ഇല്യാനയ്ക്കൊപ്പം മസില് പെരുപ്പിച്ച് മണിക്കുട്ടന്‍; ഒരു വൈറല്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം

First Published | Aug 10, 2022, 1:28 PM IST

വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ പലതും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍, മലയാളത്തില്‍ ആദ്യമായി ഒരു നടന്‍ പെരുമ്പാമ്പുമൊത്ത് ഒരു ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ആ ഫോട്ടോഷൂട്ട് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. നടന്‍ മണിക്കുട്ടനും ഫോട്ടോഗ്രാഫര്‍ ഗിരീഷ് അമ്പാടിയും ആ വൈറല്‍ ഫോട്ടോഷൂട്ടിന്‍റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നു. തിരുവന്തപുരം കാട്ടാക്കടെ സ്വദേശിയും 24 വര്‍ഷമായി ഫോട്ടോഗ്രഫി രംഗത്തുള്ള ഗിരീഷ് അമ്പാടിയുടെതാണ് ഈ ഫോട്ടോഷൂട്ടിന്‍റെ ആശയവും ചിത്രങ്ങളും. 

ജീവിതത്തില്‍ ആദ്യമായിട്ടാണ് താന്‍ ഒരു പാമ്പിനെ കൈ കൊണ്ട് എടുക്കുന്നതെന്നായിരുന്നു മണിക്കുട്ടന്‍റെ ആദ്യ മറുപടി. ഒരു പാമ്പ് അതും പെരുമ്പാമ്പ്. അങ്ങനെയൊരു ഫോട്ടോഷൂട്ടും ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു. ഗീരീഷേട്ടന്‍ ഒരു ഫോട്ടോഷൂട്ടിന് താത്പര്യമുണ്ടെന്ന് പറഞ്ഞപ്പോള്‍ വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ടാണെങ്കില്‍ ചെയ്യാമെന്ന് ഏറ്റു. അപ്പോഴാണ് പാമ്പുമായിട്ടാണെന്നും പേടിയുണ്ടോയെന്നും ചോദിക്കുന്നത്. സ്വാഭാവികമായും എനിക്ക് പേടിയുണ്ടെന്നും എങ്കിലും കണ്‍സപ്റ്റ് ഇഷ്ടപ്പെട്ടെന്നും ഫോട്ടോഷൂട്ട് ചെയ്യാമെന്ന് ഏല്‍ക്കുകയായിരുന്നെന്നും മണിക്കുട്ടന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

ഷൂട്ടിന് രണ്ട് മൂന്ന് ദിവസം മുമ്പ് ഇല്യാനയെ (അതാണ് പാമ്പിന്‍റെ പേര്) പോയി കണ്ടിരുന്നു. ആദ്യം കണ്ടപ്പോള്‍ അത്ര അടുപ്പമൊന്നും ഇല്യാന കാണിച്ചില്ല. എന്നാല്‍ രണ്ട് മൂന്ന് ദിവസത്തിന് ശേഷം ഫോട്ടോഷൂട്ടിന് കണ്ടപ്പോള്‍ ഇല്യാന പെട്ടെന്ന് ഞാനുമായി കൂട്ടായി. ഇത് ഫോട്ടോഷൂട്ടിന് ഏറെ സഹായകമായെന്നും മണിക്കുട്ടന്‍ കൂട്ടിച്ചേര്‍ത്തു.

