കൊവിഡ് 19 മരണക്കണക്കിലും തിരുത്തല്‍; കേരള സര്‍ക്കാര്‍ കണക്കിന് പകരം ഡോക്ടര്‍മാരുടെ പട്ടിക
First Published | Aug 23, 2020, 10:54 AM ISTലോകത്ത് കൊവിഡ് മരണം എട്ട് ലക്ഷം കടന്നു. വേള്‍ഡോമീറ്ററിന്‍റെ ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ലോകത്ത് ഇതുവരെയായി 8,08,697 പേരാണ് കൊവിഡ് 19 വൈറസ് ബാധയേ തുടര്‍ന്ന് മരിച്ചത്. 2,33,82,074 പേര്‍ക്കാണ് ഇതിവരെയായി കൊവിഡ് 19 വൈറസ് ബാധിച്ചത്. ഇതില്‍ 1,59,08,524 പേര്‍ക്ക് രോഗം ഭേദമായി. ലോകത്ത് ഇപ്പോഴും 66,64,853 പേര്‍ ചികിത്സയിലാണ്. വേള്‍ഡോമീറ്ററിന്‍രെ കണക്കുകളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികളും മരണവും ഉള്ളത് യുഎസ്എയിലാണ്. യുഎസ്എയില്‍ 58,41,428 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 1,80,174 പേര്‍ മരിച്ചു. മരണസംഖ്യയിലും രോഗവ്യാപനത്തിലും രണ്ടാമതുള്ള ബ്രസീലിലാകട്ടെ 35,82,698 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 1,14,277 പേരാണ് മരിച്ചത്. മരണസംഖ്യയില്‍ മൂന്നാമതുള്ള മെക്സിക്കോയില്‍ 5,56,216 പേര്‍ക്ക് രോഗബാധയേറ്റപ്പോള്‍ 60,254 പേര്‍ മരിച്ചു. രോഗവ്യാപനത്തില്‍ മൂന്നാമതുള്ള ഇന്ത്യ മരണനിരക്കില്‍ നാലാമതാണ്. ഇന്ത്യയില്‍ ഇതുവരെയായി 30,44,940 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഇതില്‍ 56,846 പേര്‍മരിച്ചെന്ന് വേള്‍ഡോമീറ്ററിന്‍റെ കണക്കുകള്‍ കാണിക്കുന്നു. കേരളത്തിലാകട്ടെ 56,354 പേര്‍ക്ക് രോഗബാധുണ്ടായതായി സര്‍ക്കാര്‍ കണക്കുകള്‍ കണിക്കുന്നു. ഇതില്‍ 218 പേര്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇതില്‍ 59 മരണങ്ങള്‍ കൊവിഡ് മരണക്കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ സൈറ്റില്‍ തന്നെ പറയുന്നു. എന്നാല്‍ ഇതിലുമേറെയാണ് കേരളത്തില് കൊവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണമെന്ന് ഡോക്ടര്‍മാരുടെ കൂട്ടായ്മ ചൂണ്ടിക്കാട്ടുന്നു.