സെലെന്‍സ്കി ആവശ്യപ്പെട്ടാല്‍ രക്ഷപ്പെടുത്തും; യുകെ, യുഎസ് മറീനുകള്‍ കഠിന പരിശീലനത്തില്‍

First Published | Mar 7, 2022, 3:54 PM IST

വിജയം നേടാതെ ഉക്രൈന്‍ അധിനിവേശത്തില്‍ നിന്ന് പിന്മാറില്ലെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിനോടും തുര്‍ക്കി പ്രസിഡന്‍റ് ത്വയ്യിബ് എർദോഗനോടും ആവര്‍ത്തിച്ചു. ഇരുവരും യുദ്ധം നിര്‍ത്താനാവശ്യപ്പെട്ടായിരുന്നു പുടിനുമായി ബന്ധപ്പെട്ടത്. എന്നാല്‍, തന്‍റെ ലക്ഷ്യം പൂര്‍ത്തിയാക്കാതെ പിന്നോട്ടില്ലെന്നാണ് പുടിന്‍റെ നിലപാട്. യുദ്ധമാരംഭിച്ചപ്പോള്‍, റഷ്യക്കാരേറെയുള്ള കിഴക്കന്‍ മേഖലയായ ഡോണ്‍ബോസ്കോ മോചിപ്പിക്കുകയാണ് ലക്ഷ്യമെന്നായിരുന്നു പുടിന്‍ പറഞ്ഞത്. എന്നാല്‍, യുദ്ധം പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഉക്രൈന്‍റെ നിരായുധീകരണവും ഡോണ്‍ബോസ്കോയുടെ സ്വാതന്ത്രവുമാണ് പുടിന്‍ ചര്‍ച്ചകളിലുടനീളം ആവശ്യപ്പെടുന്നത്. ഇതോടെ ഉക്രൈന്‍ പ്രസിഡന്‍റ് വോളോഡിമര്‍ സെലെന്‍സ്കിയെ ഉക്രൈനില്‍ നിന്ന് സുരക്ഷിതമായി പുറത്ത് കടത്താനുള്ള തയ്യാറെടുപ്പുകളിലാണ് യുകെയും യുഎസ്സുമെന്ന് വാര്‍ത്തകള്‍ വരുന്നു. 

റഷ്യയുടെ ഉക്രൈന്‍ അധിനിവേശം പന്ത്രണ്ടാം ദിവസവും പിന്നിടുകയാണ്. കരമാര്‍ഗ്ഗമുള്ള മുന്നേറ്റത്തിന്‍റെ വേഗം കുറഞ്ഞതോടെ വ്യോമസേനയെ ഉപയോഗിച്ച് ഉക്രൈന്‍ നഗരങ്ങളില്‍ കനത്ത നാശം വിതയ്ക്കാനാണ് റഷ്യയുടെ ശ്രമം. നഗരങ്ങളില്‍ കനത്ത നാശം വിതയ്ക്കുന്നതിനൊപ്പം കരയാക്രമണവും ശക്തിപ്പെടുത്തി കീഴടക്കുകയെന്ന റഷ്യന്‍ യുദ്ധതന്ത്രമാണിത്. 

നേരത്തെ ചെചിനിയന്‍ വിമതര്‍ക്ക് നേരെയും സിറിയയിലെ അലോപ്പോയ്ക്ക് നേരെയും പുടിന് വിജയം സമ്മാനിച്ച അതേ യുദ്ധതന്ത്രം. എന്നാല്‍, ഈ രണ്ട് ദേശങ്ങളില്‍ നിന്ന് നേരിട്ടതിനേക്കാള്‍ അതിശക്തമായ ചെറുത്ത് നില്‍പ്പാണ് ഇന്ന് ഉക്രൈനിലുള്ളത്. ഉക്രൈനികളുടെ ചെറുത്ത് നില്‍പ്പിന് മുന്നില്‍ റഷ്യന്‍ സേനയ്ക്ക് പലപ്പോഴും നിലതെറ്റുന്നെവെന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു. 


റഷ്യയുടെ കൊലയാളി സംഘങ്ങളായ വാഗ്നര്‍ ഗ്രൂപ്പിന്‍റെയും ചെചെന്‍ ഹിറ്റ് ഗ്രൂപ്പിന്‍റെയും മൂന്ന് കൊലപാതക ശ്രമങ്ങളില്‍ നിന്ന് താന്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് 44 കാരനായ ഉക്രൈന്‍ പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞത്. റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവീസിലെ (FSB) യുദ്ധവിരുദ്ധ അംഗങ്ങളുടെ സഹായത്തോടെ കൊലയാളികളെ പരാജയപ്പെടുത്തിയെന്നും സെലെന്‍സ്കി അവകാശപ്പെട്ടു. 

