മുപ്പതുകളിലെ തുടക്കത്തിലും 'സിംഗിള്‍' ആണോ?; എങ്കില്‍ നിങ്ങളറിയേണ്ടത്...

First Published | Sep 3, 2021, 3:18 PM IST

സ്ത്രീ ആയാലും പുരുഷനായാലും ഇരുപതുകളില്‍ തന്നെ വിവാഹത്തിലേക്ക് കടക്കുന്നതാണ് പൊതുവില്‍ നമ്മുടെ രാജ്യത്തുള്ള പ്രവണത. മുപ്പത് കടന്നിട്ടും വിവാഹം കഴിച്ചില്ലെങ്കില്‍ മോശം അഭിപ്രായങ്ങളാണ് മിക്കവര്‍ക്കും ചുറ്റുപാടുകളില്‍ നിന്ന് കേള്‍ക്കേണ്ടി വരിക. എന്നാല്‍ മുപ്പതുകളിലും 'സിംഗിള്‍' ആയി തുടരുന്നതില്‍ ചില നല്ല വശങ്ങളുമുണ്ടെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. അവയില്‍ ചിലതിലേക്ക്...

മുപ്പതിലേക്ക് കടക്കുമ്പോള്‍ തന്നെ സ്ത്രീകളിലും പുരുഷന്മാരിലും പെട്ടെന്ന് പക്വത കടന്നുവരാം. ഈ ഘട്ടത്തില്‍ തനിച്ചായിരിക്കുന്നത് സ്വന്തം ജീവിതം ഭംഗിയായി ചിട്ടപ്പെടുത്താന്‍ സഹായകമായിത്തീരും.
 

ഇരുപതുകളില്‍ പ്രണയബന്ധത്തിലേക്കോ ദാമ്പത്യത്തിലേക്കോ കടക്കുന്നവര്‍ സ്വന്തം കുടുംബത്തില്‍ നിന്ന് അല്‍പം അകന്നുപോകാന്‍ സാധ്യതകളേറെയാണത്രേ. എന്നാല്‍ മുപ്പതുകളിലാകുമ്പോള്‍ കുടുംബത്തോട് കൂടുതല്‍ അടുത്തുനില്‍ക്കാനുള്ള പ്രവണത വര്‍ധിക്കുന്നു.
 

Latest Videos


പ്രണയബന്ധത്തിന്റെ കാര്യത്തിലും പങ്കാളിയെ തെരഞ്ഞെടുക്കുന്ന കാര്യത്തിലുമെല്ലാം മികച്ച തീരുമാനങ്ങളെടുക്കാന്‍ മുപ്പതുകളില്‍ സാധ്യമാണ്. ഇരുപതുകളില്‍ ഇത്തരം വിഷയങ്ങളില്‍ ധാരാളം ആശയക്കുഴപ്പങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ടെന്നാണ് റിലേഷന്‍ഷിപ്പ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. 

ഇരുപതുകളില്‍ കാര്യങ്ങളോട് പെട്ടെന്ന് വൈകാരികമായി പ്രതികരിക്കുകയും അതുമൂലം പ്രശ്‌നങ്ങളില്‍ ചെന്നുപെടുകയും ചെയ്യാനുള്ള സാധ്യതകളേറെയാണ്. എന്നാല്‍ മുപ്പതുകളില്‍ ഏത് കാര്യങ്ങളോടും അല്‍പം സംയമനം പാലിക്കാന്‍ സാധ്യമാണ്.
 

ബന്ധങ്ങളില്‍ കുറെക്കൂടി ഇരുത്തം വരുന്നു എന്നതിനാല്‍ തന്നെ ശാഠ്യങ്ങളോ, തര്‍ക്കങ്ങളോ, സ്വാര്‍ത്ഥതയോ എല്ലാം കുറയുകയും അത് ബന്ധങ്ങളെ കൂടുതല്‍ ഊഷ്മളമാക്കുകയും ചെയ്യുന്നു.
 

മുപ്പതുകളിലും 'സിംഗിള്‍' ആയവര്‍ക്കുള്ള മറ്റൊരു വലിയ ഗുണം എന്തെന്നാല്‍ അവര്‍ക്ക് സ്വന്തം ശാരീരിക- മാനസികാരോഗ്യത്തെ പരിപാലിക്കാനുള്ള സമയവും സൗകര്യവുമെല്ലാം ലഭ്യമായിരിക്കും എന്നതാണ്. ഇത് കരിയറിനെയും വ്യക്തിജീവിതത്തെയും ഒരുപോലെ നല്ലരീതിയില്‍ സ്വാധീനിക്കുന്നു. 

'സിംഗിള്‍' ആയിരിക്കുന്നവര്‍ക്ക് കൂടുതല്‍ പുതിയ ആളുകളെ കാണുന്നതിനും, പുതിയ ഇടങ്ങള്‍ കണ്ടെത്തുന്നതിനുമെല്ലാം സാധ്യതകളേറെയാണ്. ഇത് ലോകത്തെ കുറിച്ചുള്ള അവബോധവും അറിവും കൂട്ടുന്നതിന് സഹായകമാകുന്നു.
 

മുപ്പതുകളില്‍ സമ്മര്‍ദ്ദങ്ങളില്ലാതെ പ്രണയം തേടാന്‍ സാധ്യമാണ്. സ്വയം എന്താണെന്ന് തിരിച്ചറിഞ്ഞതിനാല്‍ എന്താണ് തനിക്കാവശ്യമെന്നും വ്യക്തിക്ക് ഇതിനോടകം മനസിലായിരിക്കും. തനിക്കായി ഒരാളെ കണ്ടെത്തുമ്പോള്‍ കഴിവതും തുറന്ന പെരുമാറ്റത്തോടെയും തുറന്ന മനോഭാവത്തോടെയും ഇടപെടാനും ഈ തിരിച്ചറിവുകള്‍ സഹായിക്കുന്നു.
 

click me!