Republic Day 2022 : ബിഗ് സ്ക്രീനില്‍ ദേശസ്നേഹം അനുഭവിപ്പിച്ച 10 സിനിമകള്‍

First Published | Jan 25, 2022, 11:06 PM IST

ദേശസ്നേഹം എന്നത് ലോകമെങ്ങും സിനിമകളുടെ പ്രിയ പ്രമേയങ്ങളില്‍ ഒന്നാണ്. കാണികളെ ആകര്‍ഷിക്കുന്നതില്‍ ഒരു മിനിമം ഗ്യാരന്‍റി അത്തരം സിനിമകള്‍ക്ക് ഉണ്ടുതാനും. ഇന്ത്യന്‍ സിനിമയില്‍ ദേശസ്നേഹത്താല്‍ സിനിമാപ്രേമികളെ പ്രചോദിപ്പിച്ച പത്ത് ചിത്രങ്ങള്‍ റിപബ്ലിക് ദിനത്തില്‍ ഓര്‍ത്തെടുക്കാം.

രംഗ് ദേ ബസന്തി

രാകേഷ് ഓംപ്രകാശ് മെഹ്‍റയുടെ സംവിധാനത്തില്‍ 2006ല്‍ പുറത്തെത്തിയ ഹിന്ദി ചിത്രം. ആമിര്‍ ഖാനും സിദ്ധാര്‍ഥും ഷര്‍മാന്‍ ജോഷിയും അതുല്‍ കുല്‍ക്കര്‍ണിയുമൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ആ വര്‍ഷത്തെ ഏറ്റവും ജനപ്രീതി നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. മികച്ച ജനപ്രിയ ചിത്രത്തിനുള്ളതടക്കം നാല് ദേശീയ പുരസ്‍കാരങ്ങളും നേടിയിരുന്നു ചിത്രം. യുവാക്കളുടെ ഫേവറിറ്റി ലിസ്റ്റില്‍ നിന്ന് ഇനിയും സ്ഥാനമൊഴിയാത്ത ചിത്രം

ചക് ദേ ഇന്ത്യ

ഇന്ത്യന്‍ സ്പോര്‍ട്സ് ഡ്രാമ ചിത്രങ്ങളിലെ എക്കാലത്തെയും മികച്ചവയുടെ പട്ടികയിലാണ് ഈ ചിത്രം. ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്‍റെ കഥ പറഞ്ഞ ഹിന്ദി ചിത്രത്തില്‍ പരിശീലകന്‍റെ വേഷത്തിലെത്തിയത് ഷാരൂഖ് ഖാന്‍. കബീര്‍ ഖാന്‍ എന്നായിരുന്നു ഈ കഥാപാത്രത്തിന്‍റെ പേര്.

Latest Videos


കീര്‍ത്തിചക്ര

മലയാളത്തില്‍ അതുവരെ വന്നിരുന്ന 'പട്ടാള സിനിമകളി'ലെ കൃത്രിമത്വവും ക്ലീഷെയുമെല്ലാം അടിമുടി പൊളിച്ച സിനിമ. മേജര്‍ രവി എന്ന മുന്‍ പട്ടാള ഉദ്യോഗസ്ഥന്‍റെ സംവിധാന അരങ്ങേറ്റം. 'മേജര്‍ മഹാദേവനാ'യി മോഹന്‍ലാലും കൈയടി നേടി.

ലഗാന്‍

ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്‍റെ ആദ്യ ചിത്രമായി 2001ല്‍ പ്രദര്‍ശനത്തിനെത്തിയ എപിക് മ്യൂസിക്കല്‍ സ്പോര്‍ട്സ് ചിത്രം. ഭുവന്‍ ലത എന്ന കഥാപാത്രമായി ആമിര്‍ എത്തിയ ഹിന്ദി ചിത്രം സംവിധാനം ചെയ്‍തത് അശുതോഷ് ഗൊവാരിക്കര്‍ ആയിരുന്നു. ബോക്സ് ഓഫീസിലും തരംഗം സൃഷ്‍ടിച്ച ചിത്രത്തിലെ ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചവയാണ്.

