മോഫിയ പർവീണയുടെ ആത്മഹത്യാ കേസില്‍ കേസിൽ ആരോപണ വിധേയനായ ആലുവ വെസ്റ്റ് മുൻ സിഐ സുധീർ കുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് ഉപരോധ സമരം. ആലുവ എംഎൽഎ അന്‍വര്‍ സാദത്ത്, ബെന്നിബഹനാന്‍ എംപി എന്നിവര്‍ ഇന്നലെ രാവിലെ മുതല്‍ എസ് പി ഓഫീസിന് മുന്നില്‍ രാപകല്‍ സമരത്തിലാണ് ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കോണ്‍ഗ്രസിന്‍റെ എസ്പി ഓഫീസ് മാര്‍ച്ച്.
മോഫിയ പർവീൺ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ കേസെടുക്കുന്നതിൽ സിഐ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്നാണ് റിപ്പോർട്ട്. ഒക്ടോബർ 29 ന് പരാതി ഡിവൈഎസ്പി സിഐയ്ക്ക് കൈമാറിയിരുന്നു. എന്നാൽ സിഐ തുടർ നടപടികൾ എടുത്തില്ല. കേസെടുക്കാതെ 25 ദിവസമാണ് പൊലീസ് നടപടി വൈകിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടി ആത്മഹത്യ ചെയ്ത ദിവസം മാത്രമാണ് കേസ് എടുത്തതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
എന്നാല്‍ തനിക്ക് സ്റ്റേഷനിൽ മറ്റ് തിരക്കുകൾ ഉണ്ടായിരുന്നതിനാൽ പരാതി അന്വേഷിക്കാൻ മറ്റൊരു ഉദ്യോഗസ്ഥനെ ഏർപ്പാടാക്കിയെന്നും അദ്ദേഹത്തിനാണ് വീഴ്ച വന്നതെന്നുമാണ് ആലുവ ഈസ്റ്റ് എസ്‍പി സുധീറിന്‍റെ നിലപാട്. നവംബർ 18 ന് മോഫിയയേയും കുടുംബത്തേയും വിളിപ്പിച്ചെങ്കിലും പെൺകുട്ടിയും കുടുംബവും അസൗകര്യം പറഞ്ഞു. തുടർന്ന് 22 -ാം തിയതിയാണ് ചർച്ചയ്ക്കായി സ്റ്റേഷനിൽ വന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആലുവ ഈസ്റ്റ് സിഐ സുധീര്‍ പെൺകുട്ടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് പോലീസ് റിപ്പോർട്ട്. എന്നാല്‍ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് മോഫിയ നൽകിയ പരാതിയിൽ കേസെടുക്കുന്നതിൽ സി ഐ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്നും റിപ്പോർട്ട് പറയുന്നു. സിഐയുടെ മുറിയിൽ വെച്ച് പെൺകുട്ടി ഭർത്താവിനെ അടിച്ചു. തുടർന്നുണ്ടായ ബഹളം നിയന്ത്രിക്കുന്നതിൽ സിഐ അവസരോചിതമായി ഇടപെട്ടില്ലെന്നും അന്വേഷണത്തിൽ പറയുന്നു. ഡിഐജി നേരിട്ടാണ് അന്വേഷണം നടത്തിയത്. അതേസമയം കേസിൽ മോഫിയയുടെ ഭ൪ത്താവ് സുഹൈൽ, സുഹൈലിന്‍റെ മാതാപിതാക്കളായ അച്ഛൻ യൂസഫ്, അമ്മ റുഖിയ എന്നിവരെ ആലുവ കോടതി റിമാൻഡ് ചെയ്തു. നേരത്തെ ഉത്ര കേസില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനാണ് സിഐ സുധീര്‍.
മോഫിയ പര്‍വീണിന്‍റെ ആത്മഹത്യാ കേസില്‍ പൊലീസ് ഗുരുതര വീഴ്ചവരുത്തി എന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ കേരളാ പൊലീസിലെ (Kerala Police) ക്രിമിനലുകളുടെ ലിസ്റ്റ് പുറത്തുവന്നു. കേരളാ പൊലീസ് വകുപ്പില്‍ സിവിൽ പൊലീസ് ഉദ്യോഗസ്ഥർ മുതൽ ഉന്നത ഉദ്യോഗസ്ഥർവരെയുള്ള 744 ഉദ്യോഗസ്ഥർ ക്രിമിനൽ കേസ് പ്രതികളാണെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു. എന്നാല്‍, ഉദയകുമാർ ഉരുട്ടികൊലക്കേസിലെ ഡിവൈഎസ്പിയും രണ്ട് പൊലീസുകാരും മുതൽ പോക്സോ കേസിൽ ശിക്ഷപ്പെട്ട പൊലീസുകാരൻ വരെയുള്ള 18 പേര്‍ മാത്രമാണ് പിരിച്ചുവിട്ടവരുടെ പട്ടികയിലുള്ളത്.
കോടതി കുറ്റക്കാരായി കണ്ടെത്തിയ ശേഷം മാത്രം പിരിച്ചുവിട്ടവരുടെ കണക്കാണിത്. എന്നാല്‍, ഗുരുതര കൃത്യവിലോപം കണ്ടെത്തിയ എസ്ഐ വരെയുള്ള ഉദ്യോഗസ്ഥരെ റെയ്‌ഞ്ച് ഐജിമാർക്ക് പിരിച്ചുവിടാൻ അധികാരമുള്ളപ്പോളാണിത്. ഇങ്ങനെ പിരിച്ചു വിട്ടവരെ കൂടി ഉൾപ്പെടുത്തിയാൽ സേനയിൽ നിന്നും പുറത്തായ ക്രിമിനലുകളുടെ എണ്ണം ഇനിയും കൂടും. നിലവിൽ 691 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് കോടതിയിൽ എത്തിയാല്‍ വകുപ്പ് തല അന്വേഷണവും ഇഴയും.
ഇതിനകം കേസിൽ ഉൾപ്പെട്ട് സസ്പെൻഷനിലാകുന്ന പല പൊലീസ് ഉദ്യോഗസ്ഥരും സര്‍വ്വീസിലേക്ക് തിരികെ കയറുകയും നിർണായക പദവികൾ വഹിക്കുകയും ചെയ്യുന്ന സാഹചര്യവുമുണ്ട്. ക്രിമിനൽ കേസിൽ ഉൾപ്പെട്ടതും അഴിമതിക്കാരുമായ ഉദ്യോഗസ്ഥരുടെ പട്ടിക മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ വായിച്ചിരുന്നു. മുഖ്യമന്ത്രി വായിച്ച പട്ടികയിൽ ഉള്ള അച്ചടക്ക നടപടി നേരിട്ടവരും അഴിമതിക്കാരുമായ ഉദ്യോഗസ്ഥർ ഇപ്പോഴും സ്റ്റേഷൻ ചുമതലയും സബ് ഡിവിഷൻ ചുമതലയും വഹിക്കുന്നുണ്ട്. ഉത്രക്കേസിൽ അച്ചടക്ക നടപടി നേരിട്ട എസ്എച്ച്ഒ സുധീർ ആലുവ ഈസ്റ്റില്‍ സിഐ പദവിയിലെത്തിയത് തന്നെ ഇതിന് തെളിവാണ്.