അസമില്‍ പക്ഷി നിരീക്ഷണത്തിന് പോയി, അത്യപൂര്‍വ്വ തുമ്പിയെ കണ്ടെത്തി മലയാളി നിരീക്ഷക സംഘം !

First Published | Oct 6, 2021, 7:24 PM IST

'ചാരക്കോഴി മയിലി'നെ  (grey peacock-pheasant)കാണണമെങ്കില്‍ കാട് കയറണം. കാട് കായറാമെന്ന് വച്ചാലോ, അങ്ങ് അസം വരെ പോകണം. അസമിലെ കാട്ടില്‍ കയറിയാല്‍ തന്നെ, പെട്ടന്നങ്ങ് കാണാന്‍ പറ്റിയെന്ന് വരില്ല. കാരണം അതിന്‍റെ നിറം തന്നെ. പക്ഷേ, പോകാതിരിക്കാനും അവര്‍ക്ക് കഴിഞ്ഞില്ല. അങ്ങനെ കാട് കയറിയവര്‍ക്ക് മുന്നില്‍ പാറിക്കളിച്ചതാകട്ടെ ഇന്ത്യയില്‍ അപൂര്‍വ്വമാണെന്ന് കരുതിയിരുന്ന 'ചേരാചിറകന്‍ തുമ്പി'കള്‍. ചാരക്കോഴി മയിലിനെ കണ്ടെങ്കിലും തുമ്പിശാസ്ത്രത്തില്‍  (Odonatology) വലിയൊരു രേഖപ്പെടുത്തല്‍ സാധ്യമാക്കാന്‍ ആ മലയാളി സംഘത്തിന് കഴിഞ്ഞു.  society for Odonate Studies (SOS) അംഗങ്ങളായ തിരുവന്തപുരം ജില്ലയില്‍ നിന്നുള്ള അഞ്ചംഗ സംഘം 2021 ഫെബ്രുവരി 21 ന് കണ്ടെത്തിയത് സൂചിത്തുമ്പികളില്‍ തന്നെ അപൂര്‍വ്വയിനത്തില്‍പ്പെടുന്ന 'ചേരാചിറകന്‍ തുമ്പി' (Orolestes selysi)കളെയായിരുന്നു. ഫോട്ടോഗ്രാഫര്‍മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ജീവിതത്തില്‍ പല ജോലികള്‍ ചെയ്യുന്ന ആ സംഘത്തില്‍ റെജി ചന്ദ്രൻ , തോംസൺ സാബുരാജ് , സുരേഷ് വി കുറുപ്പ് , ബിജു പി.ബി., ബിജുലാൽ എം.ഡി. എന്നിവരായിരുന്നു ഉണ്ടായിരുന്നത്. ജീവിതത്തില്‍ പല ജോലികള്‍ ചെയ്യുമ്പോഴും അവരെ ഒന്നിപ്പിച്ചിരുന്നത് പക്ഷി നിരീക്ഷണമായിരുന്നു. (Bird watching).പക്ഷീനീരീക്ഷണമായിരുന്നു യഥാര്‍ത്ഥ ലക്ഷ്യമെങ്കിലും തുമ്പി നിരീക്ഷണത്തിനുള്ള സാധ്യതകളും അവരുടെ അന്വേഷണ പരിധിയിലുണ്ടായിരുന്നു. ചിത്രങ്ങള്‍  റെജി ചന്ദ്രൻ, തോംസൺ സാബുരാജ്. തയ്യാറാക്കിയത് കെ ജി ബാലു. 
 

മൊത്തം പതിനഞ്ച് ദിവസത്തെ യാത്രയായിരുന്നു. അരുണാചല്‍പ്രദേശ്, അസം, സുന്ദര്‍ബെന്‍സ് എന്നിങ്ങനെയായിരുന്നു യാത്ര പദ്ധതി. അതില്‍ തന്നെ അത്യപൂര്‍വ്വമായ ഗ്രേ പീക്കോക് ഫെസന്‍റായിരുന്നു പ്രധാന ലക്ഷ്യം. പക്ഷി നിരീക്ഷണത്തിനിടയില്‍ കിട്ടിയ ഇടവേളയില്‍ താമസസ്ഥലത്തിന് സമീപത്തെ ഒരു നീര്‍ച്ചാലില്‍ നിരീക്ഷണത്തിനായി പോയി. വെള്ളം കുറവായിരുന്നു. എന്നാല്‍ അത്യാവശ്യം വൈവിധ്യമുള്ള തുമ്പികളവിടെ ഉണ്ടായിരുന്നു. അവയുടെ ചിത്രങ്ങള്‍ എടുത്തു. പലതിനെയും മുമ്പ് കണ്ടിട്ടുണ്ടെങ്കിലും ചിലതൊക്കെ അപൂര്‍വ്വമായിരുന്നെന്ന് സംഘാംഗമായ തോംസൺ സാബുരാജ് പറഞ്ഞു. 