Latest Videos


എങ്കിലും ഇല്യാനയുടെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കിയാണ് ഫോട്ടോഷൂട്ട് ചെയ്ത്. പാമ്പിനെ ശരീരത്തില്‍ വച്ച് അത് ഇഴഞ്ഞ് പോകുന്നതിന് അനുസരിച്ചായിരുന്നു ഫോട്ടോഷൂട്ട്. ഏറെ നേരമെടുത്ത് ക്ഷമയോടെയാണ് ഫോട്ടോഷൂട്ട് നടത്തിയത്. സത്യത്തില്‍ ആ ഫോട്ടോഷൂട്ടിലെ താരം ഇല്യാനയാണെന്നും മണിക്കുട്ടന്‍ പറഞ്ഞു. ആദ്യം വ്യത്യസ്തമായ ലുക്കില്‍ റിസോട്ടിന് വെളിയില്‍ വച്ചായിരുന്നു ഷൂട്ട് പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍, പുറത്തെ പ്രകൃതി കണ്ടപ്പോള്‍ ഇല്യാനയുടെ ശ്രദ്ധ മാറി. ഒടുവില്‍ ആ റിസോട്ടിന്‍റെ തന്നെ റൂഫ് ടോപ്പില്‍ വച്ചാണ് ഫോട്ടോഷൂട്ട് പൂര്‍ത്തിയാക്കിയത്. ഇല്യാനയ്ക്ക് കൂടുതല്‍ പ്രധാന്യം നല്‍കിയാണ് ഫോട്ടോഷൂട്ട് നടത്തിയതും. വലിയൊരു അനുഭവമായിരുന്നു ഇല്യാനയോടൊത്തുള്ള ഫോട്ടോഷൂട്ടെന്നും മണിക്കുട്ടന്‍ കൂട്ടിചേര്‍ത്തു.  

മണിക്കുട്ടന്‍, ഫിറ്റ്നസില്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന ഒരാളാണ്. അപ്പോള്‍ മണിക്കുട്ടനെ വച്ച് നമ്മള്‍ ഒരു ഫോട്ടോഷൂട്ട് പ്ലാന്‍ ചെയ്യുമ്പോള്‍‌ അതിന് പറ്റുന്ന ഒരു കണ്‍സെപ്റ്റ് വേണം. നേരത്തെയും വ്യത്യസ്തമായ ഫോട്ടോഷൂട്ടികള്‍ എടുത്തിട്ടുണ്ട്. അങ്ങനെയാണ് പെരുമ്പാമ്പുമൊത്തുള്ള ഫോട്ടോഷൂട്ടിന് താത്പര്യമുണ്ടോയെന്ന് മണിക്കുട്ടനോട് അന്വേഷിക്കുന്നത്. കാര്യം പറഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ അദ്ദേഹം അത് ചെയ്യാമെന്ന് ഏറ്റു. അങ്ങനെയാണ് ബാലരാമപുരത്തുള്ള മുഹമ്മദ് ഷാജിയെന്നയാളുമായി ബന്ധപ്പെട്ട് ഇല്യാന എന്ന പെരുമ്പാമ്പിനെ ഷൂട്ടിനായി റെഡിയാക്കിയത്. മുഹമ്മദ് ഷാജി സിനിമകള്‍ക്കും സീരിയലുകള്‍ക്കും ഇത്തരത്തില്‍ മൃഗങ്ങളെ നല്‍കുന്ന ഒരാളാണെന്നും ഗിരീഷ് അമ്പാടി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

തിരുവനന്തപുരം വെള്ളാര്‍ ആദിശക്തി ആയുര്‍വേദ വില്ലേജില്‍ വച്ചായിരുന്നു ഫോട്ടോഷൂട്ട്.  നായയെയോ, ആനയെയോ വച്ചാണ് ഫോട്ടോഷൂട്ടെങ്കില്‍ കാര്യങ്ങള്‍ കൂറെകൂടി എളുപ്പമാണ്. കാരണം അവയ്ക്കൊക്കെ നല്ല ശിക്ഷണം ലഭിക്കുന്നുണ്ട്. മാത്രമല്ല, നമ്മള്‍ ഒരു കാര്യം പറഞ്ഞാല്‍ അതിനനുസരിച്ച് പ്രതികരിക്കാനും അവയ്ക്ക് കഴിയും. എന്നാല്‍ ഒരു പെരുമ്പാമ്പ് അങ്ങനെയല്ല. അതിനോട് യാതൊന്നും പറഞ്ഞിട്ട് കാര്യമില്ല. അത് എന്ത് ചെയ്യുന്നുവോ അതിനനുസരിച്ച് നമ്മളും പ്രതികരിക്കുക മാത്രമാണ് സാധ്യമായിട്ടുള്ളതെന്നും ഗിരീഷ് അമ്പാടി പറയുന്നു. 

