Ukraine Conflict: ശീതകാല ഒളിമ്പിക്സിനിടെ നാറ്റോ വിപുലീകരണത്തെ എതിര്‍ത്ത് റഷ്യ-ചൈന സംയുക്ത പ്രസ്ഥാവന
First Published | Feb 5, 2022, 12:40 PM ISTഉക്രൈന്‍ സംഘര്‍ഷം (Ukraine Conflict) പുതിയ തലത്തിലേക്ക് നീങ്ങുന്നതായി സൂചന. യൂറോപ്പില്‍ നാറ്റോ സഖ്യവിപുലീകരണത്തെ എതിര്‍ത്ത് രംഗത്തെത്തിയ റഷ്യ (Russia), ഉക്രൈന്‍ (Ukraine) അതിര്‍ത്തിയില്‍ വന്‍ തോതില്‍ ആയുധവും സൈനീകരെയും വിന്യസിച്ചത് കഴിഞ്ഞ കുറച്ച് മാസങ്ങളായി യുഎസ് നേതൃത്വത്തിലുള്ള നാറ്റോ (Nato) സഖ്യവും റഷ്യയുടെ തമ്മിലുള്ള വാഗ്വാദത്തിന് വഴി വച്ചിരുന്നു. തങ്ങള്‍ റഷ്യയുടെ അക്രമണ ഭീഷണി നേരിടുകയാണെന്ന് പറഞ്ഞ് ഉക്രൈന്‍ പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്കി (Volodymyr Zelensky) തന്നെ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് റഷ്യ ഒരു പക്ഷത്തും മറുപക്ഷത്ത് നാറ്റോ സഖ്യ കക്ഷികളായ യുഎസ്, യുകെ, ഫ്രാന്‍സ് എന്നിവരും നിലയുറപ്പിച്ചത് സംഘര്‍ഷ സാധ്യത വര്‍ദ്ധിപ്പിച്ചു. അതിനിടെ നാറ്റോയുടെ സൈനീക സഖ്യ വിപുലീകരണത്തെ നേരിടാന്‍, ശൈത്യകാല ഒളിംപിക്സിനെത്തിയ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദമിര്‍ പുടിനോട് (Vladimir Putin) ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് (Xi Jinping) പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ വീണ്ടുമൊരു ശീതകാല യുദ്ധത്തിനുള്ള സാധ്യത തുറക്കുകയാണോയെന്ന് ഉറ്റുനോക്കുകയാണ് ലോകം.