IFFK 2022 : ചലച്ചിത്രമേളയില്‍ പോരാട്ടത്തിന്‍റെ പെണ്‍പ്രതീകങ്ങളായി ഭാവനയും ലിസയും

First Published | Mar 19, 2022, 12:19 PM IST

26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ (IFFK 2022) ഉദ്ഘാടന വേദിയില്‍ അപ്രതീക്ഷിത അതിഥിയായി ഭാവന (Bhavana) എത്തിയത് നിറഞ്ഞ കരഘോഷത്തോടെയാണ് കാണികള്‍ ഏറ്റെടുത്തത്. ഐഎസ് ആക്രമണത്തില്‍ ഇരുകാലുകളും നഷ്ടമായ ടര്‍ക്കിഷ് സംവിധായിക ലിസ ചലാനും കേരളത്തിന്‍റെ അതിജീവിത ഭാവനയും രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം നിറഞ്ഞ സദസിലേക്ക് തിരിച്ചെത്തിയ ഐഎഫ്എഫ്കെയുടെ വേദിയെ ധന്യമാക്കി. സംവിധായകന്‍ അനുരാഗ് കശ്യപ് ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്‍റണി രാജു, ജി ആര്‍ ആനില്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, വി കെ പ്രശാന്ത് എംഎല്‍എ, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്, കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എൻ കരുണ്‍, സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ്, ഐഎഫ്എഫ്കെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീന പോള്‍, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേം കുമാര്‍, സെക്രട്ടറി സി അജോയ് എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു. 

ഏഴ് വ്യത്യസ്ത വിഭാഗങ്ങളിലായി 173 ചിത്രങ്ങളാണ് ഇത്തവണ ചലച്ചിത്ര മേളയില്‍ പ്രദര്‍ശനത്തിനുണ്ടാവുക. 15 തിയറ്ററുകളിലായാണ് പ്രദര്‍ശനം. മഹാമാരിയും യുദ്ധവും പ്രതിസന്ധിയിലാക്കിയ മനുഷ്യരുടെ അതിജീവനക്കാഴ്ച്ചകളാണ് ഇത്തവണത്തെ മേളയുടെ പ്രത്യേകത.  

പതിനായിരത്തോളം പ്രതിനിധികൾക്കാണ് ഇത്തവണ മേളയിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഇതാദ്യമായി തിയറ്ററുകളിൽ എല്ലാ സീറ്റുകളിലും പ്രവേശനം അനുവദിക്കും. 

Latest Videos


അന്താരാഷ്ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ്, നെടുമുടി വേണുവിന് ആദരം എന്നിവ ഉൾപ്പടെ എഴു പാക്കേജുകളാണ് മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 

സംഘര്‍ഷഭരിതമായ ദേശങ്ങളിലെ ജീവിതം പകര്‍ത്തുന്ന ഫിലിംസ് ഫ്രം കോണ്‍ഫ്ലിക്റ്റ് എന്ന പാക്കേജാണ് ഇത്തവണത്തെ മേളയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ആഭ്യന്തര സംഘർഷം കാരണം സമാധാനം നഷ്ടപ്പെട്ട അഫ്ഗാനിസ്ഥാന്‍, ബര്‍മ്മ, കുര്‍ദിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സിനിമകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെ വിവിധ അന്താരാഷ്ട്ര മേളകളില്‍ ഫിപ്രസ്കി പുരസ്കാരം ലഭിച്ച സിനിമകളുടെ പാക്കേജ് ഫിപ്രസ്കി ക്രിട്ടിക്സ് വീക്ക് എന്ന വിഭാഗത്തിൽ പ്രദര്‍ശിപ്പിക്കും. അന്തരിച്ച നടന്‍ നെടുമുടി വേണുവിന് ആദരമര്‍പ്പിച്ചുകൊണ്ടുള്ള റെട്രോസ്പെക്റ്റീവും ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ടർക്കിഷ് സംവിധായകൻ എമ്ർ കയ്‌സ് സംവിധാനം ചെയ്ത അനറ്റോളിയൻ ലെപ്പേഡ്, സ്പാനിഷ് ചിത്രമായ കമീല കംസ് ഔട്ട് റ്റു നെറ്റ്, ക്ലാരാ സോള, ദിനാ അമീറിന്റെ യു റീസെമ്പിൾ മി, മലയാളചിത്രമായ നിഷിദ്ധോ, ആവാസ വ്യൂഹം തുടങ്ങിയ ചിത്രങ്ങളാണ് അന്താരാഷ്‌ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. തമിഴ് ചിത്രമായ കൂഴങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.