നേരത്തെ ഉക്രൈനില്‍ നിന്ന് പുറത്ത് കടക്കാന്‍ സുരക്ഷിത പാതയൊരുക്കാമെന്ന യുഎസ് വാഗ്ദനം നിരസിച്ച സെലെന്‍സ്കി, തന്‍റെ രാജ്യത്തിന്‍റെ സ്വാതന്ത്രത്തിനായി യുദ്ധമുഖത്ത് നിന്ന് മരണം വരെ പോരാടുമെന്നും വിജയം തങ്ങളോടൊപ്പമായിരിക്കുമെന്നും അവകാശപ്പെട്ടിരുന്നു. 

ഈ ഒറ്റ പ്രസ്ഥാവനയോടെ ഉക്രൈനികളുടെ ഏറ്റവും വലിയ ഹീറോയയി സെലെന്‍സ്കി മാറി. അന്താരാഷ്ട്രാ തലത്തിലും സെലെന്‍സ്കിക്ക് ആരാധകരേറെയാണ്.  അതിനിടെയാണ് സെലെന്‍സ്കി ആവശ്യപ്പെടുകയാണെങ്കില്‍ അദ്ദേഹത്തെ ഉക്രൈനില്‍ നിന്ന രക്ഷപ്പെടുത്താനുള്ള അതീവ ദുര്‍ഘടമായ ദൗത്യ നിര്‍വഹണത്തിനായി യുകെയുടെയും യുഎസിന്‍റെയും തെരഞ്ഞെടുക്കപ്പെട്ട സൈനീകര്‍ പരിശീനലം ചെയ്യുന്നതായുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്. 

70 എലൈറ്റ് ബ്രിട്ടീഷ് സൈനികരും 150 യുഎസ് നേവി സീലുകളും ചേർന്ന് വോളോഡിമർ സെലെൻസ്‌കിയെ രക്ഷപ്പെടുത്താനുള്ള ഏറ്റവും ഒടുവിലത്തെ പരിശീലനത്തിലാണെന്നാണ് വാര്‍ത്തകള്‍. ഇക്കൂട്ടത്തില്‍ ഉക്രൈന്‍ പടയാളുകളുമുണ്ട്. ഇതിനായി പദ്ധതി തയ്യാറാക്കുന്നത് യുഎസിന്‍റെ സ്പെഷ്യല്‍ എയര്‍ സെര്‍വ്വീസാണെന്ന് ( Special Air Service - SAS) അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

റഷ്യന്‍ യുദ്ധമുഖത്ത് നിന്നുള്ള സെലെന്‍സ്കിയുടെ രക്ഷപ്പെടുത്തല്‍ ഏറ്റവും ദുര്‍ഘടമായ ഒന്നാണ്. അതിനാല്‍ തന്നെ വ്ളോഡിമര്‍ സെലെന്‍സ്കി ആവശ്യപ്പെട്ടാല്‍ മാത്രമേ ഈ പ്രത്യേക സംഘം പറന്നുയരുകയുള്ളൂ. അത്തരമൊരു ആവശ്യം സെലെന്‍സ്കി ഉയര്‍ത്തിയാല്‍ അതിനായി ലിത്വാനിയയിലെ ഒരു വിദൂര താവളത്തില്‍ സൈനികര്‍ കഠിന പരിശീലനത്തിലാണെന്ന് ദി സൺ റിപ്പോർട്ട് ചെയ്യുന്നു.  

സെലെന്‍സ്കിയെ വധിക്കാന്‍ പുടിന്‍ തന്‍റെ രഹസ്യഗ്രൂപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ ദൗത്യ നിര്‍വഹണത്തിനായി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏതാണ്ട് 400 ഓളം വരുന്ന വാഗ്നര്‍ ഗ്രൂപ്പ് അംഗങ്ങള്‍ ഈയൊരു ദൗത്യത്തിനായി കീവിലെത്തിയെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

ഇതോടൊപ്പം റഷ്യൻ സ്‌പെഷ്യൽ ഫോഴ്‌സ് സ്‌പെറ്റ്‌നാസും സെലെന്‍സ്കിയെ വേട്ടയാടുകയാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു.  അതിനിടെയാണ് യുകെ, യുഎസ് സേനകളുടെ പ്രത്യേക ദൗത്യത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നത്.

