അലാസ്‌ക മലനിരകള്‍ കിടിലോസ്‌കി; മരങ്ങള്‍ക്ക് മീതെ കുടപോലെ 'നോര്‍ത്തേണ്‍ ലൈറ്റ്സ്'- ചിത്രങ്ങള്‍

First Published | Sep 18, 2024, 12:03 PM IST

അലാസ്‌ക: അതിശക്തമായ സൗരകൊടുങ്കാറ്റിനെ തുടര്‍ന്ന് 2024 സെപ്റ്റംബര്‍ 16ന് 'നോർത്തേൺ ലൈറ്റ്സ്' അഥവാ 'ധ്രുവദീപ്‌തി' (അറോറാ) അമേരിക്കയിലും കാനഡയിലും വ്യാപകമായി ദൃശ്യമായി. പ്രവചിച്ചതിനേക്കാള്‍ ആറ് മണിക്കൂര്‍ വൈകിയാണ് ഈ ആകാശക്കാഴ്‌ച കാണാനായത് എന്നത് മാത്രമാണ് കാത്തിരുന്ന ആകാശകുതകികളെ നിരാശരാക്കിയത്. എന്നാല്‍ ഉറങ്ങാതിരുന്ന് കണ്ടവര്‍ക്ക് നോർത്തേൺ ലൈറ്റ്സ് വന്‍ ദൃശ്യവിരുന്നാവുകയും ചെയ്തു. അലാസ്‌കയാണ് ധ്രുവദീപ്‌തി ഏറ്റവും മനോഹരമായി ദൃശ്യമായ ഇടങ്ങളിലൊന്ന്. 

സൂര്യനില്‍ ഇക്കഴിഞ്ഞ പതിനാലാം തിയതിയുണ്ടായ എക്‌സ്4.5 കാറ്റഗറിയില്‍പ്പെട്ട അതിശക്തമായ സൗരജ്വാലയാണ് നോര്‍ത്തേണ്‍ ലൈറ്റ്സിന് വഴിവെച്ചത്. നിലവിലെ സോളാര്‍ സൈക്കിളിലെ ഏറ്റവും വലിയ സൗരജ്വാലയായിരുന്നു ഇത്. പതിനാലാം തിയതി ഈസ്റ്റേണ്‍ ടൈം രാവിലെ 11.29നായിരുന്നു സൗരജ്വാല പാരമ്യതയിലെത്തിയത്. 

നാസയുടെ ബഹിരാകാശ പേടകമായ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററി സൂര്യനിലെ ഈ പൊട്ടിത്തെറിയുടെ മനോഹര ദൃശ്യം പകര്‍ത്തിയിരുന്നു. ഈ സൗരജ്വാലയുടെ തുടര്‍ച്ചയായാണ് കൊറോണൽ മാസ് ഇജക്ഷന്‍ അഥവാ സിഎംഇ സംഭവിച്ചതും അമേരിക്കയുടെ ആകാശത്ത് ധ്രുവദീപ്തി തെളിഞ്ഞതും. 

Latest Videos


സെപ്റ്റംബര്‍ 16ന് അമേരിക്കയിലും കാനഡയിലും വിസ്‌മയ ആകാശ കാഴ്‌ച മിഴിവോടെ പ്രകടമായി. ഇതിന്‍റെ നിരവധി ചിത്രങ്ങള്‍ പുറത്തുവന്നു. ഏറെ നോർത്തേൺ ലൈറ്റ്സ് ചിത്രങ്ങള്‍ ഗെറ്റ് ഇമേജസില്‍ കാണാം. അലാസ്‌കയില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇതിലേറെയും. 

സൂര്യന്‍റെ ഉപരിതലത്തിലുണ്ടാവുന്ന വലിയ രീതിയിലുള്ള പൊട്ടിത്തെറികള്‍ സൗരകൊടുങ്കാറ്റുകൾക്ക് കാരണമാകും. ഭൂമിയിലേക്ക് ധാരാളം ഊർജ്ജ കണികകളുടെ പ്രവാഹം ഇതിനെ തുടർന്നുണ്ടാകും. സൗരക്കാറ്റിൽ നിന്ന് വരുന്ന ചാർജിത കണങ്ങൾ ഭൂമിയുടെ കാന്തികവലയത്തിന്‍റെ സ്വാധീനത്താൽ ആകർഷിക്കപ്പെടും. ഈ കണങ്ങൾ ഭൗമാന്തരീക്ഷത്തിലെ വാതക തൻമാത്രകളുമായി കൂട്ടിയിടിച്ചാണ് ധ്രുവദീപ്തി ഉണ്ടാകുന്നത്.

ഈ നിറക്കാഴ്‌ച കാണാന്‍ തെളിഞ്ഞ ആകാശം പ്രധാനമാണ്. 2024 മെയ് മാസത്തിലെ ധ്രുവദീപ്‌തി വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 2003ന് ശേഷമുള്ള ഏറ്റവും ശക്തമായ ജി5 ജിയോമാഗ്നറ്റിക് കൊടുങ്കാറ്റാണ് മെയ്‌ മാസത്തിലുണ്ടായത്. അമേരിക്കന്‍ സംസ്ഥാനങ്ങളും കാനഡയും ഇടയ്ക്കിടയ്ക്ക് ധ്രുവദീപ്തിക്ക് സാക്ഷ്യംവഹിക്കാറുണ്ട്. 

click me!