ഒരു കള്ളപ്പാസിൽ നിന്ന് , ഒരു ഗസ്റ്റ് പാസിലേക്കുള്ള ദൂരം - 'പാന്‍ ഇന്ത്യന്‍ കഥയുമായി' വിസി അഭിലാഷ്

By Vipin VK  |  First Published Dec 14, 2024, 2:04 PM IST

കള്ളപ്പാസ് ഉപയോഗിച്ച് ഐഎഫ്എഫ്കെയിൽ എത്തിയ സംവിധായകൻ വിസി അഭിലാഷ് ഇപ്പോൾ സ്വന്തം ചിത്രവുമായി മേളയിലെത്തിയിരിക്കുന്നു. പാൻ ഇന്ത്യൻ കഥ എന്ന ചിത്രത്തിന്റെ സംവിധാനത്തെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.


പാന്‍ ഇന്ത്യന്‍ കഥ എന്ന ചിത്രവുമായി ഐഎഫ്എഫ്കെയിലേക്ക് എത്തുകയാണ് സംവിധായകന്‍ വിസി അഭിലാഷ്. ഇതിനെക്കുറിച്ച് അഭിലാഷ് ഫേസ്ബുക്കില്‍ കുറിച്ച് പോസ്റ്റിലെ വരികള്‍ 'ഒരു കള്ളപ്പാസിൽ നിന്ന് ,  ഒരു ഗസ്റ്റ് പാസിലേക്കുള്ള  ദൂരം' എന്നാണ് ഈ അനുഭവവും, ഐഎഫ്എഫ്കെയോട് പിണങ്ങി നിന്ന കാലവും, പുതിയ ചിത്രത്തെക്കുറിച്ചും എല്ലാം അഭിലാഷ് സംസാരിക്കുന്നു. 

സംസ്ഥാന അവാര്‍ഡ് നേടിയ ചിത്രം ഉണ്ടായിട്ടും ഫിലിംമേക്കര്‍ എന്ന നിലയില്‍ ഐഎഫ്എഫ്കെയില്‍ എത്താന്‍ സമയം എടുത്തോ?

Latest Videos

എന്‍റെ ആദ്യത്തെ ഐഎഫ്എഫ്കെ അനുഭവം കള്ളപ്പാസ് ഉപയോഗിച്ചാണ് ഐഎഫ്എഫ്കെയ്ക്ക് വന്നത് എന്നതാണ്. പിന്നീട് മാധ്യമ പ്രവര്‍ത്തകനായി നിരവധി തവണ. ശരിക്കും സിനിമ അവബോധം രൂപപ്പെടുത്തുന്നതില്‍ ഐഎഫ്എഫ്കെയ്ക്ക് പങ്കുണ്ട്. അതേ സമയം ആളൊരുക്കം ഐഎഫ്എഫ്കെയ്ക്ക് തിരഞ്ഞെടുക്കാത്തതിന് അന്നത്തെ വികാരത്തില്‍ ഇനി സ്വന്തം പടം ഇല്ലാതെ ഐഎഫ്എഫ്കെയ്ക്ക് ഇല്ലെന്ന് ഉറപ്പിച്ചു. അതൊരു ചാപല്യത്തില്‍ എടുത്ത തീരുമാനമാണെന്ന് കുറച്ച് നാളുകള്‍ക്കുള്ളില്‍ മനസിലായി പക്ഷെ ദുരഭിമാനം കൊണ്ടോ എന്തോ ഐഎഫ്എഫ്കെയില്‍ എത്തിയില്ല. അത് കഴിഞ്ഞാണ് ഇപ്പോള്‍ ചിത്രവുമായി എത്തുകയാണ്. കള്ളപ്പാസില്‍‌ നിന്നും മേളയുടെ അതിഥിയായി. 

