കേരളത്തിലെ റോഡിലെ കുണ്ടും കുഴിയും കഴിഞ്ഞ കുറച്ചേറെ നാളുകളായി രാഷ്ട്രീയ വിവാദമാണ്. കൊച്ചിയില്‍ ദേശീയ പാതയിലെ കുഴിയില്‍ ഒരു ബൈക്ക് യാത്രികന്‍ വീണ് മരിച്ചതുമായി ബന്ധപ്പെട്ടാണ് റോഡുകളുടെ ശോചനീയാവസ്ഥ വിവാദമായത്.
സംസ്ഥാന പാതയിലെ കുഴിയും ദേശീയ പാതയിലെ കുഴിയും തമ്മിലുള്ള തര്‍ക്കം കേന്ദ്ര സംസ്ഥാനങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടികള്‍ ഏറ്റടെത്തതോടെ വിവാദം കനത്തു. ഈ രാഷ്ട്രീയ സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുമ്പോഴാണ് വിജിലന്‍സ് സംഘം 112 റോഡുകളില്‍ മിന്നല്‍ പരിശോധനയുമായി ഇറങ്ങിയത്.
അതോടൊപ്പം റോഡുകളുടെ ഗുണനിലവാരത്തെ കുറിച്ച് നിരവധി പരാതികള്‍ കിട്ടിയതായി വിജിലന്‍സ് സംഘം പറയുന്നു. ആറ് മാസം മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതും രണ്ട് മൂന്ന് മാസത്തിനുള്ളില്‍ അറ്റകുറ്റ പണി നടന്നതുമായ റോഡുകളിലാണ് പ്രധാനമായും പരിശോധന നടന്നത്.
കരാർ മാനദണ്ഡമുള്ള നിർമ്മാണം പൂർത്തിയാക്കാതെ പിബ്ലഡ്യുഡി ഉദ്യോഗസ്ഥർ ബില്ലുകള്‍ മാറി കൊടുക്കുന്നുവെന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആറുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കിയും രണ്ട് മൂന്ന് മാസത്തിനുള്ളില്‍ അറ്റകുറ്റപ്പണി നടത്തിയതുമായ റോഡുകളില്‍ നിന്നും ചില മാതൃകകള്‍ വിജിലന്‍സ് സംഘം ശേഖരിച്ചു.
കുഴികള്‍ അടയ്ക്കുമ്പോഴും അറ്റകുറ്റപ്പണികള്‍ ചെയ്യുമ്പോഴും ചെളിയും മണ്ണും മാറ്റി, ടാർ ഒഴിച്ച ശേഷം റോഡ് നിർമ്മാണം നടത്തണമെന്നാണ് ചട്ടം. എന്നാല്‍ പല റോഡുകളിലും ഈ ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി വിജിലന്‍സ് സംഘം അറിയിച്ചു. നിർമ്മാണങ്ങള്‍ സംബന്ധിച്ച രേഖകളും വിജിലൻസ് പരിശോധിക്കും.
രേഖകളിലും സാമ്പിള്‍ പരിശോധനയിലും പൊരുത്തക്കേട് കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കും കരാർകാർക്കുമെതിരെ കേസെടുക്കാനാണ് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്‍റെ നിർദ്ദേശം. റോഡ് പരിശോധനയെ കുറിച്ചുള്ള വിജിലൻസ് അന്തിമ റിപ്പോർട്ട് എതിരായാൽ പൊതുമരാമത്ത് വകുപ്പിന് അത് വലിയ തിരിച്ചടിയാകും.
പ്രത്യേക മെഷീൻ ഉപയോഗിച്ച് റോഡിന്‍റെ ചെറുഭാഗം വിജിലൻസ് സംഘം മുറിച്ചെടുത്തു. ഇങ്ങനെ ശേഖരിക്കുന്ന റോഡിന്‍റെ ഭാഗങ്ങള്‍ ലാബിൽ അയച്ച് പരിശോധിക്കും. നേരത്തെയുള്ള റോഡിലെ ചളിയും മണ്ണും നീക്കി ആവശ്യത്തിന് മെറ്റലും കൃത്യമായ അളവിൽ ടാറും ഉപയോഗിച്ചാണോ റോഡ് പുനർനിർമ്മിച്ചത് എന്നറിയാനാണ് ഇത്തരത്തില്‍ റോഡിന്‍റെ ഭാഗങ്ങള്‍ ശേഖരിച്ച് പരിശോധിക്കുന്നത്. റോഡ് സാംപിളുകളുടെ ലാബ് റിപ്പോർട്ട് കൂടി ലഭിച്ച ശേഷമായിരിക്കും വിജിലൻസ് ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കുക.