തായ്വാന്റെ സ്വയംഭരണത്തിനെതിരെയായിരുന്നു ഏകാധിപത്യ കമ്മ്യൂണിസ്റ്റ് ചൈന എന്നും നിലനിന്നിരുന്നത്. നേരത്തെയും തായ്‍വാനെ പ്രകോപിപ്പിച്ച് കൊണ്ട് ചൈനയുടെ ബോംബര്‍ വിമാനങ്ങള്‍ തായ്‍വായ് മുകളില്‍ പല തവണ വട്ടമിട്ട് പറന്നിരുന്നു. പ്രത്യേകിച്ചും റഷ്യ, യുക്രൈനെതിരെ അധിനിവേശം ആരംഭിച്ച കാലത്തും ഈ കടന്ന് കയറ്റം ചൈന നിരവധി തവണ നടത്തിയിരുന്നു.
ഈ സന്ദര്‍ഭങ്ങളില്‍ യുഎസ്, ഓസ്ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ചൈനയ്ക്കെതിരെ പ്രസ്ഥാവനയുമായി രംഗത്തെത്തുകയും തായ്‍വാനെ അക്രമിച്ചാല്‍ പ്രതിരോധിക്കാന്‍ തങ്ങളുണ്ടാകുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തോടെ ചൈന രണ്ടും കല്‍പ്പിച്ചാണ് രംഗത്തിറങ്ങിയിരിക്കുന്നതെന്ന് ചൈനയുടെ സൈനികാഭ്യാസം തെളിയിക്കുന്നെന്ന യുദ്ധ വിദഗ്ദര്‍ അവകാശപ്പെടുന്നു.
നാല് ദിവസത്തെ സൈനിക അഭ്യാസങ്ങൾ വ്യാഴാഴ്ച ആരംഭിക്കുമെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്. ഇത് രാജ്യത്തുടനീളമുള്ള ആറ് സ്ഥലങ്ങളിൽ ഒരേസമയം നടക്കുമെന്നും ചൈന അറിയിച്ചു. അതിൽ മൂന്ന് സൈനീക അഭ്യാസങ്ങള്‍ തായ്പേയുടെ ജലാതിര്‍ത്തിക്ക് സമീപമാണ്. ചൈനയുടെ നടപടി അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് തായ്‍വാന്‍ ആരോപിച്ചു.
ഒരു യുദ്ധമുണ്ടായാൽ ദ്വീപിനെ പുറം ലോകത്തിൽ നിന്ന് അകറ്റി നിര്‍ത്താനുള്ള ശ്രമങ്ങളും ബീജിംഗ് പരിശീലിക്കുന്നുണ്ടെന്ന് യുദ്ധ വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു. ഇതിനായി ഒരു ഉപരോധത്തിന് തുല്യമായ വിധത്തിൽ പ്രദേശത്തെ ഷിപ്പിംഗ്, എയർ ട്രാഫിക് എന്നിവയും അടയ്ക്കാനുള്ള ശ്രമത്തിലാണ് ചൈന. 1997 മുതൽ തായ്‌വാൻ സന്ദർശിക്കുന്ന ഏറ്റവും മുതിർന്ന യുഎസ് രാഷ്ട്രീയക്കാരനായി ഇതോടെ നാന്‍സി പെലോസി മാറി.
നാന്‍സിയോട് തായ്‍വാന്‍ സന്ദര്‍ശനത്തില്‍ നിന്നും പിന്മാറണമെന്ന് ചൈന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചൈനയുടെ ആവശ്യം തള്ളിയ നാന്‍സി, തായ്‌പേയോടുള്ള യുഎസ് 'പ്രതിബദ്ധത ഉപേക്ഷിക്കില്ലെന്ന്' ചൈനയെ അറിയിച്ചു. ഇതാണ് പെട്ടെന്ന് ഒരു സൈനീകാഭ്യാസത്തിന് ചൈനയെ പ്രേരിപ്പിച്ചത്. ഇന്ന് ലോകം ജനാധിപത്യത്തിനും സ്വേച്ഛാധിപത്യത്തിനും ഇടയിലുള്ള ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നു' തായ്‌വാൻ പ്രസിഡന്‍റ് സായ് ഇംഗ്-വെനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ അവർ ഒരു ഹ്രസ്വ പ്രസംഗത്തിൽ പറഞ്ഞു.