'ഏറ്റവും കൂടുതല്‍ സാധ്യത സെലെൻസ്‌കിയെ കീവിൽ നിന്ന് മാറ്റുകയെന്നതാണ്. അതിനായി ഞങ്ങൾക്ക് വിമാനമുണ്ട്.  പക്ഷേ ദൂരം വളരെ പ്രധാനമാണ്.' എന്ന് ഒരു ഉടവിടം പറഞ്ഞതായി സണ്‍ റിപ്പോര്‍ട്ട് ചെയ്തു. 

റഷ്യയുടെ അധിനിവേശം പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍, റഷ്യയ്ക്ക് ഉക്രൈനില്‍ വളരെ ചെറിയ വിജയങ്ങള്‍ മാത്രമേ നേടാന്‍ കഴിഞ്ഞിട്ടൊള്ളൂ. ആദ്യം കിഴക്കന്‍ നഗരമായ കെര്‍സണായിരുന്നു റഷ്യ കീഴടക്കിയ നഗരം പിന്നാലെ മരിയോപോള്‍ കീഴടക്കി. മൂന്നാമതായി ഓഡേസയെയാണ് റഷ്യ ഉന്നം വച്ചിരിക്കുന്നത്. മൂന്ന് നഗരങ്ങളിലും അതിശക്തമായ ബോംബിങ്ങാണ് റഷ്യ നടത്തുന്നത്. 

ഇത് യുദ്ധകുറ്റമാണെന്ന് സെലെന്‍സ്കി നേരത്തെ ആരോപിച്ചിരുന്നു. റഷ്യനും ബള്‍ഗേറിയനും ജൂതനും ഉക്രൈനിയും ഒരു പോലെ താമസിച്ചിരുന്ന ക്രൈന്‍റെ തെക്കൻ തീരത്തുള്ള കോസ്‌മോപൊളിറ്റൻ തുറമുഖമായ ഒഡേസയിൽ ഏകദേശം ഒരു ദശലക്ഷം ആളുകൾ താമസിക്കുന്നു.  അവിടെ എത്തിയിട്ടുള്ള റഷ്യക്കാര്‍ക്ക് ഇന്നുവരെ ഒരു മോശം അനുഭവം ഉണ്ടായിട്ടില്ല. 

എന്നും ഊഷ്മളമായി അതിഥികളെ വരവേറ്റിരുന്ന ഒഡേസയ്ക്ക് നേരെയാണ് ഇപ്പോള്‍ റഷ്യയുടെ മിസൈലുകള്‍. ഇത് യുദ്ധ കുറ്റമാണ് സെലെന്‍സ്കി പറഞ്ഞു. യുദ്ധമുഖത്ത് നിന്നും സ്വന്തം പൗരന്മാരെ പുറത്തെത്തിക്കാന്‍ വെടിനിര്‍ത്തലാവശ്യപ്പെട്ട് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു.

ആദ്യം വെടിനിര്‍ത്തിലിന് സമ്മതിച്ച റഷ്യ പക്ഷേ, പിന്നീട് ഏകപക്ഷിയമായി അതില്‍ നിന്നും പിന്‍വാങ്ങി. തുടര്‍ന്ന് നിരന്തരം ഷെല്ലാക്രമണം നടത്തി. രക്ഷാദൗത്യം പരാജയപ്പെട്ടതോടെ, ലോകരാജ്യങ്ങള്‍ വീണ്ടും യുദ്ധമുഖത്ത് നിന്നുള്ള ഒഴിപ്പിക്കലിന് ആവശ്യമുന്നയിച്ചു.

45 മിനിറ്റ് വെടിനിർത്തല്‍ റഷ്യ പ്രഖ്യാപിച്ചെങ്കിലും അതിനിടെ റഷ്യ ഷെല്ലാക്രമണം പുനരാരംഭിച്ചു. ഇതോടെ അഭയാർഥികളെ ഒഴിപ്പിക്കാനുള്ള പദ്ധതികൾ നിർത്തിവച്ചു.  'മരിയുപോളിൽ മനുഷ്യരുടെ കഷ്ടപ്പാടുകളുടെ വിനാശകരമായ ദൃശ്യങ്ങൾക്കിടയിൽ, നഗരത്തിൽ നിന്ന് 2,00,000 ആളുകളെ ഒഴിപ്പിക്കാനുള്ള രണ്ടാമത്തെ ശ്രമവും ഇന്ന് ഉപേക്ഷിച്ചുവെന്ന് ഇന്‍റർനാഷണൽ കമ്മറ്റി ഓഫ് റെഡ് ക്രോസ് പറഞ്ഞു.

