ബീഗം പാരയുടെ അഭിനയ ശൈലിയും തീക്ഷ്ണതയും അവരെ ഒരു ജനപ്രിയ സ്റ്റൈൽ ഐക്കണാക്കി മാറ്റി. അക്കാലത്ത് ബീഗം പാരയ്ക്ക് ഒരു സിനിമാ നടിയില്‍ കവിഞ്ഞ ആരാധനാ പ്രതിച്ഛായയും നൽകി.
നീൽ കമൽ (1947), ജർണ (1948), കർഭല (1956) തുടങ്ങിയ ചിത്രങ്ങളിലെ അവരുടെ അഭിനയം അതിശയിപ്പിക്കുന്നതായിരുന്നു. അക്കാലത്തെ ഇന്ത്യന്‍ സിനിമാ ലോകത്തിലെ മികച്ച നടിമാരില്‍ ഒരാളാണ് താനെന്ന് അവര്‍ തന്‍റെ ആദ്യ ചിത്രങ്ങളിലൂടെ തെളിയിച്ചു.
'50 കളിലെ ഹിന്ദി സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്നു ബീഗം പാര, എന്നാല്‍ 20 വര്‍ഷത്തെ സിനിമ ജീവിതം അവര്‍ പെട്ടെന്ന് തന്നെ ഉപേക്ഷിച്ചു. 50 വർഷങ്ങൾക്ക് ശേഷം, സഞ്ജയ് ലീല ബൻസാലിയുടെ സാവരിയയിൽ (2007) സോനം കപൂറിന്‍റെ മുത്തശ്ശിയായി അഭിനയിച്ച് കൊണ്ടാണ് പിന്നീട് അവർ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്നത്.
ബ്രിട്ടീഷ് ഇന്ത്യയിലെ (ഇന്നത്തെ പാകിസ്ഥാനിൽ) ഝലം എന്ന സ്ഥലത്താണ് ബീഗം പാര ജനിച്ചത്. സുബേദ ഉൾ ഹഖ് (Zubeda Ul Haq) എന്നായിരുന്നു അവരുടെ യഥാര്‍ത്ഥ പേര്. അലിഗഢിൽ നിന്നുള്ളവരായിരുന്നു ബീഗം പാരയുടെ കുടുംബാംഗങ്ങള്‍.
ബീഗം പാരയുടെ അച്ഛന്‍ ഇന്നത്തെ വടക്കൻ രാജസ്ഥാനിലെ ബിക്കാനീർ നാട്ടുരാജ്യത്തിന്‍റെ പരമോന്നത കോടതിയുടെ ചീഫ് ജസ്റ്റിസായിരുന്നു. അക്കാലത്തെ മികച്ച ക്രിക്കറ്റ് കളിക്കാരന്‍ കൂടിയായിരുന്നു അദ്ദേഹം.
വളരെ സ്വതന്ത്ര ചിന്താഗതിക്കാരനായിരുന്ന അദ്ദേഹം മക്കളെ ലിബറലുകളായാണ് വളര്‍ത്തിയത്. അലിഗഢ് മുസ്ലീം സർവകലാശാലയില്‍ നിന്ന് വിദ്യാഭ്യാസം നേടിയ ബീഗം പാരയുടെ കുട്ടിക്കാലം ബിക്കാനീറിലായിരുന്നു.
ജ്യേഷ്ഠൻ മസ്രുറുൽ ഹഖ് 1930-കളില്‍ അഭിനയ മോഹവുമായി ബോംബേയ്ക്ക് വണ്ടി കയറിയതായിരുന്നു ബീഗം പാരയുടെ ജീവിതത്തിലെ വഴിത്തിരിവ്. ജ്യേഷ്ഠനെ കാണാനായി ബോംബേയ്ക്ക് വണ്ടി കയറിയപ്പോഴൊക്കെ ബീഗം പാരയ്ക്ക് നിരവധി സിനിമാ ഓഫറുകള്‍ ലഭിച്ചു.
1944-ൽ പൂനയിലെ പ്രഭാത് സ്റ്റുഡിയോയിൽ നിന്നുള്ള ചന്ദ് എന്ന ചിത്രമായിരുന്നു ബീഗം പരയുടെ ആദ്യ സിനിമ. പിന്നീട് സഹോദര ഭാര്യയായ പ്രൊതിമയും ചേർന്ന് 'പിഗ്മാലിയൻ' എന്ന നോവലിനെ അടിസ്ഥാനമാക്കി ചാമിയ (1945) എന്ന സിനിമ നിർമ്മിച്ചു.
ആദ്യ സിനിമയിലെ ഗ്യാമര്‍ പരിവേഷം പിന്നീടങ്ങോട്ടുള്ള ചിത്രങ്ങളിലും ബീഗം പാരയെ പിന്തുടര്‍ന്നു. 1951-ലാണ് ബീഗം പാര ഒരു ലൈഫ് മാഗസിൻ ഫോട്ടോ ഷൂട്ടിനായി ഫോട്ടോഗ്രാഫർ ജെയിംസ് ബർക്കിന് മുന്നില്‍ പോസ് ചെയ്യുന്നത്. ആ ഫോട്ടോഗ്രാഫുകള്‍ അന്ന് വളരെയേറെ പ്രശസ്തി നേടി.
ബോളിവുഡ് നടൻ ദിലീപ് കുമാറിന്‍റെ ഇളയ സഹോദരനായ നടൻ നാസിർ ഖാനെയാണ് ബീഗം പാര വിവാഹം കഴിച്ചത്. ഇവർക്ക് നടൻ അയൂബ് ഖാൻ ഉൾപ്പെടെ മൂന്ന് കുട്ടികള്‍. 1974-ൽ ഭര്‍ത്താവിന്‍റെ മരണത്തെ തുടര്‍ന്ന് അവര്‍ കുടുംബത്തോടൊപ്പം പാകിസ്ഥാനിലേക്ക് താമസം മാറ്റയെങ്കിലും രണ്ട് വർഷത്തിന് ശേഷം ഇന്ത്യയിലേക്ക് തന്നെ മടങ്ങി. 2008 ഡിസംബർ 9-ന് 81-ാം വയസില്‍ ഉറക്കത്തിനിടെയായിരുന്നു ബീഗം പാരയുടെ മരണം.