കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചന പ്രകാരം കേരളത്തിൽ മഴ ശക്തമായി തുടരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാടിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നതും തമിഴ്നാട് മുതൽ മധ്യപ്രദേശ് വരെ ന്യൂന മർദ്ദ പാത്തി നിലനിൽക്കുന്നതുമാണ് കേരളത്തിന് മഴ ഭീഷണി വർദ്ധിപ്പിക്കുന്നത്.
ഇതിന്‍റെ ഭാഗമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ / ഇടി / മിന്നലിനും സാധ്യതയുണ്ട്.
ഇന്നും നാളെയും (ഓഗസ്റ്റ് 31 , സെപ്റ്റംബർ 1) കേരളത്തിൽ ഒറ്റപെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം കേരളത്തിൽ ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
തുലാ വര്‍ഷം, ഇടവപ്പാതി എന്നിങ്ങനെ പല പേരുകളിലായിരുന്നു കേരളത്തില്‍ മഴക്കാലം അറിയപ്പെട്ടിരുന്നത്. ഓരോ മഴയ്ക്കും അതിന്‍റെതായ പ്രത്യേകതകളും ഉണ്ടായിരുന്നു.
എന്നാല്‍, ഇന്ന് മഴയ്ക്ക് മഴയുടെ തനത് സ്വഭാവം നഷ്ടമായെന്ന് പറയാം. പകരം ചെറിയൊരു ഇടവേളയില്‍ ഇടിച്ച് കുത്തിയത് പോലെ അതിതീവ്രമായി മഴ പെയ്യുന്നു.
കിഴക്ക് മല നിരകളും താഴെ താഴ്വാരവുമുള്ള കേരളത്തിന്‍റെ കിഴക്കന്‍ മേഖലയില്‍ ഒരു മഴ പെയ്യുമ്പോള്‍ താഴ്വാരത്തിലുള്ളവരുടെ പോലും ഉറക്കം നഷ്ടപ്പെടുന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
ശക്തമായ മഴയില്‍ ഉരുള്‍പൊട്ടലും മറ്റും ഉണ്ടാകുന്നതോടു കൂടി ഒരു പ്രദേശം തന്നെ ഇല്ലാതാക്കി മലവെള്ളം താഴ്വാരങ്ങളിലേക്ക് ഇറങ്ങുന്നു. അശാസ്ത്രീയമായ നിര്‍മ്മാണം മൂലം കുതിച്ചെത്തുന്ന വെള്ളത്തിന് പോകാന്‍ വഴിയില്ലാതെ നഗരങ്ങള്‍ വെള്ളക്കെട്ടില്‍ മൂടുന്നു.
പിന്നെ ദുരിതാശ്വാസ കാലമാണ്. അവധികള്‍ പ്രഖ്യാപനങ്ങള്‍, അവധി പിന്‍വലിക്കല്‍ ആകെ ബഹളമയം. ഇതാണ് കേരളം കഴിഞ്ഞ കുറച്ചേറെ വര്‍ഷങ്ങളായി കണ്ടുവരുന്ന രീതി.
പരാതിപ്പെട്ട് നാട്ടുകാര്‍ മടുത്തു. ഓരോ മഴയ്ക്ക് വെള്ളമുയരുമ്പോഴും പുറത്തിറങ്ങുന്ന ജനപ്രതിനിധികള്‍ എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് ആ വെള്ളത്തില്‍ തന്നെ ഒരു വരവരയ്ക്കുന്നു. എല്ലാം ജലരേഖയായി അവശേഷിക്കുന്നു.
അടുത്ത മഴയ്ക്ക് ഇതൊക്കെ തന്നെ ആവര്‍ത്തിക്കുന്നു. ഈ ആവര്‍ത്തനമാണ് ട്രോളന്മാരും എടുത്തുപയോഗിക്കുന്നത്. ഇടയ്ക്ക് ചില പുതിയ സാങ്കേതിക വിദ്യകള്‍ പരിജയപ്പെടുത്തും. ഡച്ച് മോഡല്‍ റൂം ഫോര്‍ റിവര്‍ പദ്ധതിയെന്നൊക്കെ. പക്ഷേ, മഴ വരുമ്പോള്‍ ദുരിതാശ്വാസ ക്യാമ്പ് തന്നെയാണ് ഇപ്പോഴും ജനങ്ങള്‍ക്ക് വിധിച്ചിട്ടുള്ളത്.