ലോകത്തെ ഏറ്റവും വലിയ മഞ്ഞ് റിസോര്‍ട്ട് ഇനിയില്ല, ബാക്കിയാവുന്നത് കല്ലുകള്‍ മാത്രം, സംഭവിക്കാനിരിക്കുന്നതെന്ത്?

First Published | Nov 8, 2021, 11:48 AM IST

കാലാവസ്ഥാ വ്യതിയാനം(climate change) ടൂറിസം(tourism) ഉൾപ്പടെ ലോകമെമ്പാടുമുള്ള പല കാര്യങ്ങളെയും ബാധിക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ചകാൽതായ(Chacaltaya)യിൽ മഞ്ഞുരുകിത്തീരുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്കീ റിസോർട്ടുകളിൽ ഒന്നായ, ബൊളീവിയൻ മേഖലയിലുള്ള ആൻഡീസ് പർവതനിരകളിലായി സമുദ്രനിരപ്പിൽ നിന്ന് 5,300 മീറ്റർ ഉയരത്തിലാണ് ചകാൽതായ സ്ഥിതി ചെയ്യുന്നത്. ഇവിടെ മഞ്ഞ് ഉരുകുന്നത് കാരണം വിനോദസഞ്ചാരികളെ ഒഴിപ്പിക്കാൻ തുടങ്ങിയിരിക്കുകയാണ്. 

എവറസ്റ്റ് കൊടുമുടിയിലെ ബേസ് ക്യാമ്പ് നോർത്തിനെക്കാൾ ഉയരമുള്ള ചകാൽതായ ഹിമാനിയിലാണ് റിസോർട്ട് നിർമ്മിച്ചിരിക്കുന്നത്. ഈ റിസോർട്ട്, റെസ്റ്റോറന്റ് ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസ്റ്റോറന്റ് കൂടിയാണ്. ഇരുപതാം നൂറ്റാണ്ടിൽ, സ്കീയർമാർക്ക് ആസ്വദിക്കാൻ മാത്രം ധാരാളം മഞ്ഞുവീഴ്ചയുള്ള റിസോർട്ട് വർഷത്തിൽ ഭൂരിഭാഗം സമയങ്ങളിലും തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. 

18,000 വർഷം പഴക്കമുള്ള ഹിമാനി 2015 വരെ ഒരു ദശാബ്ദത്തോളം നിലനിൽക്കുമെന്ന് ചകാൽതായ ഹിമാനിയെക്കുറിച്ച് പഠിക്കാൻ തുടങ്ങിയ ശാസ്ത്രജ്ഞർ പ്രവചിച്ചതായി 2005 -ൽ ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. നിര്‍ഭാഗ്യവശാല്‍ 2009 -ല്‍ തന്നെ അവരുടെ പ്രവചനം സത്യമായി തുടങ്ങി.


റിസോർട്ടിൽ നിന്ന് ഒന്നര മണിക്കൂർ ദൂരത്തായി സ്ഥിതി ചെയ്യുന്ന വലിയ നഗരമായ ലാ പാസിലെ മധ്യവര്‍ഗ, ഉയര്‍ന്ന വിഭാഗക്കാരായ ആളുകളുടെ ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായി ചകാൽതായ മാറി. ഇപ്പോൾ, കാലാവസ്ഥാ വ്യതിയാനം കാരണം, ഏറ്റവും ഉയർന്ന സ്കീ റിസോർട്ടുകൾ പ്രേതനഗരങ്ങളായി മാറിയിരിക്കുന്നു. 

മഞ്ഞുകാലത്തിലെ പ്രധാനകാലങ്ങളില്‍ ഇപ്പോഴും മഞ്ഞ് കാണാം, എന്നാൽ വർഷത്തിൽ ഭൂരിഭാഗവും ചകാൽതായ പർവ്വതം തവിട്ടുനിറവും വരണ്ടതുമായിരിക്കുകയാണ്. സന്ദർശകർ എത്തുമ്പോൾ, അവർ മലയുടെ അടിവാരത്ത് നിന്നും ആരംഭിക്കുന്നു, അവിടെയാണ് ഉപേക്ഷിക്കപ്പെട്ട സ്കീ റിസോർട്ട് ഇപ്പോഴും നിലകൊള്ളുന്നത്. സന്ദർശകർക്ക് റിസോർട്ടിൽ പ്രവേശിക്കാം. കക്കൂസ് മാത്രമാണ് ഉള്ളിൽ അവശേഷിക്കുന്നത്.