അഫ്‌ഗാൻ ചിത്രമായ ഡ്രൌണ്ടിംഗ് ഇൻ ഹോളി വാട്ടർ, സിദ്ദിഖ് ബർമാക് സംവിധാനം ചെയ്ത ഓപ്പിയം വാർ, കുർദിഷ് ചിത്രം കിലോമീറ്റർ സീറോ, മെറൂൺ ഇൻ ഇറാഖ്, മ്യാൻമർ ചിത്രം മണി ഹാസ് ഫോർ ലെഗ്‌സ് തുടങ്ങിയ ചിത്രങ്ങളാണ് ഫിലിംസ് ഫ്രം കോണ്‍ഫ്ലിക്റ്റ് എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. 

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് മേള നടക്കുന്നതെന്നും പ്രതിനിധികൾക്ക് മാസ്ക് നിർബന്ധമാക്കിയിട്ടുണ്ടെന്നും ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി അജോയ് അറിയിച്ചു. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം നിറഞ്ഞ സദസില്‍ പുനരാരംഭിച്ച ചലച്ചിത്രമേളയുടെ ഉദ്ഘാടനത്തിന് തിരുവനന്തപുരം നിശാഗന്ധിയില്‍ വന്‍ ജനക്കൂട്ടം തന്നെയെത്തിയിരുന്നു. 

ഉദ്ഘാടനവേദിയിലെത്തിയ ഭാവനയും ടര്‍ക്കിഷ് സംവിധായിക ലിസ ചലാനും പോരാട്ടത്തിന്‍റെ പ്രതീകങ്ങളായി. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഭാവന കേരളത്തില്‍ ഒരു പൊതുവേദിയിലെത്തുന്നത്. 

ഐഎസ് ആക്രമണത്തില്‍ ഇരുകാലുകളും നഷ്ടമായ ടര്‍ക്കിഷ് സംവിധായിക ലിസ ചലാന്‍, ഉദ്ഘാടന ചിത്രം മെര്‍ഹനയിലെ നായിക നടി അസ്‍മരി ഹഖ്, നടി ഭാവന എന്നിവരും ചടങ്ങിലെ അതിഥികള്‍ ആയിരുന്നു. ഇത്തവണത്തെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം ലിസ ചലാന് ആയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ലിസയ്ക്ക് പുരസ്കാരം സമ്മാനിച്ചു. 

പ്രതിലോമശക്തികളുടെ ആക്രമണങ്ങള്‍ നേരിടേണ്ടിവന്നിട്ടുള്ള ജീവിക്കുന്ന രക്തസാക്ഷിയാണ് ലിസ ചലാനെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. സിനിമയെന്ന മാധ്യമത്തെ പുരോഗമനപരമായി ഉപയോഗിച്ച ലിസ ചലാന്‍ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരത്തിന് ഏറ്റവും അര്‍ഹയാണ്. അവരെ ആദരിക്കുന്നതിലൂടെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടിയാണ് ആദരിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

മേളയുടെ ഭാഗമാവാന്‍ സാധിച്ചതിലുള്ള സന്തോഷം പ്രകടിപ്പിച്ചുകൊണ്ടുള്ളതായിരുന്നു ഭാനവ സംസാരിച്ചത്. ഈ ചലച്ചിത്രോത്സവത്തിന്‍റെ ഒരു ഭാഗമാവാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷം. ക്ഷണിച്ച രഞ്ജിത്ത് സാറിനും ബീനച്ചേച്ചിക്കും പ്രത്യേക നന്ദി. നല്ല സിനിമകള്‍ സൃഷ്ടിക്കുന്നവര്‍ക്കും നല്ല സിനിമകള്‍ ആശ്വദിക്കുന്നവര്‍ക്കും ലിസയെപ്പോലെ എല്ലാ പ്രതിബന്ധങ്ങള്‍ക്കെതിരെയും പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കും എന്‍റെ എല്ലാവിധ ആശംസകളും, ഭാവന പറഞ്ഞു.

ഇന്ത്യന്‍ സിനിമയില്‍ പൊതുവെ ചരിത്രം വളച്ചൊടിക്കപ്പെടുന്ന കാലത്ത് മലയാള സിനിമ നാം ജീവിക്കുന്ന കാലത്തെ അടയാളപ്പെടുത്തുകയാണെന്ന് പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് (Anurag Kashyap) പറഞ്ഞു. മേളയുടെ മുഖ്യാതിഥിയായി എത്തിയതായിരുന്നു അനുരാഗ്. കഴിഞ്ഞ മൂന്നാല് വര്‍ഷങ്ങളായി ഐഎഫ്എഫ്കെയ്ക്ക് എത്താന്‍ ശ്രമിക്കുന്നു. പക്ഷേ സമയത്തിന്‍റെ അപര്യാപ്തത കാരണം സാധ്യമായില്ലെന്നും അനുരാഗ് പറഞ്ഞു. 

