ചിത്രത്തിലെ 'ദേവദൂതർ പാടി.. ' എന്ന ഗാനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രെന്റ്. വേറിട്ട ചുവടുകളുമായി ഗാനത്തിൽ നിറഞ്ഞു നിൽക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചൻ. വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ഗാനത്തേയും താരത്തിന്റെ പ്രകടനത്തെയും ഏറ്റെടുത്തിരിക്കുന്നത്.
മമ്മൂട്ടി നായകനായ 'കാതോട് കാതോരം' എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ 'ദേവദൂതര്‍ പാടി' എന്ന ഗാനം ‘ന്നാ താന്‍ കേസ് കൊടി'ന് വേണ്ടി റിപ്രൊഡ്യൂസ് ചെയ്‍ത് പുറത്തിറക്കുക ആയിരുന്നു. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ10 മില്യൺ കാഴ്ച്ചക്കരെയാണ് ഗാനം സ്വന്തമാക്കിയത്. മലയാളത്തിൽ ആദ്യമായി ഏറ്റവും വേഗത്തിൽ 10 മില്യൺ കാഴ്ച്ചക്കാരെ സ്വന്തമാക്കിയ ഗാനം എന്ന പ്രത്യേകതയും ഈ പാട്ടിന് സ്വന്തമാണ്.
ഇപ്പോഴിതാ ദേവദൂതർ ഡാൻസുമായി ലുലുമാളിനെ ഇളക്കിമറിച്ചിരിക്കുകയാണ് ചാക്കോച്ചൻ.‘ന്നാ താന്‍ കേസ് കൊടി'ന്റെ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ലുലുമാളിൽ താരം എത്തിയത്.
"ഇതിനെ ഡാൻസ് എന്ന് പറയാമോ എന്ന് അറിയില്ല. നമുക്ക് ഇഷ്ടമുള്ളത് പോലെ അറമാതിച്ച് ചെയ്യുക എന്നത് മാത്രമാണ് ഈ പാട്ടിന്റെ ഒരു കിക്ക് എന്ന് പറയുന്നത്. ഉത്സവപറമ്പുകളിലും മറ്റും കാണുന്ന പ്രത്യേകതരം ആളുകളുടെ നൃത്ത ചുവടുകളാണ് ഇത്. ഞാനത് ആസ്വദിച്ച് ചെയ്തതാണ്", എന്ന് പറഞ്ഞ് കൊണ്ടായിരുന്നു കുഞ്ചാക്കോ പാട്ടിന് ചുവടുവച്ചത്.
താൻ ഈണമിട്ട ഗാനം വീണ്ടും എത്തിയ സന്തോഷം പങ്കുവച്ച് ഔസേപ്പച്ചനും രംഗത്തെത്തിയിരുന്നു. റിപ്രൊഡ്യൂസ് ചെയ്‍ത 'ദേവദൂതര്‍ പാടി' ഗാനം ആലപിച്ചിരിക്കുന്നത് ബിജു നാരായണന്‍. ജാക്സണ്‍ അര്‍ജ്വ ആണ് ഗാനം റീപ്രൊഡ്യൂസ് ചെയ്‍തത്.
രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആണ് ‘ന്നാ താന്‍ കേസ് കൊടി'ന്റെ സംവിധായകൻ. സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു' ശേഷം രതീഷ് ബാലകൃഷ്ണനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രവുമാണിത്.
സൂപ്പര്‍ ഡീലക്സ് ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ തമിഴ് താരം ഗായത്രി ശങ്കര്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഗായത്രിയുടെ ആദ്യ മലയാള ചിത്രമാണിത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലും കനകം കാമിനി കലഹത്തിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച രാജേഷ് മാധവനാണ് മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, സൈജു കുറുപ്പ് എന്നിവരും അഭിനയിക്കുന്നു. കൊഴുമ്മൽ രാജീവൻ അഥവാ അംബാസ് രാജീവൻ എന്നാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ചിത്രം ഓഗസ്റ്റ് 11ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.