ഇന്ത്യന്‍

ഷങ്കറിന്‍റെ സംവിധാനത്തില്‍ 1996ല്‍ പ്രദര്‍ശനത്തിനെത്തിയ വിജിലാന്‍റെ പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ തമിഴ് ചിത്രം. സേനാപതിയും ചന്ദ്രബോസുമായി ഡബിള്‍ റോളിലെത്തിയ കമല്‍ ഹാസന്‍. ടെലിവിഷനിലൂടെയും ഒടിടിയിലൂടെയും ഇപ്പോഴും റിപ്പീറ്റ് വാച്ച് ലഭിക്കുന്ന ചിത്രം.

മംഗല്‍ പാണ്ഡേ: ദ് റൈസിംഗ്

മംഗല്‍ പാണ്ഡേയുടെ ജീവിതത്തെ ആസ്‍പദമാക്കി കേതന്‍ മെഹ്ത സംവിധാനം നിര്‍വ്വഹിച്ച ഹിസ്റ്റോറിക്കല്‍ ബയോഗ്രഫിക്കല്‍ ഡ്രാമ ചിത്രം. ടൈറ്റില്‍ റോളില്‍ ആമിര്‍ ഖാന്‍ തിളങ്ങിയ ഹിന്ദി ചിത്രം. ബോക്സ് ഓഫീസിലും വിജയം.

സ്വദേശ്

അശുതോഷ് ഗൊവാരിക്കറിന്‍റെ സംവിധാനത്തില്‍ ഷാരൂഖ് ഖാന്‍ നായകനായെത്തിയ ഹിന്ദി ചിത്രം ബോക്സ് ഓഫീസില്‍ അന്ന് അര്‍ഹിക്കുന്ന വിജയം നേടിയ ഒന്നല്ല. എന്നാല്‍ ഇന്ന് ബോളിവുഡില്‍ കള്‍ട്ട് പദവിയുണ്ട് ഈ ചിത്രത്തിന്. ഷാരൂഖ് ഖാന്‍റെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് ഇതിലെ 'മോഹന്‍ ഭാര്‍ഗവ'.

മദര്‍ ഇന്ത്യ

മെഹ്‍ബൂബ് ഖാന്‍റെ സംവിധാനത്തില്‍ 1957ല്‍ പുറത്തെത്തി പില്‍ക്കാലത്ത് കള്‍ട്ട് പദവി തന്നെ നേടിയ എപിക് ഡ്രാമ ഹിന്ദി ചിത്രം. രാധ സിംഗ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് നര്‍ഗീസ് ദത്ത് ആയിരുന്നു.

എ വെനസ്‍ഡേ

നീരജ് പാണ്ഡേയുടെ സംവിധാനത്തില്‍ 2008ല്‍ പ്രദര്‍ശനത്തിനെത്തിയ വ്യത്യസ്‍ത ഭാവത്തിലുള്ള ഹിന്ദി ത്രില്ലര്‍ ചിത്രം. അനുപം ഖേറും നസീറുദ്ദീന്‍ ഷായുമൊക്കെ മത്സരിച്ചഭിനയിച്ച ചിത്രം. 2009ല്‍ ഉന്നൈപ്പോല്‍ ഒരുവന്‍ എന്ന പേരില്‍ ഈ ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. കമല്‍ ഹാസനും മോഹന്‍ലാലുമായിരുന്നു പ്രധാന വേഷങ്ങളില്‍.

ഉറി: ദ് സര്‍ജിക്കല്‍ സ്ട്രൈക്ക്

ആദിത്യ ധറിന്‍റെ സംവിധാനത്തില്‍ 2019ല്‍ പ്രദര്‍ശനത്തിനെത്തിയ ഹിന്ദി ആക്ഷന്‍ ചിത്രം. ഇന്ത്യന്‍ സൈന്യം 2016ല്‍ ഉറിയില്‍ നടത്തിയ ആക്രമണത്തെ ആസ്‍പദമാക്കിയുള്ള ചിത്രത്തില്‍ വിക്കി കൗശല്‍ ആയിരുന്നു നായകന്‍. ചിത്രം ബോക്സ് ഓഫീസില്‍ തരംഗം തീര്‍ത്തു. 

click me!