു ഉത്സവമാണല്ലോ. അതിനൊരു മാനവികതയുടെ മുഖംകൂടി ഉണ്ടാകണമെന്നുണ്ട്. മാനവികതയുടെ ഒരു പുത്തൻ സംസ്കാരം കൂടി രൂപപ്പെടുത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം ആ ആശയം മുന്നോട്ട് വച്ചത്. അതിനൊരു തുടക്കമാണ് ഈ ചലച്ചിത്രമേള. ഇന്നലത്തെ രക്തദാന ക്യാമ്പിൽ അത്യാവശ്യം നല്ല രീതിയിലുള്ള പങ്കാളിത്തം ഉണ്ടായിരുന്നു. പെട്ടെന്ന് തീരുമാനിച്ചൊരു കാര്യം കൂടിയായതിനാൽ അത്രയൊന്നും ആരും അറിഞ്ഞിരുന്നില്ല. ഇനിയുള്ള എല്ലാ ഐെഫ്എഫ്കെയിലും മുഴുവൻ ദിവസവും ഇത്തരത്തിൽ രക്തദാന ക്യാമ്പ് ഉണ്ടാകും", എന്ന് അക്കാദമി പ്രതിനിധി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
സിനി ബ്ലഡിന്റെ രണ്ടാം ഘട്ടം ചൊവ്വാഴ്ച(17 ഡിസംബർ) നടക്കും. രാവിലെ 10 മുതൽ 12.30 വരെയാകും 'സിനി ബ്ലഡ്' സംഘടിപ്പിക്കുക. ആർസിസി ബ്ലഡ് ബാങ്കുമായി ചേർന്ന് ടാഗോർ തിയറ്ററിലാകും ക്യാമ്പ് നടക്കുക. കേരള ചലച്ചിത്ര അക്കാദമിയും പൊലീസിന്റെ രക്തദാന സേവനമായ പോൽ ബ്ലഡും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലും സംയുക്തമായാണു രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.
undefined
രക്തദാനം മനുഷ്യസ്നേഹത്തിന്റെ ഭാഗമാണെന്നും സിനിമ കാണാനെത്തുന്ന യുവത രക്തദാനത്തിന്റെ ഭാഗമാകുകയും അതിലൂടെ അവരുടെ സാമൂഹിക പ്രതിബദ്ധത തുറന്നുകാട്ടുകയും ചെയ്യണമെന്നും പ്രേംകുമാർ പറഞ്ഞു. നിരവധി ഡെലിഗേറ്റുകളും പൊതുജനങ്ങളും ആദ്യ രക്തദാന പരിപാടിയിൽ പങ്കാളികളായിരുന്നു. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഡോ. അഭിലാഷിന്റെ നേതൃത്വത്തിലാണു രക്തദാന പരിപാടി. രക്തം ദാനം ചെയ്യാൻ സന്നദ്ധരായവർ 9497904045 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..