കാപിക്കോ റിസോട്ടിന്‍റെ തെക്ക് ഭാഗത്തുള്ള വില്ലകളാണ് ആദ്യം പൊളിച്ച് തുടങ്ങിയത്. 1999 ലാണ് കാപിക്കോ റിസോട്ടിന്‍റെ പദ്ധതിയാരംഭിക്കുന്നത്. തുടര്‍ന്ന് 2005 ലാണ് 200 കോടി ചെലവിട്ട് ഈ പഞ്ചനക്ഷത്ര റിസോട്ടിന്‍റെ നിര്‍മ്മാണം തുടങ്ങിയത്. ആദ്യം മുതല്‍ തന്നെ ചട്ടങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് റിസോട്ടിന്‍റെ നിര്‍മ്മാണമെന്ന ആരോപണങ്ങളുയര്‍ന്നിരുന്നു.
തീരദേശ പരിപാലന നിയമങ്ങള്‍, മാനേജ്മെന്‍റ് ചട്ടങ്ങള്‍, 2006 ലെ പരിസ്ഥിത ആഘാത നോട്ടിഫിക്കേഷന്‍ എന്നിവയെല്ലാം ലംഘിച്ച് കൊണ്ടായിരുന്നു റിസോട്ടിന്‍റെ നിര്‍മ്മാണം. നിയമങ്ങലെല്ലാം ലംഘിച്ച് കൊണ്ട് 2011 ൽ കാപിക്കോ കേരളാ റിസോട്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലാണ് കാപ്പിക്കോ റിസോർട്ടിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
പിന്നാലെ റിസോട്ടിന്‍റെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി മത്സ്യത്തൊഴിലാളികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ 2013-ൽ ഹൈക്കോടതിയും 2020 ജനുവരിയിൽ സുപ്രീംകോടതിയും നിയമലംഘനങ്ങളുടെ മുകളില്‍ പടുത്തിയര്‍ത്തിയ റിസോട്ട് പൊളിച്ച് മാറ്റണമെന്ന് ഉത്തരവിട്ടു.
സുപ്രീംകോടതി ഉത്തരവിന് പിന്നാലെ കൊവിഡ് സാഹചര്യം രൂക്ഷമായതോടെ പൊളിക്കല്‍ നടപടികള്‍ വീണ്ടും നീണ്ടുപോയി. ഒടുവിൽ കഴിഞ്ഞ മാസം ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റ കളക്ടർ വി.ആർ.കൃഷ്ണതേജ വിഷയത്തിൽ ഇടപെട്ടതോടെയാണ് റിസോട്ട് പൊളിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചത്.
ഉദ്യോഗസ്ഥരുമായി നേരിട്ട് റിസോർട്ടിലെത്തിയ കളക്ടർ വി.ആർ.കൃഷ്ണതേജ റിസോട്ട് കൈയേറിയ 2.9 ഹെക്ടർ ഭൂമി തിരിച്ചു പിടിച്ചതോടെയാണ് കാര്യങ്ങള്‍ക്ക് നടപടിയുണ്ടായത്. തുടര്‍ന്ന് കെട്ടിടം പൊളിക്കല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി. കെട്ടിടം പൊളിച്ചു നീക്കുന്നതിനുള്ള ചിലവ് അടക്കം ആക്ഷന്‍ പ്ലാന്‍ റിസോര്‍ട്ട് അധികൃതര്‍ പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിക്ക് നൽകി.
നിലവിൽ കൊട്ടിടം പൊളിക്കാന്‍ അനുകൂല സാഹചര്യമാണെന്ന് വിവിധ വകുപ്പുകൾ റിപ്പോർട്ട് നൽകിയതിന്‍റെ അടിസ്ഥാനത്തിൽ ആദ്യപടിയായി കഴിഞ്ഞ ദിവസം ജില്ല ഭരണകൂടം റിസോർട്ട് ഏറ്റെടുത്തിരുന്നു. റിസോർട്ട് പൊളിക്കുമ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതം സംബന്ധിച്ച പഠന റിപ്പോർട്ട് കളക്ടർക്ക് വിവിധ വകുപ്പുകൾ നൽകി.
ഇതിന്‍റെ അടിസ്ഥാനത്തിൽ വേണ്ട മുൻകരുതലുകൾ സ്വീകരിച്ചാണ് ഇന്ന് കെട്ടിടം പൊളിച്ചു നീക്കുന്ന നടപടിയിലേക്ക് പഞ്ചായത്ത് കടന്നത്. ജില്ല ഭരണകൂടത്തിന്‍റെ മേൽനോട്ടത്തിൽ റിസോർട്ട് ഉടമകൾ തന്നെയാണ് കെട്ടിടം പൊളിച്ച് നീക്കുന്നത്. ആറു മാസത്തിനുള്ളിൽ പൂർണമായും പൊളിച്ചു നീക്കാനാകുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.
ഈ പ്ലാന്‍ ജില്ലാ ഭരണകൂടവും പഞ്ചായത്തും പരിശോധിച്ച ശേഷമാണ് പൊളിക്കൽ നടപടികളിലേക്ക് കടന്നത്. റിസോർട്ടിന്‍റെ ഒരു ഭാഗം സ്വമേധയാ പൊളിച്ച് നീക്കാമെന്ന് റിസോർട്ട് അധികൃതർ അറിയിച്ചു. പുനരുപയോഗ സാധ്യമായ വസ്തുക്കൾ കെട്ടിടത്തിൽ നിന്നും മാറ്റിയ ശേഷമാണ് റിസോർട്ട് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ പൊളിച്ച് മാറ്റുന്നത്.
ഇതിനിടെ കെട്ടിടം പൊളിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ റിസോട്ടിന്‍റെ ജീവനക്കാര്‍ ചോദ്യം ചെയ്തു. അനുമതിയില്ലാതെ റിസോർട്ടില്‍ കയറിയെന്നാരോപിച്ചായിരുന്നു റിസോട്ട് ജീവനക്കാര്‍ മാധ്യമ പ്രവർത്തകര്‍ക്കെതിരെ തിരിഞ്ഞത്. മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയതായും പരാതിയുയര്‍ന്നു.
പൊളിക്കുന്ന അവശിഷ്ടങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ ആറു മാസത്തിനകം നീക്കം ചെയ്യാനാണ് ജില്ലാ ഭരണകൂടം പദ്ധതിയിടുന്നത്. ജില്ലാ കളക്ടർ വി.ആർ.കൃഷ്ണതേജയാണ് പൊളിക്കൽ നടപടികൾക്ക് നേതൃത്വം നൽകുന്നത്.