'അതായത് ഉത്തമാ, വര്‍ഗ്ഗാധിപത്യം, കോളോണിയലിസം, പ്രതിക്രിയാവാദം പിന്നെ ന്യായീകരണ ട്രോളും' കാണാം
First Published | Sep 3, 2020, 12:17 PM IST1991 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് സന്ദേശം. സന്ദേശത്തില്‍ ഒരേ വീട്ടില്‍ കഴിയുന്ന, രണ്ട് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരെ സഹോദരങ്ങളെ ചുറ്റിപറ്റിയാണ് കഥ വികസിക്കുന്നത്. സിനിമയില്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റ് പോകുമ്പോള്‍ അതെന്തുകൊണ്ടാണെന്ന് അണികളെ നേതാവ് പഠിപ്പിക്കുന്ന ഒരു സ്റ്റെഡീ ക്ലാസ് സീനുണ്ട്. ആര്‍ഡിപിയുടെ മൂത്ത സഖാവായി എത്തുന്നത് ശങ്കരാടിയാണ്. അദ്ദേഹം പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് തോല്‍വി എന്തുകൊണ്ടാണെന്ന് പാര്‍ട്ടി സിദ്ധാന്തങ്ങളിലൂന്നി വിശദീകരിക്കുന്നു. പാര്‍ട്ടി ഓഫീസില്‍ എല്ലാവരും നിശബ്ദമായിരുന്ന് ബീഡി പുകച്ച് തള്ളുന്നു. അതിനിടെ ശങ്കരാടി എഴുന്നേറ്റ് പറയുന്നു. " താത്വികമായൊരു അവലോകനമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ഒന്ന് വിഘടനവാദികളും പ്രതിക്രിയാ വാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നുവെന്ന് വേണം കരുതാന്‍. ഒന്ന് ബൂര്‍ഷ്വാസികളും തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് തെരഞ്ഞെടുപ്പ് നമ്മുക്ക് പ്രതികൂലമായി ഭവിച്ചത്. അതാണ് പ്രശ്നം." ഇത് കേള്‍ക്കുന്ന പ്രേക്ഷകനുണ്ടാകുന്ന സംശയം ഒരു പാര്‍ട്ടി പ്രവര്‍ത്തകനായ ഉത്തമന്‍ എഴുന്നേറ്റ് ഉന്നയിക്കുന്നു. " മനസിലായില്ല" . നേതാവ് വിശദീകരിക്കുന്നു. "അതായത്, വര്‍ഗ്ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും റാഡിക്കലായിട്ടുള്ള ഒരു മാറ്റമല്ല. ഇപ്പോ മനസിലായോ ? ". ഇത് കേട്ട പ്രവര്‍ത്തകന്‍ എഴുനേല്‍ക്കുന്നു. " എന്ത് കൊണ്ടു തോറ്റു എന്നുള്ളത് ലളിതമായിട്ട് പറഞ്ഞാലെന്താ ? ഈ പ്രതിക്രിയാവാദവും കോളോണിയലിസവും എന്നൊക്കെ പറഞ്ഞ് വെറുതെ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കേണ്ട കാര്യമെന്താ ? " എന്ന് ചോദിക്കുന്നു.
സന്ദേശം സിനിമയിലെ നേതാവിലെ പോലെ അണികളുടെ മറുചോദ്യത്തിന് ഉത്തരം മുട്ടിയ അവസ്ഥയിലാണ് ഇന്ന് സിപിഎം. പിഎസ്സി ലിസ്റ്റില്‍ റാങ്കുണ്ടായിട്ടും ജോലികിട്ടാതെ കേരളത്തില്‍ ഇന്ന് ലക്ഷക്കണക്കിന് തോഴിലന്വേഷകരുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതോടൊപ്പം, പിഎസ്സി ലിസ്റ്റ് ഇരിക്കെത്തന്നെ പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവര്‍ക്ക് പിന്‍വാതിലിലൂടെ നിയമനം ലഭിക്കുന്നുണ്ടെന്ന് വിവരവും വരുന്നു. ഇത്തരം വാര്‍ത്തകള്‍ പുറത്ത് വന്നതിന് പുറമേ റാങ്ക് ലിസ്റ്റില്‍ പേരുണ്ടായിട്ടും ജോലി ലഭിക്കാത്ത വിഷമത്തില്‍ ഒരു യുവാവ് ആത്മഹത്യ ചെയ്തു. തൊട്ട് പുറകെ പാര്‍ട്ടിയെയും പിഎസ്സിയെയും ന്യായീകരിക്കാന്‍, പാര്‍ട്ടി പ്രവര്‍ത്തകരോട് സമൂഹമാധ്യമങ്ങളില്‍ സജ്ജമായിരിക്കാന്‍ ,കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ നിര്‍ദ്ദേശം നല്‍കിയ ശബ്ദം സന്ദേശം പുറത്തായി. ഇതോടെ പാര്‍ട്ടിയുടെ ക്യാപ്യൂള്‍ ന്യായീകരണത്തിനെതിരെ ട്രോളന്മാര്‍ രംഗത്തെത്തി. കാണാം പ്രതിക്രിയാവാദികളുടെ ട്രോളുകള്‍.