ബൊളീവിയൻ പർവതാരോഹകനായ ബെർണാഡോ ഗ്വാറാച്ചിക്ക്, മഞ്ഞിൽ സ്കീയിംഗ് നടത്താറുണ്ടായിരുന്ന 400 മീറ്റർ നീളമുള്ള ചരിവ് കാണുമ്പോൾ കണ്ണുകൾ തിളങ്ങുമായിരുന്നു. എന്നാൽ, ഇപ്പോൾ ആ പ്രദേശം കല്ലുകൾ കൊണ്ട് മൂടിയിരിക്കുകയാണ്. "ഇന്ന്, അതൊരു സെമിത്തേരിയാണ്" ഗ്വാരാച്ചി പറഞ്ഞു. ശനി, ഞായർ ദിവസങ്ങളിൽ പണ്ട് സ്കീയർമാരാൽ നിറഞ്ഞിരുന്നു ഇവിടം - ആ പർവതാരോഹകൻ ഓർക്കുന്നു.

67 -കാരനായ ഗ്വാറാച്ചി, പറയുന്നു, "ഒരു ലക്ഷ്യത്തിനായി മനുഷ്യൻ ഒരുപാട് മാറിയിരിക്കുന്നു, ആ ലക്ഷ്യം പണമാണ്. ധാരാളം പണം സമ്പാദിക്കുക, അതിനായി അവൻ പ്രകൃതിയെ (പർവ്വതങ്ങളെയും) മറന്നു" ഗ്വാരാച്ചി പറഞ്ഞു. CO2 ഉദ്‌വമനത്തിന്റെ കാര്യത്തിൽ ബൊളീവിയ 181 രാജ്യങ്ങളിൽ 80 -ാം സ്ഥാനത്താണ്. 

യുനെസ്‌കോയും നോർവീജിയൻ ഫൗണ്ടേഷൻ ഗ്രിഡ്-അരെൻഡലും ചേർന്ന് 2018 -ൽ പ്രസിദ്ധീകരിച്ച ആൻഡിയൻ ഗ്ലേസിയേഴ്‌സ് ആൻഡ് വാട്ടേഴ്‌സ് അറ്റ്‌ലസ് പറയുന്നതനുസരിച്ച്, "2050 -ഓടെ ബൊളീവിയയിലെ പെർമാഫ്രോസ്റ്റിന്റെ 95 ശതമാനം നഷ്‌ടപ്പെടും" അതിൽ മിക്കവാറും എല്ലാ ഹിമാനികളുടെ നഷ്ടവും ഉൾപ്പെടുന്നു. 

മേയർ ഡി സാൻ ആന്ദ്രെസ് യൂണിവേഴ്സിറ്റിയിലെ ഗ്ലേഷ്യോളജിസ്റ്റായ എഡ്സൺ റാമിറസ്, "ചകാൽതായയ്ക്ക് സമാനമായ എല്ലാ ഹിമാനികളും ഉരുകുന്നതിന്റെയും അവസാനിക്കുന്നതിന്റേതുമായ അവസ്ഥയിലൂടെ കടന്നു പോവുകയാണ്" എന്ന് എഎഫ്‌പിയോട് പറഞ്ഞു. 

1990 -കളുടെ അവസാനത്തിൽ, റാമിറെസും മറ്റ് ശാസ്ത്രജ്ഞരും ഹിമാനിയുടെ ഏറ്റവും കട്ടിയുള്ള ഭാഗം അളന്നു: 15 മീറ്റർ. “അടുത്ത 15 വർഷത്തിനുള്ളിൽ ഇത് അപ്രത്യക്ഷമാകുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു” അദ്ദേഹം പറഞ്ഞു. ആ നഷ്ടത്തിന് 11 വർഷമേ എടുത്തുള്ളൂ എന്നും അദ്ദേഹം പറയുന്നു. 

ലോകത്ത് എല്ലായിടത്തും നടക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ നമ്മുടെ ഭൂമിക്കേല്‍പ്പിച്ചുകൊണ്ടിരിക്കുന്ന ആഘാതത്തിന്‍റെ ഒരു ഉദാഹരണം മാത്രമാണ് ഈ ചകാല്‍തായയിലെ മഞ്ഞുരുക്കം എന്ന് പറയാതെ വയ്യ.

Latest Videos

click me!