Ukraine War: മൂന്ന് മിനിറ്റില്‍ ബ്രിട്ടനെ ഇല്ലാതാക്കാന്‍ കഴിയുന്ന 'സാത്താന്‍ II' ആണവ മിസൈലുമായി റഷ്യ

First Published | Jun 23, 2022, 4:30 PM IST

മൂന്ന് മിനിറ്റിനുള്ളിൽ ബ്രിട്ടനിലെത്താന്‍ കഴിയുന്ന റഷ്യയുടെ പുതിയ 'സാത്താൻ II'ആണവ മിസൈൽ 2022 അവസാനത്തോടെ വിന്യസിക്കുമെന്ന് വ്‌ളാഡിമിർ പുടിന്‍റെ ഭീഷണി. ചൊവ്വാഴ്ച ക്രെംലിനിലെ സൈനിക അക്കാദമിയില്‍ ബിരുദധാരികൾക്ക് ആതിഥേയത്വം വഹിക്കുമ്പോഴായിരുന്നു പുടിൻ പ്രഖ്യാപനം. യുക്രൈന്‍ യുദ്ധത്തിനിടെയുണ്ടായ നാശനഷ്ടങ്ങളെ മറികടക്കാന്‍ സൈന്യത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കൂടാതെ 'യുദ്ധമുഖത്ത് വീരന്മാരെ പോലെ പോരാടുന്ന' തന്‍റെ സൈനികരെ പുടിന്‍ പ്രശംസിക്കുകയും ചെയ്തു. ഈ വർഷാവസാനത്തോടെ റഷ്യ ആദ്യ ബാച്ച് സർമാറ്റ് ബാലിസ്റ്റിക് മിസൈലുകൾ യുദ്ധ മേഖലയില്‍ സ്ഥാപിക്കുമെന്ന് ദി ടെലിഗ്രാഫും റിപ്പോർട്ട് ചെയ്തു. 

11,200 മൈൽ അകലെയുള്ള ലക്ഷ്യത്തിൽ പതിക്കാൻ ശേഷിയുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് 'സർമാറ്റ് മിസൈൽ' അഥവാ 'സാത്താൻ II'. ഇതോടെ യുഎസിലെയും യൂറോപ്പിലെയും ലക്ഷ്യങ്ങളെ റഷ്യയ്ക്ക് എളുപ്പത്തിൽ ആക്രമിക്കാന്‍ സാധിക്കും. 

ഏപ്രിലിൽ വിജയകരമായി പരീക്ഷിച്ച മിസൈലിന്‍റെ പുതിയ പതിപ്പിനെ പുടിൻ മുമ്പ് പ്രശംസിച്ചിരുന്നു. റഷ്യയുടെ പ്രതിരോധ വ്യവസായത്തിന് ഒരു 'വലിയ, സുപ്രധാന സംഭവം' മാണെന്നും സർമാറ്റ് 'ബാഹ്യ ഭീഷണികളിൽ നിന്ന് റഷ്യയുടെ സുരക്ഷ ഉറപ്പാക്കുമെന്നും നമ്മെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നവരെ രണ്ട് തവണ ആലോചിക്കാന്‍ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 


പത്തോ അതിലധികമോ ആണവ പോർമുനകള്‍ വഹിക്കാന്‍ സർമാറ്റിന് കഴിയുമെന്ന് പാശ്ചാത്യ സൈനിക വിദഗ്ധരും പറയുന്നു.  ബ്രിട്ടന്‍റെയോ ഫ്രാൻസിന്‍റെയോ വലുപ്പമുള്ള ഭൂ പ്രദേശങ്ങൾ ഒറ്റയടിക്ക് തുടച്ചുമാറ്റാനും ഇത് പര്യാപ്തമാണ്.

പുടിൻ തന്‍റെ പ്രസംഗത്തിൽ പരാമർശിച്ച മറ്റ് പുതിയ കൂട്ടിച്ചേർക്കലുകളിൽ S-500 മിസൈൽ പ്രതിരോധ സംവിധാനങ്ങളും ഉൾപ്പെടുന്നു. അത് 'ലോകത്ത് സമാനതകളില്ലാത്തത്' എന്നായിരുന്നു പുടിന്‍റെ അവകാശവാദം. 

