പിഎഫ്ഐ ഹര്‍ത്താലിന് പിന്നാലെ 157 കേസ്, 237 അറസ്റ്റ്, 384 കരുതല്‍ തടങ്കല്‍
First Published | Sep 24, 2022, 11:02 AM ISTദേശീയ വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും നടത്തിയ റെയ്ഡിനെ തുടര്‍ന്ന് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പിഎഫ്ഐ കേരളത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ അക്രമാസക്തമായി. ഹര്‍ത്താലിൽ 70 കെഎസ്ആര്‍ടിസി ബസുകൾ നശിപ്പിക്കപ്പെട്ടുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഹര്‍ത്താലുമായി ബന്ധപ്പെട്ട് രണ്ട് മണി വരെ 157 കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. 237 പേരെയാണ് അറസ്റ്റ് ചെയ്യ്തതെന്നും 384 പേരെ കരുതൽ തടവിലാക്കുകയും ചെയ്തിട്ടുണ്ടെന്നും ഹൈക്കോടതിയിൽ സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്ത് ഇന്നലെ നടന്ന ഹർത്താൽ നിയമവിരുദ്ധമാണെന്ന് പറഞ്ഞ ഹൈക്കോടതി, നഷ്ടം ആരിൽ നിന്ന് ഈടാക്കുമെന്നും ചോദിച്ചു. ഹർത്താൽ നടത്തിയ പോപ്പുലർ ഫ്രണ്ടിൽ നിന്നാണോ നഷ്ടം നികത്തുകയെന്നും ഹൈക്കോടതി ആരാഞ്ഞു. തൊട്ടു കളിച്ചാൽ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകൾക്ക് നേരെ ആക്രമണം തുടരുമെന്നും കോടതി അഭിപ്രായപ്പെട്ടു. ഹർത്താലിന്‍റെ മറവിൽ സംസ്ഥാനത്താകെ വ്യാപക ആക്രമണങ്ങൾ തുടരുന്നതിനിടെ എല്ലാം നിയന്ത്രണ വിധേയമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് അവകാശപ്പെട്ടു. ഇന്ന് കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാകും നടപടി. ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്മാരായ അനീഷ് ടോം (തിരുവനന്തപുരം), സോളമന്‍ റാഫേല്‍ (കൊച്ചി). റിജു (കട്ടപ്പന), സുനില്‍ (കാസര്‍കോട്), മുബഷീര്‍ (മലപ്പുറം).