എട്ട് മാസങ്ങള്‍ക്ക് ശേഷം ഊട്ടിയുടെ 'പര്‍വ്വത തീവണ്ടി' വീണ്ടും ഓടി; പക്ഷേ...

First Published | Nov 30, 2020, 11:29 AM IST

രു കാലത്ത് സിനിമക്കാരുടെ ഇഷ്ട ലൊക്കേഷനുകളായിരുന്നു ഊട്ടിയും മേട്ടുപാളയവും. ഇവിടങ്ങളില്‍ ചിത്രീകരിക്കുന്ന സിനിമകളിലെ പാട്ടുരംഗങ്ങളിലാകട്ടെ ഒഴിച്ചുകൂടാന്‍ കഴിയാത്തതായിരുന്നു 'പര്‍വ്വത തീവണ്ടി' അഥവാ ഊട്ടിയുടെ സ്വന്തം മീറ്റര്‍ഗേജ് ട്രെയിന്‍.  1899 ല്‍ ലാണ് നീലഗിരി കുന്നുകളിലേക്കുള്ള തീവണ്ടി സര്‍വ്വീസ് മദ്രാസ് റെയില്‍വേയ്ക്ക് കീഴിലായി ബ്രിട്ടീഷുകാര്‍ ആരംഭിക്കുന്നത്. മെല്ലെയാണെങ്കിലും പശ്ചിമഘട്ട മലനിരകള്‍ താണ്ടുന്ന ട്രെയിന്‍ പുതുതലമുറയിലെ സഞ്ചാരികള്‍ക്ക് ഇന്നും അത്ഭുതമാണ്. കൊറോണ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ എട്ട് മാസമായി ഈ തീവണ്ടി സര്‍വ്വീസ് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. പതിവില്ലാതെ ഒരു ദിവസം രാവിലെ തീവണ്ടി വീണ്ടും കൂകിത്തുടങ്ങിയപ്പോള്‍ ജനങ്ങള്‍ കരുതി വണ്ടി വീണ്ടും ഓടിത്തുടങ്ങിയെന്ന്. നിയന്ത്രണങ്ങളിലെ ഇളവിലും വിനോദ സഞ്ചാരത്തിനായി സ്റ്റേഷനിലെത്തിയവര്‍ക്ക് പക്ഷേ നിലഗിരി കുന്നുകള്‍ക്കിടയിലൂടെയുള്ള തീവണ്ടിയാത്ര തരപ്പെട്ടില്ല. 

Eight months after Covid 19, the Ooty meter gauge train ran
വിനോദ സംഘങ്ങള്‍ക്കും പ്രിയമായിരുന്ന തീവണ്ടിയുടെ സര്‍വ്വീസ് പക്ഷേ എട്ടുമാസമായി തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ടൂറിസം വകുപ്പ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.
Eight months after Covid 19, the Ooty meter gauge train ran
കഴിഞ്ഞ ദിവസം ഒരറിയിപ്പുമില്ലാതെ 'പര്‍വ്വത തീവണ്ടി' ഓടിത്തുടങ്ങിയപ്പോള്‍ ജനം അമ്പരന്നു. തീവണ്ടി ഓടിത്തുടങ്ങിയതറിഞ്ഞ് നാട്ടുകാര്‍ സ്റ്റേഷനിലെത്തി.

പലരും വണ്ടിയുടെ ശബ്ദം കേട്ടും സുഹൃത്തുക്കള്‍ വിളിച്ചതനുസരിച്ചുമായിരുന്നു സ്റ്റേഷനിലെത്തിയത്. മാസങ്ങള്‍ക്ക് ശേഷം തീവണ്ടിയിലൊന്നു കയറാമെന്ന് ധരിച്ച് അവര്‍ സ്‌റ്റേഷനില്‍ കാത്തുനിന്നു.
എന്നാല്‍, സിനിമാ ഷൂട്ടിങ്ങാണെന്ന് പിന്നീടാണ് അറിഞ്ഞത്. പ്രത്യേക അനുമതി വാങ്ങിച്ച് ഒരു ഹിന്ദി സിനിമയുടെ ഷൂട്ടിങ്ങായിരുന്നു കൂന്നൂരി സ്റ്റേഷനില്‍ നടന്നത്.
മുംബൈയില്‍ നിന്നെത്തിയ ഷൂട്ടിങ് സംഘം കൂന്നൂരില്‍ നിന്നും ഊട്ടി കോത്തി റെയില്‍വെ സ്‌റ്റേഷന്‍ വരെയാണ് പ്രത്യേക അനുമതിയോടെ സിനിമയ്ക്കായി തീവണ്ടി ഓടിച്ചത്.
കൂന്നൂരില്‍ നിന്നും ഊട്ടി കോത്തി റെയില്‍വെ സ്‌റ്റേഷന്‍ വരെ മീറ്റര്‍ ഗേജ് ട്രയിന്‍ ഷൂട്ടിങ്ങിനായി ഓടിക്കാന്‍ അഞ്ച് ലക്ഷം രൂപ കെട്ടിവച്ചിരുന്നു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള റെയില്‍പാളം, വനപ്രദേശങ്ങള്‍, സ്റ്റേഷനുകള്‍, ഗുഹ, പാലങ്ങള്‍ എന്നിവയെല്ലാം സിനിമാ സംഘം ചിത്രീകരിച്ചു. കൊറോണാ രോഗാണു വ്യാപനത്തെ തുടര്‍ന്ന് ഓട്ടം നിര്‍ത്തിയിരുന്ന പര്‍വ്വത തീവണ്ടി എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഊട്ടി നഗരത്തിലെത്തുന്നത്.
കൊവിഡ് കാരണം നിര്‍ത്തിവെച്ച മേട്ടുപാളയം-കൂന്നൂര്‍, കൂന്നൂര്‍-ഊട്ടി സര്‍വ്വീസുകള്‍ സഞ്ചാരികള്‍ക്കായി ഓട്ടം തുടങ്ങുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. വയനാട് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമായതിനാല്‍ തന്നെ മലയാളികളായ നിരവധി സഞ്ചാരികള്‍ എത്തുന്നയിടം കൂടിയാണ് ഗൂഢല്ലൂരും ഊട്ടിയും.
കൊവിഡിനെ തുടര്‍ന്ന് ടൂറിസം മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഏറെക്കുറെ നീക്കിയിട്ടുണ്ടെങ്കിലും രോഗവ്യാപനസാധ്യത ഉള്ളയിടങ്ങളില്‍ അതത് ജില്ലഭരണകൂടങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനാകും.
2005 ല്‍ യുനെസ്കോ ലോകപൈതൃക പട്ടികയില്‍ നിലഗിരി റെയില്‍വേയെയും ഉള്‍പ്പെടുത്തിയിരുന്നു.

Latest Videos

click me!