അത് നമ്മളെ ഉപദ്രവിക്കില്ല എന്ന ഒരു കാര്യത്തില്‍ മാത്രമേ നമ്മുക്ക് ഉറപ്പുള്ളൂ. ഫ്രെയിമില്‍ എങ്ങനെ കാണുമെന്ന് നമ്മുക്ക് ഒരു മുന്‍ധാരണയും ഉണ്ടാകില്ല. ഫോട്ടോ, എടുത്തശേഷം മാത്രമേ നമ്മുക്ക് എങ്ങനെയാണ് ആ ചിത്രം എന്ന് മനസിലാക്കാന്‍ കഴിയൂ. കാരണം ഇത്തരം ജീവികള്‍ എപ്പോഴും ചലിച്ച് കൊണ്ടിരിക്കും അവയെ നമ്മുക്ക് നിയന്ത്രിക്കാനാകില്ലെന്നത് തന്നെ. മാത്രമല്ല, കേരളത്തില്‍ ഇത്തരത്തിലൊരു ഫോട്ടോഷൂട്ട് ആദ്യമാണെന്നും ഗിരീഷ് അമ്പാടി പറഞ്ഞു. 

അതോടൊപ്പം പറയേണ്ട ഒന്നാണ് മണിക്കുട്ടന്‍റെ മനോധൈര്യം. പെരുമ്പാമ്പ് നമ്മുടെ കഴുത്തില്‍ ചുറ്റി ഇങ്ങനെ ഇഴയുമ്പോളാണ് ചിത്രങ്ങളെടുക്കുന്നത്. ആ സമയം നമ്മുടെ മുഖത്തെ ഭാവം അല്പമൊന്ന് മാറിയാല്‍ ആ ചിത്രം നമ്മള്‍ ഉദ്ദേശിച്ച തരത്തില്‍ വന്ന് കൊള്ളണമെന്നില്ല. ചിലപ്പോള്‍ അത് ഉപയോഗിക്കാന്‍ പോലും പറ്റാതെയാകും ഗിരീഷ് അമ്പാടി പറയുന്നു. മലേഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്ത ബാള്‍ പൈത്തണ്‍ ഇനത്തില്‍പ്പെട്ട പെരുമ്പാമ്പാണ് ഇല്യാന. 

എന്നാല്‍,  മണിക്കുട്ടനില്‍ നിന്ന് അത്തരമൊരു പ്രശ്നം ഉണ്ടായിട്ടില്ല. മണിക്കുട്ടനില്‍ നിന്ന് വലിയൊരു സപ്പോര്‍ട്ടാണ് അക്കാര്യത്തില്‍ ലഭിച്ചത്. മാത്രമല്ല, കുറച്ച് നേരം കഴിഞ്ഞപ്പോള്‍ ഇല്യാനയും മണിക്കുട്ടനും തമ്മില്‍ ഒരു കെമിസ്ട്രി വര്‍ക്കൗട്ടായി. വളരെ പെട്ടെന്ന് തന്നെ അവര്‍ സിങ്കായി. അത് ഫോട്ടോഷൂട്ടിനെ ഏറെ സഹായിച്ചെന്നും ഫോട്ടോഗ്രാഫര്‍ ഗിരീഷ് അമ്പാടി പറയുന്നു. 

ഫോട്ടോ ഷൂട്ടിന് പുറകില്‍ പ്രവര്‍ത്തിച്ചവര്‍. ചിത്രങ്ങളും കണ്‍സെപ്റ്റും ഗിരീഷ് അമ്പാടി. മുഹമ്മദ് ഷായാണ് ഇല്യാനയുടെ ട്രൈനര്‍. ആദിശക്തി ആയുര്‍വേദ വില്ലേജിലായിരുന്നു ഫോട്ടോഷൂട്ട്. മെയ്ക്ക് ഓവര്‍ലിസ് മെയ്ക്കപ്പ്. ഗോപന്‍ വൈറ്റ് മാജികാണ് ഹെയര്‍ സ്റ്റൈലിസ്റ്റ്. ടാറ്റൂസ് എംജെയാണ് ടാറ്റൂ ആര്‍ട്ടിസ്റ്റ്. വീഡിയോ വിനില്‍ വി ആര്‍. ഇമേജ് റീട്ടെച്ച് നവീന്‍. 

click me!