പക്ഷിനിരീക്ഷണം മാത്രമായിരുന്നു നോർത്ത് ഈസ്റ്റിലേക്ക് പുറപ്പെടുമ്പോൾ മനസ്സിൽ. അരുണാചൽപ്രദേശിലെ മിഷ്മി ഹിൽസില്‍ നിന്നാണ് അസമിലേക്ക് തിരിക്കുന്നത്. ദേഹിംഗ്-പട്കായ് നാഷണൽ പാർക്കിൽ (Dehing-Patkai National park) നിരീക്ഷണത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഉച്ചസമയത്ത് ലഭിച്ച ഇടവേളയിലാണ് പുതിയ തുമ്പികളുടെ ഫോട്ടോ പകര്‍ത്തിയത്. അപൂര്‍വ്വയിനം തുമ്പിയാണെന്ന് ചിത്രങ്ങളെടുക്കുമ്പോള്‍ തന്നെ തോംസൺ സാബുരാജ് പറഞ്ഞു. പിന്നീട് വിവേക് ചന്ദ്രനുമായി സംസാരിച്ചപ്പോഴാണ് ഇവയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലായതെന്നും റെജി ചന്ദ്രന്‍ പറഞ്ഞു.


ഈ വിഷയത്തില്‍ ഗവേഷണം ചെയ്യുന്ന വിവേക് ചന്ദ്രനാണ് ഇവ അപൂര്‍വ്വ ഇനം തുമ്പികളാണെന്ന് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് അവയുടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതും. അങ്ങനെയാണ് ബയോനോട്ട്സില്‍  (Bionotes) ഇത് സംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിക്കുന്നതും. 

ചേരാച്ചിറകൻ തുമ്പികൾ എന്ന തുമ്പികുടുംബത്തിൽ ഉൾപ്പെടുന്നവയാണ് പുതുതായി കണ്ടെത്തിയ സൂചിത്തുമ്പികള്‍.  ഇന്ത്യയിലെ ഡാർജിലിംഗ് മേഖലയിൽ ഉള്ളതായി പഴയ ബ്രിട്ടീഷ് പഠനങ്ങൾ പറയുന്നുണ്ടെങ്കിലും സമീപകാലത്തൊന്നും ഇവയെ ഇന്ത്യയില്‍ കണ്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നില്ല. 

ഇന്ത്യയിലെ ജന്തുവിഭാഗങ്ങളെ കുറിച്ച് കുറേ കൂടി സമഗ്രമായ പഠനങ്ങള്‍ നടന്നിട്ടുള്ളത് ബ്രിട്ടീഷുകാരുടെ കാലത്താണ്. സൂവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഇക്കാര്യത്തില്‍ ചില മുന്നേറ്റങ്ങള്‍ നടത്തി. എങ്കിലും ഇപ്പോഴും ഇത്തരം പഠനങ്ങളിലൊന്നും കണ്ടെത്താന്‍ കഴിയാത്ത തുമ്പി വര്‍ഗ്ഗങ്ങളുണ്ടെന്നും അത്തരത്തിലുള്ള തുമ്പികളിലൊന്നിനെയാണ് ഇവര്‍ കണ്ടെത്തിയതെന്നും ഇത് തൃശൂർ ക്രൈസ്റ്റ് കോളേജിൽ  ഓഡോണറ്റോളജിയില്‍ ഗവേഷണം നടത്തുന്ന വിവേക് ചന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

ചേരാചിറകന്‍ തുമ്പികള്‍ എന്ന കുടുംബത്തില്‍പ്പെടുന്ന തുമ്പികളെയാണ് ഇപ്പോള്‍ കണ്ടെത്തിയത്. സൂചിത്തുമ്പികള്‍ സാധാരണയായി ഒരു സ്ഥലത്ത് വിശ്രമിക്കുമ്പോള്‍ ചിറകുകള്‍ അടച്ച് ശരീരത്തോട് ചേര്‍ത്ത് വയ്ക്കും. എന്നാല്‍ ചേരാച്ചിറകൻ ഇനത്തില്‍പ്പെടുന്ന തുമ്പികള്‍ സൂചിത്തുമ്പികളാണെങ്കില്‍ കൂടി ചിറകുകള്‍ വിടര്‍ത്തി വയ്ക്കുന്നവയാണെന്നതാണ് ഇവയുടെ പ്രധാനപ്രത്യേകത. 

