'ഇത് കണ്ടാല്‍ തകരുമോ മലയാളിയുടെ സദാചാരം ?' വിവാദമായൊരു വിവാഹാനന്തര ഫോട്ടോഷൂട്ട് കാണാം
First Published | Oct 16, 2020, 4:20 PM ISTസമൂഹ മാധ്യമങ്ങളില്‍ വീണ്ടും ഒരു വിവാഹാനന്തര ഫോട്ടോ ഷൂട്ട് വിവാദമായിരിക്കുകയാണ്. എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വെഡ്ഡിങ്ങ് സ്റ്റോറീസ് ഫോട്ടോഗ്രഫിയുടെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച ചിത്രമാണ് നിമിഷനേരം കൊണ്ട് വൈറലായത്. പാര്‍ട്ടി ആവശ്യപ്പെട്ടതിനനുസരിച്ചാണ് ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്നും എന്നാല്‍ അതിത്രമാത്രം പ്രശ്നമാകുമെന്ന് കരുതിയിരുന്നില്ലെന്നും ചിത്രങ്ങളെടുത്ത അഖില്‍ കാര്‍ത്തികേയന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പെരുമ്പാവൂര്‍ സ്വദേശി ഋഷി കാര്‍ത്തികേന്‍റെയും കൊല്ലം സ്വദേശിനിയായ ലക്ഷ്മിയുടെയും വിവാഹത്തോടനുബന്ധിച്ചുള്ള എല്ലാ ഫോട്ടോഗ്രഫി ജോലികളും ചെയ്തത് വെഡ്ഡിങ്ങ് സ്റ്റോറീസ് ആണ്. ഇരുവരും ആവശ്യപ്പെട്ടതനുസരിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. എന്നാല്‍, ചിത്രങ്ങള്‍ ഹിന്ദു പാരമ്പര്യ വിവാഹങ്ങള്‍ക്ക് എതിരാണെന്ന് പറഞ്ഞാണ് കൂടുതല്‍ കമന്‍റുകളും വരുന്നതെന്ന് അഖില്‍ പറഞ്ഞു. ഋഷി കാര്‍ത്തികും ലക്ഷ്മി ഋഷിക്കും ഇത്തരം വിവാദങ്ങളില്‍ താല്പര്യമില്ലെന്നും അവരതിനെ ഗൌരവമായി എടുക്കുന്നില്ലെന്നും ഫോട്ടോഗ്രാഫര്‍ അഖില്‍ പറഞ്ഞു. കല്യാണത്തിന് മുമ്പ് ഇങ്ങനെയാണെങ്കില്‍ കല്ല്യാണം കഴിഞ്ഞാല്‍ പിന്നെങ്ങനെയായിരിക്കുമെന്നും ചിലര്‍ ചോദിക്കുന്നു. എന്നാല്‍ ഇത് കല്ല്യാണത്തിന് മുമ്പെടുത്തതല്ലെന്നും വിവാഹാനന്തര ഫോട്ടോഗ്രഫിയായിരുന്നെന്നും അഖില്‍ കാര്‍ത്തികേയന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.