പിറന്നാളായിട്ട് ഗെയ്‌ലിനെ ടീമിലെടുത്തില്ല; ആരാധകര്‍ കട്ടക്കലിപ്പില്‍

First Published | Sep 21, 2021, 8:36 PM IST

ദുബായ്: 'യൂണിവേഴ്‌സ് ബോസ്' ക്രിസ് ഗെയ്‌ലിന്‍റെ(Chris Gayle) 42-ാം പിറന്നാളാണിന്ന്. എന്നാല്‍ മൈതാനത്ത് ഗെയ്‌ലിന്‍റെ പിറന്നാളാഘോഷം കാത്തിരുന്ന ആരാധകര്‍ക്ക് നിരാശയായി പ‍ഞ്ചാബ് കിംഗ്‌സിന്‍റെ(Punjab Kings) തീരുമാനം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ(Rajasthan Royals) മത്സരത്തില്‍ ഗെയ്‌ലിന് കളിക്കാന്‍ പഞ്ചാബ് അവസരം നല്‍കിയില്ല. വിന്‍ഡീസ് വെടിക്കെട്ട് വീരനെ പുറത്തിരുത്താന്‍ തീരുമാനിക്കുകയായിരുന്നു പഞ്ചാബ് മാനേജ്‌മെന്‍റ്. ഇതിനോട് രൂക്ഷ ഭാഷയിലാണ് യൂണിവേഴ്‌സ് ബോസിന്‍റെ(Universe Boss) ആരാധകര്‍ പ്രതികരിച്ചത്.

പഞ്ചാബ് കിംഗ്‌സിന്‍റെ പ്ലേയിംഗ് ഇലവനിലെ നാല് വിദേശ താരങ്ങളില്‍ ക്രിസ് ഗെയ്‌ലിന്‍റെ പേരില്ലെന്ന് ടോസ് വേളയില്‍ നായകന്‍ കെ എല്‍ രാഹുല്‍ അറിയിക്കുകയായിരുന്നു. 

ഐപിഎല്ലില്‍ മികച്ച റെക്കോര്‍ഡുള്ള കൂറ്റനടിക്കാരന്‍ ഗെയ്‌ലിന് പകരം മൂന്നാം നമ്പറില്‍ പുതു താരം എയ്‌ഡന്‍ മര്‍ക്രാമിന് അവസരം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു പഞ്ചാബ്. ബാറ്റ്സ്‌മാന്‍ നിക്കോളാസ് പുരാന്‍, ഓള്‍റൗണ്ടര്‍ ഫാബിയന്‍ അലന്‍, സ്‌പിന്നര്‍ ആദില്‍ റഷീദ് എന്നിവരാണ് ടീമിലെ മറ്റ് വിദേശ താരങ്ങള്‍. 


ഐപിഎല്‍ പതിനാലാം സീസണിന്‍റെ ആദ്യ ഘട്ടത്തില്‍ അത്ര മികച്ചതായിരുന്നില്ല ഗെയ്‌ലിന്‍റെ പ്രകടനം. എട്ട് മത്സരങ്ങളില്‍ 133.83 സ്‌ട്രൈക്ക് റേറ്റില്‍ 178 റണ്‍സാണ് നേടിയത്. അടുത്തിടെ അവസാനിച്ച കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനമായിരുന്നില്ല ഗെയ്‌ലിന്‍റേത്. ഒന്‍പത് മത്സരങ്ങളില്‍ 165 റണ്‍സ് മാത്രമേ നേടിയുള്ളൂ. 

ഗെയ്‌ലിനെ ഒഴിവാക്കേണ്ടിവന്നത് നിര്‍ഭാഗ്യകരമാണ് എന്നാണ് പഞ്ചാബ് കിംഗ്‌സ് നായകന്‍ കെ എല്‍ രാഹുലിന്‍റെ പ്രതികരണം. ശ്രീലങ്കക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ മര്‍ക്രാമിനെ നിലവിലെ ഫോം കണക്കിലെടുത്താണ് അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയതെന്നും രാഹുല്‍ വ്യക്തമാക്കി.

എട്ട് മത്സരങ്ങളില്‍ അഞ്ചും തോറ്റ പഞ്ചാബ് പോയന്‍റ് പട്ടികയില്‍ ഏഴാമതും ഏഴ് കളികളില്‍ മൂന്ന് ജയവുമായി രാജസ്ഥാന്‍ റോയല്‍സ് പോയന്‍റ് പട്ടികയില്‍ ആറാമതുമാണ്. 

Latest Videos

click me!