പുതുതായി കണ്ടെത്തിയ ഓറോലെസ്റ്റെസ് സെലസികള്‍ സാധാരണ സൂചിത്തുമ്പികളേക്കാള്‍ വലിയ തുമ്പിയാണ്. മാത്രമല്ല അവയുടെ ചിറകുളില്‍ കറുപ്പും വെളുപ്പും ഇടകലര്‍ന്ന നിറങ്ങള്‍ കാണാം. ഈ നിറങ്ങള്‍ ഇവയെ പെട്ടെന്ന് തന്നെ തിരിച്ചറിയാന്‍ സഹായിക്കുന്നു. പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്നവയായിട്ട് കൂടി അവയെ കണ്ടെത്തിയതായി ഇന്ത്യയില്‍ നിന്ന് അടുത്തകാലത്തൊന്നും റിപ്പോര്‍ട്ടുകളുണ്ടായിട്ടില്ല. ഏതാണ്ട് 100 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ കണ്ടെത്തിയ വിവരങ്ങള്‍ മാത്രമേ ഇന്നും നമ്മുക്ക് ലഭ്യമൊള്ളൂ. എന്നാല്‍ വിയറ്റ്നാം, ലാവോസ്, ചൈനയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ഇപ്പോഴും ഈ തുമ്പികളെ കണ്ടെത്തുന്നുണ്ടെന്നും വിവേക് ചന്ദ്രന്‍ പറഞ്ഞു. 

ഏറെ പാരിസ്ഥിതിക പ്രധാനമുള്ള ജീവികളാണ് തുമ്പികള്‍. ശുദ്ധജലത്തിന്‍റെ ലഭ്യത കുറവ് ആദ്യം തിരിച്ചറിയുന്നത് തുമ്പികളാണ്. കാരണം അവ ശുദ്ധജലത്തില്‍ മുട്ടയിട്ട് വളരുന്നുവെന്നത് തന്നെ. മലിനജലത്തില്‍ നിക്ഷേപിക്കപ്പെടുന്ന തുമ്പികളുടെ മുട്ടകള്‍ നശിക്കുന്നു. ഇത് വംശനാശത്തിന് ഇടയാക്കും.

അതേസമയം മലിന ജലത്തിലും ജീവിക്കാന്‍ സാധ്യമാകുന്ന തുമ്പി വര്‍ഗ്ഗങ്ങളുണ്ടെന്നും അവയുടെ വംശവര്‍ദ്ധനവും ഇത്തരത്തിലുള്ള സൂചനകള്‍ നല്‍കുന്നു. കേരളത്തില്‍ 175 ഇനം തുമ്പികളെയാണ് ഇതുവരെയായി കണ്ടെത്തിയിട്ടിുള്ളത്. പശ്ചിമഘട്ടത്തില്‍ 65 ഓളം ഇനത്തെ കണ്ടെത്തിയിട്ടുണ്ട്. ഈ കണക്കുകള്‍ ഇനിയും കൂടാമെന്നും വിവേക് ചന്ദ്രന്‍ പറയുന്നു. 

2009 ല്‍ അത്രപരിചിതമല്ലാത്ത ഒരു തുമ്പിയെ സ്വന്തം നാട്ടില്‍ നിന്ന് കണ്ടെത്തിയ അനുഭവം തോംസൺ സാബുരാജ് പങ്കുവച്ചു. അന്ന് വീടിന്‍റെ പരിസരത്ത് നിന്ന് കണ്ടെത്തിയ തുമ്പിയുടെ ചിത്രമെടുത്തിരുന്നു. എന്നാല്‍ ഓഡോണറ്റോളജി പഠനശാഖയുമായി അത്രയൊന്നും പരിചയമില്ലാത്തതിനാല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിയില്ല.

പിന്നീട് 2013 ല്‍ ഗോവയില്‍ നിന്ന് മറ്റൊരു തുമ്പി നിരീക്ഷകന്‍ അതെ തുമ്പിയെ കണ്ടെത്തുകയും അതിന് 'ഗോവന്‍ ഷാഡോ ഡാന്‍സര്‍' എന്ന് പേര് നല്‍കുകയും ചെയ്തെന്ന് തോംസൺ സാബുരാജ് പറഞ്ഞു. 

അസമിലെ കാടുകള്‍ അപൂര്‍വ്വമായി കണ്ട് വരുന്ന 'ചാരക്കോഴി മയില്‍' (grey peacock-pheasant). നിറത്തിന്‍റെ പ്രത്യേകത കാരണം കരിയിലകള്‍ക്കിടയിലോ, മരങ്ങള്‍ക്കിടയിലോ പതുങ്ങിയാല്‍ ഇവയെ കണ്ടെത്തുക പ്രയാസമാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos

click me!