ഹെലികോപ്റ്ററില്‍ പറന്നെത്തി വധു; പുല്‍പ്പള്ളിയെ അമ്പരപ്പിച്ച് കൊവിഡ് കാലത്തൊരു ന്യൂജെന്‍ വിവാഹം

First Published | Nov 24, 2020, 4:06 PM IST

രു കാലത്ത് വിപ്ലവത്തിന്‍റെ ചെങ്കൊടികളെ പിന്തുടര്‍ന്ന് വന്ന പൊലീസുകാര്‍ വെടിയൊച്ചകള്‍ മുഴക്കിയിരുന്ന പുല്‍പ്പള്ളിയില്‍ കഴിഞ്ഞ ദിവസം ആകാശത്ത് പെടുന്നനെ ഒരു ഹെലികോപ്റ്ററിന്‍റെ കാതടപ്പിക്കുന്ന ശബ്ദം മുഴങ്ങി. ഹെലികോപ്പ്റ്ററാണെങ്കില്‍ അത് തങ്ങളുടെ എംപി രാഹുല്‍ ഗാന്ധിയാകുമെന്ന് നാട്ടുകാര്‍ ഉറപ്പിച്ചു. വല്ലപ്പോഴും കാണാന്‍ കിട്ടുന്ന ജനപ്രതിനിധിയേ കാണാനായി നാട്ടുകാര്‍ പുല്‍പ്പള്ളി പഴശ്ശിരാജ കോളേജ് ഗ്രൌണ്ടിലേക്ക് വച്ചു പിടിച്ചു. പക്ഷേ, അവിടെ കണ്ട കാഴ്ചയില്‍ നാട്ടുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ അതിശയിച്ചുപോയി. അതേ, പറന്നിറങ്ങിയത് രാഹുല്‍ ഗാന്ധി എം പിയല്ല. 
 

bride arrived in helicopter to attend the wedding at Wayanad Pulpally
രാഹുല്‍ഗാന്ധിയെ പ്രതീക്ഷിച്ച് പുല്‍പ്പള്ളി പഴശ്ശിരാജ കോളേജ് ഗ്രൌണ്ടിലെത്തിയവര്‍ കണ്ടത് ഹെലികോപ്റ്ററില്‍ നിന്നിറങ്ങുന്ന കല്ല്യാണപ്പെണ്ണിനെയും ബന്ധുക്കളെയും.
bride arrived in helicopter to attend the wedding at Wayanad Pulpally
രാഹുല്‍ഗാന്ധിയല്ലാതെ പിന്നെ വയനാട്ടില്‍ ഹെലികോപ്റ്ററിലെത്താന്‍ മാത്രം ഇതാരെന്നായി പിന്നെ അന്വേഷണം.

അതും പുല്‍പ്പള്ളിയെന്ന കാര്‍ഷിക മേഖലയില്‍ ഹെലികോപ്റ്ററില്‍ പറന്നിറങ്ങാന്‍ മാത്രം വലിയ വി.ഐ.പി ആരാണെന്ന് നാട്ടുകാര്‍ പരസ്പരം ചോദിച്ചു.
ഇടുക്കി വണ്ടന്‍മേട് ചേറ്റുകുഴി ആക്കാട്ടുമുണ്ടയിലെ ബേബിച്ചന്‍റെയും ലിസിയുടെയും മകള്‍ മരിയ ലൂക്കയാണ് ഹെലികോപ്റ്ററില്‍ പറന്നിറങ്ങിയ ആ വിഐപിയെന്ന് നാട്ടുകാര്‍ക്ക് മനസിലായത്.
മരിയ ലൂക്കയും പുല്‍പ്പള്ളി ആടിക്കൊല്ലി കക്കുഴിയില്‍ ടോമിയുടെയും ഡോളിയുടെയും മകന്‍ വൈശാഖുമായുള്ള വിവാഹമാണ് സംഗതിയെന്ന് അപ്പോഴാണ് നാട്ടുകാര്‍ക്ക് പിടികിട്ടിയത്.
ആടിക്കൊല്ലി സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയിലായിരുന്നു ഇരുവരുടെയും വിവാഹം. ഇടുക്കിയില്‍ നിന്ന് റോഡ് മാര്‍ഗം വയനാട്ടിലേക്ക് എത്താന്‍ ഏറ്റവും ചുരുങ്ങിയത് 14 മണിക്കൂര്‍ വേണം.
കൊവിഡ് 19 മഹാമാരിയുടെ വ്യാപനത്തിനിടെ ഇത്രയും ദൂരം റോഡ് മാര്‍ഗ്ഗം പോകുകയെന്നാല്‍ ഏറെ അപകടം പിടിച്ചതാണ്. ഈ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ബേബിച്ചന്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് ഹെലികോപ്റ്റര്‍.
കാര്യം ഹെലികോപ്റ്റര്‍ വാടകയിനത്തില്‍ നാലര ലക്ഷം ചെലവായെങ്കിലും സ്വസ്ഥമായും സമാധാനമായും കല്യാണം കൂടാന്‍ പറ്റി.
മറ്റ് ബന്ധുക്കള്‍ ഞായറാഴ്ച രാവിലെ റോഡ് മാര്‍ഗ്ഗമാണ് പുല്‍പ്പള്ളിയില്‍ എത്തിയത്. ബേബിച്ചനും ഭാര്യ ലിസിയും വധുവിനൊപ്പം ഹെലികോപ്റ്ററിലാണ് എത്തിയത്.
കഴിഞ്ഞ മെയില്‍ നടത്താനിരുന്ന വിവാഹം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.
എന്നാല്‍ കൊവിഡ് നിയന്ത്രണ വിധേയമാകാത്തതിനാല്‍ വിവാഹം വീണ്ടും നീണ്ടുപോകുമെന്ന് വന്നതോടൊണ് ഹെലികോപ്റ്റര്‍ വധുവിനെ എത്തിച്ചത്.
കാര്യമെന്തായാലും ന്യൂജെന്‍ കല്ല്യാണ കാലത്തെ വധുവിന്‍റെ മാസ് എന്‍ട്രി പുല്‍പ്പള്ളിക്കാര്‍ അടുത്ത കാലത്തൊന്നും മറക്കാനിടയില്ല.

Latest Videos

click me!