തായ്‌വാനിലും ലോകമെമ്പാടുമുള്ള ജനാധിപത്യം സംരക്ഷിക്കാനുള്ള അമേരിക്കയുടെ ദൃഢനിശ്ചയം ഇരുമ്പഴികളായി തുടരുന്നുവെന്നും അവര്‍ പറഞ്ഞു. തായ്‌വാൻ, ചൈനയിൽ നിന്ന് വേറിട്ടുനിൽക്കുന്ന ഒരു സ്വതന്ത്ര രാഷ്ട്രമായിട്ടാണ് തങ്ങളെ വിശേഷിപ്പിക്കുന്നത്. എന്നാൽ 'വീണ്ടും ഒന്നിക്കുമെന്ന്' പ്രതിജ്ഞ ചെയ്ത തായ്‍വാന്‍ ഇപ്പോളും തങ്ങളുടെ ഒരു പ്രവിശ്യയാണെന്നാണ് ചൈനയുടെ വാദം. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായുള്ള യുദ്ധത്തിന്‍റെ അവശിഷ്ടങ്ങള്‍ ഇന്നും തായ്‍വാനിലുണ്ട്.
1979-ൽ ബെയ്ജിംഗുമായി നയതന്ത്രബന്ധം സ്ഥാപിച്ചപ്പോൾ മാത്രമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയെ ചൈനയുടെ നിയമാനുസൃത ഭരണാധികാരികളായി അമേരിക്ക ഔദ്യോഗികമായി അംഗീകരിച്ചത്. ഒരു ചൈന മാത്രമാണ് ഉള്ളതെന്നും തായ്‍വാന്‍ അതിന്‍റെ ഭാഗമാണെന്നും അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ യുഎസ് കോൺഗ്രസ് ഒരു ബിൽ പാസാക്കി. ഈ ബില്ലോടെ സ്വയം പ്രതിരോധിക്കാന്‍ തായ്‍വാന് അവകാശമുണ്ടെന്നും അത്തരത്തിലൊരു പ്രതിരോധത്തിലേക്ക് തായ്‍വാന്‍ നീങ്ങിയാല്‍, തായവാന് ആയുധങ്ങള്‍ വിതരണം ചെയ്യാന്‍ അമേരിക്ക സന്നദ്ധമാണെന്നും അംഗീകരിച്ചു.
അന്ന് മുതൽ ചൈന തായ്‍വാനെതിരെ എപ്പോള്‍ വേണെമെങ്കിലും ഒരു സംഘര്‍ഷ സാദ്ധ്യത മുന്നില്‍ കണ്ടാണ് കാര്യങ്ങള്‍ നീക്കിയിരുന്നത്. ആവശ്യമെങ്കില്‍ ഒരു ബലപ്രയോഗത്തിലൂടെ തായ്‍വാനെ പുനരേകീകരിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിംഗ് 2019 ല്‍ അവകാശപ്പെട്ടിരുന്നു. ഷി ജിന്‍ പിംഗിന്‍റെ ഈ പ്രസ്ഥാവനയോടെ തായ്‍വാനും ചൈനയ്ക്കും ഇടയിലെ സംഘര്‍ഷ സാദ്ധ്യത പതിന്മടങ്ങ് വര്‍ദ്ധിച്ചു. ഇതിന് മുമ്പ് ചൈനയും തായ്‍വാനും തമ്മിലൊരു സംഘര്‍ഷമുണ്ടായിരുന്നത് 1996 ലാണ്. അതിന് ശേഷം ഇത്രയും വിപുലമായ സൈനീക അഭ്യാസ പ്രകടനങ്ങള്‍ ഇപ്പോഴാണ് രൂക്ഷമാകുന്നത്.
എന്നാല്‍ 1996 ലെ ചൈനയുടെ സൈനീകാഭ്യാസ പ്രകടനങ്ങള്‍ തങ്ങളുടെ സമുദ്രാതിര്‍ത്തിക്കുള്ളിലായിരുന്നു. അന്നത്തെ പ്രകടനങ്ങള്‍ ഒരിക്കലും തായ്‍വാന്‍റെ സമുദ്രാതിര്‍ത്തി ലംഘിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ ചൈന ആസൂത്രണം ചെയ്തിരിക്കുന്ന സൈനീകാഭ്യാസ പ്രകടനങ്ങള്‍ പ്രത്യേകിച്ചും തായ്‍വാന് ചുറ്റുമുള്ള മൂന്ന് സൈനീകാഭ്യാസ പ്രകടനങ്ങള്‍ തായ്‍വാന്‍റെ സമുദ്രാതിര്‍ത്തി ലംഘിക്കുന്ന തരത്തിലാണ് രൂപപ്പെട്ടുത്തിയിട്ടുള്ളത്. മാത്രമല്ല, മറ്റ് മൂന്ന് സൈനീകാഭ്യാസങ്ങള്‍ തായ്‍വാനെ അതിന്‍റെ കിഴക്കന്‍ സമുദ്രാതിര്‍ത്തിയില്‍ നിന്നും മറ്റ് രാജ്യങ്ങളുമായുള്ള പസഫിക് സമുദ്രത്തിലൂടെയുള്ള ബന്ധപ്പെടലിനെ സമര്‍ത്ഥമായി തടയുന്നു.