ഇത്തരം ഒരു കഥയിലേക്ക് എത്തിച്ചേര്‍ന്ന സാഹചര്യം എന്താണ്?

undefined

ഈ സിനിമയുടെ ആശയം ചെറുതായി കുറേക്കാലം എന്‍റെ മനസില്‍ ഉണ്ടായിരുന്നു ഇത് ഒരു ചെറുകഥയായി എഴുതണം എന്നാണ് ആദ്യം തോന്നിയത്. ഇതിനായി തുടക്കത്തില്‍ ചില കുറിപ്പുകളും മറ്റും തയ്യാറാക്കിയപ്പോള്‍ അതിന്‍റെ സ്ട്രെക്ചറില്‍ ഒരു സിനിമയുണ്ടല്ലോ എന്ന് തോന്നി. ഇത് പിന്നീട് ഒരു ഷോര്‍ട്ട് ഫിലിമായി സ്വയം ചെയ്യാം എന്നാണ് വിചാരിച്ചത്. എന്നാല്‍ സബാഷ് ചന്ദ്ര ബോസിന് ശേഷം എന്നോടൊപ്പം പടം ചെയ്യണം എന്ന ആഗ്രഹത്തില്‍ 'പാന്‍ ഇന്ത്യന്‍ സ്റ്റോറി' നിര്‍മ്മിച്ച നിര്‍മ്മാതാക്കള്‍ വരുകയും അവരോട് ഈ കഥ പറഞ്ഞതോടെ സിനിമ സംഭവിക്കുകയും ആയിരുന്നു. ശരിക്കും ഈ കഥയുടെ ആശയം മനസില്‍ വരുന്നത് എന്‍റെ മകന്‍ ഞാന്‍ പറയുന്ന കാര്യങ്ങള്‍ വളരെ ശ്രദ്ധയോടെ കേള്‍ക്കുന്നതും എന്നെ അനുകരിക്കാന്‍‌ ശ്രമിക്കുന്നതും കണ്ടാണ്. 

സിനിമയുടെ ആദ്യപകുതിയിലെ പരിചരണം അല്ല രണ്ടാം പകുതിയില്‍, ഗൗരവമേറിയ ഒപ്പം തന്നെ വളരെ സംഘര്‍ഷം നിറഞ്ഞ ഒരു കഥ രീതിയാണ് അവിടെ കാണിക്കുന്നത്. ഇത് ബോധപൂര്‍വ്വമായ ഒരു ആഖ്യാനമായിരുന്നോ?

ശരിക്കും സിനിമയ്ക്ക് ഒരു കഥയാണ്. തീയറ്റര്‍ റിലീസിന് വേണ്ടി ഒരു പകുതി മറ്റൊരു പകുതി എന്ന് ഭാഗിക്കുന്നതാണല്ലോ. ഐഎഫ്എഫ്കെയില്‍ ഒന്നായാണ് ചിത്രം കാണിച്ചത്. എന്നാല്‍ ചിത്രത്തിന്‍റെ ആദ്യ ഭാഗത്ത് ഒരു വീട്ടില്‍ സിസിടിവി വച്ചാല്‍ എങ്ങനെയിരിക്കണം എന്ന രീതിയില്‍ ഒരു പരിചരണം വേണമെന്ന് കരുതിയിരുന്നു. കാരണം പിന്നീട് വരുന്ന സംഘര്‍ഷത്തിലേക്ക് ചിത്രം എത്താന്‍ ഇത്തരം ഒരു കാഴ്ച ആവശ്യമാണ്. പലരെയും അത് ആകര്‍ഷിച്ചുവെന്നും ഇത്തരം ഒരു ട്രീറ്റ്മെന്‍റ് ശരിയാണെന്നുമാണ് പടം കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ നല്‍കിയ ഫീഡ് ബാക്ക്. 

'കുട്ടികളുടെ കളി' എന്നതിനപ്പുറം ചിത്രം അവതരിപ്പിക്കുന്ന് പേര് പോലെ ഒരു 'പാന്‍ ഇന്ത്യന്‍ കഥയാണ്' ഇത്തരം ഒരു പേരിലേക്ക് വരാനുള്ള കാരണം ?