ഉക്രൈന്‍റെ നിരായുധീകരണം മാത്രമാണ് യുദ്ധം നിര്‍ത്താനുള്ള ഏക മാര്‍ഗ്ഗമെന്നാണ് പുടിന്‍റെ അവകാശവാദം. അതിനിടെ പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്ക്കെതിരെ പ്രഖ്യാപിച്ച ഉപരോധങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി വിസ, മാസ്റ്റര്‍ കാര്‍ഡുകള്‍ റഷ്യയില്‍ നിന്ന് പിന്മാറി. ഐ ഫോണ്‍ റഷ്യയിലെ വില്‍പന അവസാനിപ്പിച്ചു. 

ഭീമമായ നഷ്ടം നേരിടേണ്ടിവരുമെന്നതിനാല്‍ റഷ്യന്‍ ഓഹരി വിപണി തുറന്ന് പ്രവര്‍ത്തിക്കുന്നില്ല. റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് 9 ശതമാനത്തില്‍ നിന്ന് 20 ശതമാനത്തിലേക്ക് പലിശ നിരക്ക് ഉയര്‍ത്തി. അതോടൊപ്പം രാജ്യത്തെ അതിസമ്പന്നരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ബാങ്ക് അക്കൗണ്ടുകള്‍ പിടിച്ചെടുക്കുന്നതിനുള്ള നിയമത്തില്‍ പുടിന്‍ ഒപ്പുവച്ചതായി സ്ഥിരീകരിക്കാത്ത വാര്‍ത്തയുണ്ട്. 

റഷ്യന്‍ എണ്ണ ഭീമന്‍ ലുക്കോയിലി (Russian oil giant Lukoil) യുദ്ധത്തില്‍ നിന്ന് റഷ്യ പിന്‍മാറണമെന്ന് ആവശ്യപ്പെട്ടത് പുടിന് തിരിച്ചടിയായി. രാജ്യത്തെ അതിസമ്പന്നരില്‍ നിന്ന് ആദ്യമായാണ് പുടിനെതിരെ ഒരു പ്രസ്താവന പുറത്ത്‍ വരുന്നത്. 

പുടിന്‍ ഉക്രൈന്‍ യുദ്ധം ആരംഭിച്ചശേഷം റഷ്യയിലെ പ്രധാനപ്പെട്ട അമ്പതോളം നഗരങ്ങളില്‍ പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കപ്പെട്ടു. 'യുദ്ധം' എന്ന വാക്ക് പോലും ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശവും കടുത്ത സെന്‍സര്‍ഷിപ്പുകളും വന്നതോടെ ബിബിസി അടക്കമുള്ള നിരവധി അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റഷ്യയിലെ പ്രവര്‍ത്തനം നിര്‍ത്തലാക്കി. 

രാജ്യത്ത് നിന്നും കയറ്റുമതിയും ഇറക്കുമതിയും ഗണ്യമായി കുറഞ്ഞതോടെ നാണയപെരുപ്പം ശക്തമായി. റൂബിള്‍, ഡോളറുമായുള്ള വിനിമയത്തില്‍ കുത്തനെ താഴേക്ക് പോയി. ഇതോടെ റഷ്യയിലെ സാധാരണക്കാരുടെ ജീവിതം ദുസഹമായി. അതിനിടെ പുടിന്‍ രാജ്യത്ത് സൈനിക നിയമം പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകളും വന്നു.

ഇതോടെ പുടിന്‍റെ ജന്മനഗരമായ സെന്‍റ് പീറ്റേഴ്സ്ബര്‍ഗില്‍ നിന്നും ഫിന്‍ലാന്‍റ് (Finland)അതിര്‍ത്തിയായ വലിമ (Vaalimaa Border)കടക്കാനായി ദിനം പ്രതിയെത്തുന്ന റഷ്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബസുകളിലും കാറുകളിലുമായി നിരവധി റഷ്യക്കാരാണ് പലായനത്തിനായി അതിര്‍ത്തികളിലെത്തുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 

undefined
undefined
undefined

Latest Videos

click me!