ചൈനയുടെ തത്സമയ സൈനീകാഭ്യാസങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ നിയമങ്ങളിലുള്ള നഗ്നമായ ലംഘനമാണെന്ന് തായ്‍വാന്‍ ആരോപിച്ചു. നാവികസേന, വ്യോമസേന, റോക്കറ്റ് ഫോഴ്‌സ്, സ്ട്രാറ്റജിക് സപ്പോർട്ട് ഫോഴ്‌സ്, ജോയിന്‍റ് ലോജിസ്റ്റിക് സപ്പോർട്ട് ഫോഴ്‌സ് എന്നിവ ഉൾപ്പെടുന്ന ഒരു മൾട്ടി-ഫോഴ്‌സ് അഭ്യാസ പ്രകടനത്തിനാണ് ബുധനാഴ്ച തായ്‌വാന്‍റെ വടക്ക്, വടക്ക് പടിഞ്ഞാറ്, വടക്ക് കിഴക്ക്, തെക്ക്, തെക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക് ഭാഗങ്ങളിലെ വായുവിലും കടലിലും ചൈന നടന്നാനിരിക്കുന്നതെന്ന് ചൈനയുടെ ഈസ്റ്റേൺ തിയറ്റർ കമാൻഡ് അറിയിച്ചു.
കടലിലാണ് അഭ്യാസ പ്രകടനങ്ങളെങ്കിലും കരയുദ്ധത്തിനുള്ള പരിശീലനവും ചൈനീസ് ആര്‍മി നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 'ഈ അഭ്യാസങ്ങളുടെ ലക്ഷ്യം, വ്യക്തമായി പറഞ്ഞാൽ, തായ്‌വാനുമായുള്ള സൈനിക പോരാട്ടത്തിന് തയ്യാറെടുക്കുക എന്നതാണ്.' ഹോങ്കോംഗ് ആസ്ഥാനമായുള്ള സൈനിക കമന്റേറ്ററായ സോംഗ് സോംഗ്പിംഗ് പറയുന്നു.
'ചൈനയുടെ അഭിലാഷം നമുക്ക് കാണാൻ കഴിയും. തായ്‌വാൻ കടലിടുക്കിലെ തായ്‍വാന്‍റെ സാന്നിധ്യം ഇല്ലാതാക്കുക വഴി അതിനെ അന്താരാഷ്ട്ര ജലപാതയില്‍ നിന്നും ഒഴിവാക്കുക, അതുപോലെ തന്നെ പടിഞ്ഞാറൻ പസഫിക്കിലെ ആദ്യത്തെ ദ്വീപ് ശൃംഖലയുടെ പടിഞ്ഞാറ് ഭാഗത്തെ മുഴുവൻ സ്വന്തം സ്വാധീന മേഖലയാക്കുക,' ചൈനയുടെ സുരക്ഷാ ആസൂത്രണത്തെക്കുറിച്ച് പരിചയമുള്ള ഒരു തായ്‌വാനീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ചൈന ആഗ്രഹിച്ചത് സാധിച്ചാല്‍ അത് ലോകക്രമത്തെ തന്നെ മാറ്റിമറിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ക്കുന്നു. സത്യത്തില്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനം ചൈനയെ കുടുക്കുകയായിരുന്നെന്ന് എസ്. രാജരത്നം സ്കൂൾ ഓഫ് ഇന്‍റർനാഷണൽ സ്റ്റഡീസിലെ സുരക്ഷാ പണ്ഡിതൻ കോളിൻ കോ പറയുന്നു. മാത്രമല്ല,
നാന്‍സി പെലോസി, യുഎസിന് തായ്‍വാനെ സംരക്ഷിക്കാന്‍ ബാധ്യതയുണ്ടെന്ന് ഉറപ്പിച്ച് പറയുമ്പോള്‍ ചൈന പെട്ടെന്ന് പ്രകോപിതരാകുന്നതിന് കാരണവും അത് തന്നെ. 1996-ലെ ചൈനാ - തായ്‍വാന്‍ പ്രതിസന്ധി ഘട്ടത്തില്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് നാവികസേന രണ്ട് വിമാന വാഹിനിക്കപ്പലുകളാണ് തായ്‍വാന്‍റെ കടലിടുക്കിന് സമീപത്തേക്ക് അയച്ചത്.
എന്നാല്‍, പഴയ ചൈനയല്ല പുതിയ ചൈനയെന്ന് അമേരിക്കയ്ക്കും വ്യക്തമായി അറിയാം. ചൈനയുടെ സാമ്പത്തിക - സൈനിക വളർച്ച കണക്കിലെടുത്ത്, കൂടുതൽ ശേഷിയുള്ള മിസൈൽ ഇൻവെന്‍ററി ഉൾപ്പെടെയുള്ള ആയുധങ്ങള്‍ ഈ പ്രദേശത്തേക്ക് അയക്കാന്‍ യുഎസ് നിര്‍ബന്ധിതരാകും. ഇത് കൂടുതൽ വെല്ലുവിളിയാണെന്ന് പല വിശകലന വിദഗ്ധരും കരുതുന്നു.