എന്‍റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമൊക്കെ ഏറെയും കേരളത്തില്‍ നിന്നാണ്. ഇന്ത്യന്‍ സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്ന കാലത്ത് മലയാള സിനിമ നമ്മള്‍ ജീവിക്കുന്ന കാലത്തെ അടയാളപ്പെടുത്തുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമകള്‍ വരുന്നത് ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നിന്നാണ്. മുഖ്യധാരയിലും പരീക്ഷണങ്ങള്‍ നടക്കുന്നു എന്നതാണ് മലയാള സിനിമയുടെ പ്രത്യേകത. അത് ഈ മണ്ണില്‍ വേരുറപ്പിക്കുന്നതും സമയ കാലങ്ങളെ അടയാളപ്പെടുക്കുന്നതുമാണ്. എന്നാല്‍ അത് ഹിന്ദിയില്‍ ഞാന്‍ കാണുന്നില്ലെന്നും അനുരാഗ് പറഞ്ഞു.

ഈ വര്‍ഷത്തെ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മുഖ്യാതിഥി ഐസിസ് ആക്രമണത്തിന്റെ ജീവിക്കുന്ന ഒരു രക്തസാക്ഷിയാണ് ടര്‍ക്കിയില്‍ ജനിച്ചു വളര്‍ന്ന യുവകുര്‍ദിഷ് സംവിധായിക ലിസ ചലാന്‍. ഐസിസ് ആക്രമണത്തില്‍ ഇരു കാലുകളും നഷ്ടപ്പെട്ടിട്ടും കൃത്രിമ കാലുകളുടെ സഹായത്തോടെ സ്വന്തം വിധിയെ രാഷ്ട്രീയമായും സര്‍ഗാത്മകമായും മറികടക്കുകയാണ് ഈ യുവതി. 

26-ാമത് ചലച്ചിത്ര മേളയില്‍ അഞ്ചു ലക്ഷം രൂപയുടെ 'സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ്' ലിസയ്ക്കാണ്. ആദ്യമായാണ് ഐ ഐ എഫ് കെ യില്‍ ഇത്തരമൊരു പുരസ്‌കാരം ഏര്‍പ്പെടുത്തുന്നത്. ആദ്യമായി കേരളത്തില്‍ വരുന്നത് ഏറെ സന്തോഷത്തോടെയാണെന്ന് ലിസ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

''കേരളത്തെക്കുറിച്ച് ഏറെ കേട്ടിട്ടുണ്ട്. മലയാളത്തിലെ പ്രസിദ്ധീകരണങ്ങള്‍ കുര്‍ദ് വിഷയങ്ങള്‍ക്ക് നല്‍കുന്ന പരിഗണന ആദരവോടെയാണ് കാണുന്നത്. സാക്ഷരതയും പ്രബുദ്ധതയുമുള്ള ഒരു നാട് നല്‍കുന്ന ഈ ആദരവ് കുര്‍ദ് പോരാട്ടങ്ങള്‍ക്കുള്ളതായാണ് കാണുന്നത്''-ഇ മെയില്‍ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. 

ഐഎസ് ആക്രമണത്തിന് എന്‍റെ ശരീരത്തെ മാത്രമേ പരിക്കേൽപ്പിക്കാനായുള്ളൂ. ആശയമാണ് പ്രധാനം. ഈ പോരാട്ടവീര്യം ഞങ്ങളുടെ രക്തത്തിൽ അലിഞ്ഞതാണ്. പൂർവികർ തന്നതാണ്. എന്‍റെ സിനിമകൾ കലഹിക്കുന്നതാകണമെന്നെനിക്ക് നിർബന്ധമുണ്ട്. സിനിമ ജീവിതങ്ങളെ പകർത്തുന്നതാവണമെന്നും രാഷ്‍ട്രീയം പറയുന്നതാകണമെന്നുമുണ്ടെന്നും  ലിസ കൂട്ടിചേര്‍ക്കുന്നു.

തുർക്കിയിൽ മാത്രം 30 ദശലക്ഷം കുർദുകളാണ് വലിയ സമ്മർദത്തിൽ കഴിയുന്നത്. ഐഎസ് ഭീകരത തന്റെ മേലും തന്റെ ജനതയ്ക്ക് മേലുമുണ്ടാക്കിയ മുറിവുകളെക്കുറിച്ചും ആത്മാംശമുൾക്കൊള്ളുന്ന സിനിമയാണ് അടുത്ത ലക്ഷ്യം.  ഐഎസ് നടത്തിയ ക്രൂരതകളെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടും. ഞങ്ങളുടെ പോരാട്ടം തുറന്നുകാട്ടുന്ന സിനിമകളും ഉണ്ടാവുമെന്നും ലിസ ചലാൻ ഉറപ്പു പറയുന്നു.

click me!