അവയ്ക്ക് വ്യത്യസ്ത പാതകളിലൂടെ പറക്കാനും മിസൈൽ പ്രതിരോധ സംവിധാനങ്ങളിൽ നിന്ന് രക്ഷപ്പെടാനും കഴിയുമെന്നാണ് റഷ്യയുടെ തന്ത്രപ്രധാനമായ മിസൈൽ സേനയുടെ കമാൻഡർ കേണൽ സെർജി കാരകയേവ് കഴിഞ്ഞ മാസം ക്രെംലിൻ സ്റ്റേറ്റ് ടെലിവിഷനോട് പറഞ്ഞത്.  'സർമാറ്റ് മിസൈൽ സംവിധാനങ്ങൾക്ക് നിലവിൽ വ്യോമ പ്രതിരോധം ഇല്ല. വരും ദശകങ്ങളിലും അതിന് സാധ്യതയില്ല' സെർജി കാരകയേവ് കൂട്ടിചേര്‍ത്തു. 

ന്യൂക്ലിയർ ശേഷിയുള്ള സിർകോൺ മിസൈലുകളുടെ ആക്രമണത്തിലൂടെ ബ്രിട്ടനെ 'പത്ത് മിനിറ്റിനുള്ളിൽ' ശിലായുഗത്തിലേക്ക് തിരികെ എത്തിക്കണമെന്ന് കഴിഞ്ഞ മാസം ഒരു റഷ്യന്‍ സ്റ്റേറ്റ് ടിവി സംപ്രേക്ഷണം ചെയ്തതിന് പിന്നാലെയാണ് പുതിയ ആയുധത്തെ കുറിച്ചുള്ള തുറന്ന വെളിപ്പെടുത്തല്‍ റഷ്യയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. 

രാഷ്ട്രീയക്കാരനായ അലക്‌സി ഷുറവ്‌ലിയോവും മാധ്യമപ്രവര്‍ത്തകനായ ദിമിത്രി കിസെലിയോവും 'സാത്താൻ-2' ഉപയോഗിച്ച് ബ്രിട്ടനെ ആക്രമിക്കണമെന്ന് നേരത്തെ വാദിച്ചവരായിരുന്നു. 

റഷ്യയുടെ പുതിയ ഹൈപ്പർസോണിക് സിർക്കോൺ മിസൈൽ യുകെയിലെ 50 അല്ലെങ്കിൽ 60 പവർ സ്റ്റേഷനുകൾ 'പത്ത് മിനിറ്റിനുള്ളിൽ' തുടച്ചുമാറ്റാൻ സാധിക്കുന്നവയാണെന്ന് മോസ്കോയിൽ ജനിച്ച മുൻ ഇസ്രായേലി നയതന്ത്രജ്ഞനായ റഷ്യൻ സ്റ്റേറ്റ് ടിവി വക്താവ് യാക്കോവ് കെദ്മി അഭിപ്രായപ്പെട്ടു. 

സാത്താന്‍ രണ്ട് വിക്ഷേപിച്ച് 200 സെക്കന്‍റിനുള്ളില്‍ ലണ്ടൻ, പാരീസ്, ബെർലിൻ എന്നീ നഗരങ്ങൾ  ഇല്ലാതാക്കാന്‍ കഴിയുമെന്ന് മറ്റൊരു റഷ്യന്‍ ചാനലായ ചാനല്‍ വണ്ണിന്‍റെ  60 മിനിറ്റ് പ്രോഗ്രാമിലെ അവതാരകർ അവകാശപ്പെട്ടു. ഈ ഷോയില്‍ വച്ച് , റഷ്യ  ആണവായുധങ്ങൾ വിക്ഷേപിച്ചാൽ പിന്നെ 'ഒരു സർമാറ്റ് മിസൈലും ബ്രിട്ടീഷ് ദ്വീപുകളും ഇനി ഉണ്ടാകില്ല'. എന്നായിരുന്നു അഭിപ്രായപ്പെട്ടത്. 