ഈ ചിത്രത്തിന്‍റെ പേരിന് വലിയ പ്രധാന്യമുണ്ടെന്നാണ് തോന്നുന്നത്. നാം സന്തോഷകരമെന്ന് തോന്നുന്ന ഇന്ത്യയിലെ മാത്രം അല്ല ലോകത്തിലെ ഏത് കുടുംബത്തിലും സംഭവിച്ചേക്കാവുന്ന ഒരു കഥയാണ് ചിത്രം പറയുന്നത്. അത് പറയുമ്പോള്‍ എല്ലാ കുടുംബത്തിലും സംഭവിക്കുന്നത് എന്ന് അര്‍ത്ഥമാക്കുന്നില്ല. അതേ സമയം വളരെ ചിന്തിച്ച് തന്നെയാണ് ഈ പേരിലേക്ക് എത്തിയത്. ഇന്ത്യയിലെ സോഷ്യല്‍ സ്ട്രേക്ച്ചറില്‍ എവിടെയും സംഭവിക്കാവുന്ന കഥയായതിനാല്‍ ആ പേര് സ്വീകരിച്ചു. സിനിമയ്ക്ക് പേരിടുക എന്നത് സംവിധായകന്‍ എന്ന നിലയില്‍ എനിക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ആദ്യ ചിത്രം ആളൊരുക്കത്തിലും, രണ്ടാം ചിത്രം സബാഷ് ചന്ദ്ര ബോസിലും പേരിന് ഏറെ ശ്രദ്ധകിട്ടിയിരുന്നു. 

സബാഷ് ചന്ദ്ര ബോസിലെ അഭിനേതാക്കളെ, പ്രത്യേകിച്ച് വിഷ്ണു ഉണ്ണികൃഷ്ണനെ. അതിന്‍റെ ഒരു ഷാഡോയും ഇല്ലാതെ. ശബ്ദത്തില്‍ പോലും മാറ്റം വരുത്തി അവതരിപ്പിക്കുന്നു മുരളി എന്ന ക്യാരക്ടറില്‍, അത്തരം ഒരു കാസ്റ്റിംഗ് എന്തുകൊണ്ടായിരുന്നു?

വിഷ്ണു ഉണ്ണികൃഷ്ണന്‍ അസാധ്യനായ ഒരു നടനാണ്. മലയാളത്തിന്‍റെ നവസുദ്ദീന്‍ സിദ്ദിഖിയായി ഉയരാനുള്ള റൈഞ്ച് അദ്ദേഹത്തിനുണ്ട്. വിഷ്ണുവിന്‍റെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നാണ് എന്‍റെ ചിത്രം സബാഷ് ചന്ദ്ര ബോസിലെ എന്ന് കണ്ടവര്‍ എല്ലാം പറഞ്ഞിട്ടുണ്ട്. ഇങ്ങോട്ട് ചോദിച്ച് വാങ്ങിയ ചിത്രമാണ് ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ സ്റ്റോറിയില്‍ വിഷ്ണു ചെയ്ത മുരളി എന്ന വേഷം. ചെറിയ ചിത്രമാണ് വലിയ ബജറ്റ് ഇല്ലെന്നും മറ്റും പറഞ്ഞിട്ടും വിഷ്ണു ആ വേഷം വേണമെന്ന് പറഞ്ഞപ്പോള്‍ എനിക്ക് ആ വേഷം ഗംഭീരമാകും എന്ന് ഉറപ്പുണ്ടായിരുന്നു. എനിയും വലിയ ഭാവിയുള്ള നടനാണ് വിഷ്ണു. 

മുരളി എന്ന ക്യാരക്ടറും, ചിത്രത്തിന്‍റെ ആദ്യപകുതിയിലെ പരിചരണവും, 'ആളൊരുക്കം' എന്ന അഭിലാഷിന്‍റെ മുന്‍ചിത്രത്തിന്‍റെ പ്ലോട്ടിന് സമാനമായി ചിത്രം പോകുമോ എന്ന കൗതുകം ഉണര്‍ത്തും. എന്നാല്‍ രണ്ടാം പകുതിയില്‍ അത്തരം ഒരു മുന്‍ധാരണയെ തകര്‍ക്കുന്നു, സ്വയം പരിഷ്കരിക്കപ്പെടുന്ന ഒരു ഫിലിം മേക്കറെയാണ് അവിടെ കാണുന്നത് എന്ന് തോന്നി, അത്തരം ഒരു ബോധ്യത്തിലാണോ അത് ഒരുക്കിയത്?