എന്നാല്‍ പരിപാടിക്കിടെ യുകെയിലും ആണവായുധങ്ങൾ ഉണ്ടെന്നും 'ഈ യുദ്ധത്തിൽ ആരും അതിജീവിക്കില്ല' എന്നും കൂട്ടിച്ചേർത്തു. പോളണ്ടിനും ലിത്വാനിയയ്ക്കും ബാൾട്ടിക് കടലിനും ഇടയിലുള്ള റഷ്യൻ എൻക്ലേവായ കലിനിൻഗ്രാഡിൽ നിന്ന് മിസൈലുകൾ വിക്ഷേപിക്കാമെന്ന് സൂചിപ്പിക്കുന്ന ഒരു മാപ്പ് ഷോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 

സാത്താൻ II ന് വിക്ഷേപിച്ച് കഴിഞ്ഞാല്‍ 106 സെക്കൻഡിനുള്ളിൽ ബെർലിനിലും 200 സെക്കൻഡിനുള്ളിൽ പാരീസിലും 202 സെക്കൻഡിനുള്ളിൽ ലണ്ടനിലും എത്താൻ കഴിയുമെന്ന് ടി വി ഷോയില്‍ എടുത്ത് പറഞ്ഞു. 

റഷ്യൻ എൻക്ലേവായ കലിനിൻഗ്രാഡിനിലേക്ക് കഴിഞ്ഞ ദിവസം പോയ റഷ്യന്‍ ചരക്ക് തീവണ്ടി ലിത്വാനിയ തടഞ്ഞിരുന്നു. ഇത് അന്താരാഷ്ട്രാ നിയമങ്ങളുടെ ലംഘനമാണെന്നും തിരിച്ചടിക്കുമെന്നും റഷ്യ , ലിത്വാനിയയ്ക്കെതിരെ ഭീഷണി മുഴക്കിയതിന്‍റെ പിന്നാലെയാണ് സാത്താൻ II യുദ്ധമുഖത്തെത്തിക്കുന്നതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്. 

യുക്രൈന്‍ അധിനിവേശത്തില്‍ ആയുധവും മറ്റ് സഹായങ്ങളുമായി മുന്നില്‍ നില്‍ക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ റഷ്യയ്ക്കെതിരെ നിരന്തരം വാക്പോര് നടത്തിയിരുന്നു. ഇതില്‍ പുടിന്‍ നിരസം രേഖപ്പെടുത്തിയതും വാര്‍ത്തയായിരുന്നു. 

അതിനിടെ കസാഖിസ്ഥാന്‍, റഷ്യ പിടിച്ചെടുത്ത കിഴക്കന്‍ .യുക്രൈന്‍ പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിക്കില്ലെന്ന് പുടിന്‍റെ സാന്നിധ്യത്തില്‍ പ്രഖ്യാപിച്ചതും റഷ്യയ്ക്ക് ക്ഷീണമായി. കസാഖിസ്ഥാനെതിരെ ചെചെന്‍ നേതാവ് രംഗത്തെത്തുകയും പുടിന്‍റെ താത്പര്യത്തെ അംഗീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇതിനിടെ യുക്രൈന്‍ അധിനിവേശം അഞ്ചാം മാസത്തിലേക്ക് കടക്കുമ്പോഴാണ് റഷ്യ തങ്ങളുടെ സര്‍വ്വനാശം വിതയ്ക്കുന്ന ആയുധം യുദ്ധമുഖത്ത് വിന്യസിക്കുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയത്. നേരത്തെ യുക്രൈന്‍ അധിനിവേശത്തില്‍ റഷ്യന്‍ സേനയ്ക്ക് ഭീമമായ നഷ്ടം നേരിട്ടതായി യുക്രൈന്‍ ആരോപിച്ചിരുന്നു. 
 

Latest Videos

click me!