എന്‍റെ ആളൊരുക്കം എന്ന ആദ്യത്തെ ചിത്രം വീണ്ടും കാണാന്‍ പേടിയാണ്. എന്നാല്‍ ഇപ്പോഴും ആ സിനിമ കണ്ട് എന്നെ വിളിക്കുന്നവരുണ്ട്. എന്‍റെ ആദ്യത്തെ രണ്ട് ചിത്രത്തിനും ഹാര്‍ഡ് കോര്‍ഫാന്‍സായ പലരും ഉണ്ട്. സബാഷ് ചന്ദ്ര ബോസ് വളരെ ഇഷ്ടപ്പെടുന്ന ഒരു പ്രമുഖ നടന്‍ അടുത്തിടെ വിളിച്ച് ആ ചിത്രം തമിഴില്‍ എടുക്കുന്ന കാര്യം എന്നോട് ആരാഞ്ഞിട്ടുണ്ട്. ഈ സിനിമകള്‍ ഇപ്പോഴും ആളുകള്‍ അസ്വദിക്കുന്നെങ്കിലും അതില്‍ വന്ന പോരായ്മകള്‍ ഇപ്പോഴാണ് ബോധ്യപ്പെടുന്നത്.ആളൊരുക്കത്തിന്‍റെ ഒരു ഫ്രൈയിം പോലും കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ കണ്ടിട്ടില്ല. അത് കണ്ടാല്‍ ഞാന്‍ ഈ ചിത്രം ഇങ്ങനെയാണോ എടുക്കേണ്ടത് എന്ന ചിന്ത എന്നെ അലട്ടിക്കൊണ്ടിരിക്കും. ഒരോ സിനിമ കഴിയുമ്പോഴും സിനിമ പരിഷ്കരിക്കപ്പെടുന്നുണ്ട്, നമ്മുടെ ക്രിയേറ്റിവിറ്റി പരിഷ്കരിക്കപ്പെടുന്നുണ്ട്, പ്രേക്ഷകന്‍ പരിഷ്കരിക്കപ്പെടുന്നുണ്ട്. ഇത് മൂന്നും ഒന്നിച്ച് സംഭവിക്കുമ്പോഴാണ് ഞാന്‍ ശരിക്കും തൃപ്തനാകുന്നത്. ഒരോ ചിത്രം കഴിയുമ്പോഴും അത് സാധിക്കുന്നു എന്നാണ് വിശ്വാസം. ഒരു ചിത്രം പ്രിവ്യൂ കാണുമ്പോള്‍ തന്നെ അതില്‍ വന്ന വീഴ്ച നമ്മുക്ക് വ്യക്തമാകും. എന്നാല്‍ ആ കുറ്റം അംഗീകരിക്കാനെ സാധിക്കൂ. അത് അംഗീകരിച്ച് അടുത്ത പടത്തില്‍ മെച്ചപ്പെടുത്താം. എന്‍റെ ചിത്രങ്ങള്‍‌ എല്ലാം അങ്ങനെ ചെയ്തതാണ്. അതിന് സിനിമകള്‍‌ കണ്ടും, നമ്മുടെ ബോധ്യങ്ങള്‍ പരിഷ്കരിച്ചും ടെക്നോളജി പഠിച്ചും സ്വയം അപ്ഡേറ്റ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. 

ചിത്രത്തിന്‍റെ തീയറ്റര്‍ റിലീസ് തുടങ്ങിയ കാര്യങ്ങള്‍ എങ്ങനെയാണ് ?

ഐഎഫ്എഫ്കെയില്‍ ലഭിച്ച സ്വീകാര്യത ചിത്രത്തിന്‍റെ തീയറ്റര്‍ റിലീസിലേക്ക് കാര്യങ്ങള്‍ നീക്കും എന്നാണ് എന്‍റെ പ്രതീക്ഷ. അത് അധികം വൈകാതെ തന്നെ സംഭവിക്കും. 

സ്‍ത്രീകള്‍ മാത്രമുള്ള ഒരു സിനിമ- 'വിക്ടോറിയ'യുടെ കഥയുമായി ശിവരഞ്‍ജിനി ഐഎഫ്‍എഫ്‍കെയില്‍

'കാമദേവനെ നക്ഷത്രം കാണിച്ച കൂട്ടം': സിനിമ ഒന്നിപ്പിച്ച ആദിത്യയുടെ സംഘം

click me!