രാജ്യത്ത് കൊവിഡ് രോഗം വ്യാപിപ്പിച്ചു, ദക്ഷിണ കൊറിയയെ പാഠം പഠിപ്പിക്കും; കിം ജോങ് ഉന്നിന്‍റെ സഹോദരി

First Published | Aug 11, 2022, 4:20 PM IST

രാജ്യത്ത് കൊവിഡ് പടര്‍ന്ന് പിടിച്ചപ്പോള്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍, പനി ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്ന് അദ്ദേഹത്തിന്‍റെ സഹോദരിയുടെ വെളിപ്പെടുത്തല്‍.  കടുത്ത പനിക്കിടയിലും ദക്ഷിണ കൊറിയ മനഃപൂർവം രാജ്യത്ത് വൈറസ് പടര്‍ത്തുകയാണെന്ന് കിം ജോങ് ഉന്‍ ആരോപിച്ചു. 2020 ന്‍റെ തുടക്കത്തിലായിരുന്നു ലോകമെങ്ങും കൊവിഡ് വൈറസ് ബാധ പടര്‍ന്ന് പിടിച്ചത്. എന്നാല്‍ ഈ സമയം രാജ്യത്ത് നിന്നും പുറത്തേക്കും അകത്തേക്കുമുള്ള എല്ലാ യാത്രകളും തടഞ്ഞ ഉത്തര കൊറിയയില്‍ ഈ കഴിഞ്ഞ മെയ് മാസമാണ് കൊവിഡ് രോഗാണു ബാധ ശക്തമായത്. ഇതോടെ ഉത്തര കൊറിയ ലോക്ഡൗണിലേക്ക് നീങ്ങി. കഴിഞ്ഞ ബുധനാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് രാജ്യം കൊവിഡ് വൈറസിനെതിരെ അത്ഭുത വിജയം നേടിയ കാര്യം കിം ജോങ് ഉന്‍ അറിയിച്ചത്. പിന്നാലെ രാജ്യത്ത് രോഗം വ്യാപനം നടത്തിയതിന് ദക്ഷിണ കൊറിയയ്ക്കെതിരെ പ്രതികാരം ചെയ്യുമെന്ന് കിം ജോങ് ഉന്നിന്‍റെ സഹോദരി കിം യോ-ജോങ് പ്രഖ്യാപിച്ചു. 

രാജ്യത്തിന്‍റെ പ്രഥമ പൗരനും തന്‍റെ സഹോദരനുമായ കിം ജോങ് ഉന്നിനും രാജ്യത്തെ 4.8 ദശലക്ഷം പേരെയും രോഗബാധിതരാക്കിയതിന് ദക്ഷിണ കൊറിയയ്ക്കെതിരെ പ്രതികാരം ചെയ്യുമെന്നാണ് കിം ജോങ് ഉന്നിന്‍റെ സഹോദരിയും ഉത്തര കൊറിയയുടെ സ്റ്റേറ്റ് അഫയേഴ്സ് കമ്മീഷൻ അംഗവുമായ കിം യോ-ജോങ് പ്രഖ്യാപിച്ചത്. 

'നമ്മുടെ രാജ്യത്ത് കൊവിഡ് വൈറസ് വ്യാപനത്തിന് ശത്രുക്കൾ കാരണക്കാരാകുന്നത് തുടരുകയാണെങ്കില്‍ ആ വൈറസിനെ ഉന്മൂലനം ചെയ്യുക മാത്രമല്ല, ദക്ഷിണ കൊറിയയുടെ അധികാരത്തെ തന്നെ ഞങ്ങള്‍ ഉന്മൂലനം ചെയ്യും. അതെ ഞങ്ങള്‍ ശക്തമായി പ്രതികരിക്കും' കിം യോ-ജോങ് പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യത്ത് ഒരു കൊവിഡ് കേസുപോലുമില്ലെന്നായിരുന്നു ഉത്തരകൊറിയ അവകാശപ്പെട്ടുകൊണ്ടിരുന്നത്. 


എന്നാല്‍, കഴിഞ്ഞ മെയ് മാസത്തില്‍ കിം ജോങ് ഉന്നിന് കൊവിഡ് ബാധയേറ്റിരിക്കാമെന്ന അഭ്യൂഹം ഉയര്‍ന്നതിന് പിന്നാലെ രാജ്യം ലോക്ഡൗണിലേക്ക് നീങ്ങി. കിം യോ ജോങ്, തന്‍റെ സഹോദരനും രാജ്യത്തെ പരമാധികാരിയുമായ കിം ജോങ് ഉന്നിന് കൊവിഡ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചപ്പോള്‍ സദസില്‍ നിന്ന് ചിലര്‍ കരയുന്നത് സ്റ്റേറ്റ് ടിവി സംപ്രേക്ഷണം ചെയ്തു. കൊവിഡ് വ്യാപനത്തിന് ദക്ഷിണ കൊറിയയോട് പ്രതികാരം ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ അവര്‍ ആഹ്ലാദത്തോടെ കൈയടിച്ചു. 

ഇരുരാജ്യങ്ങള്‍ക്കിടയില്‍ ഏറ്റുമുട്ടലുണ്ടാക്കാനായി മനപ്പൂര്‍വ്വം രൂപകല്‍പന ചെയ്ത് ഒരു ചരിത്രപരമായ പ്രഹസനമാണ് കൊവിഡെന്ന് കിം യോ ജോങ് അഭിപ്രയപ്പെട്ടു. തന്‍റെ സഹോദരന് പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായി അവര്‍ അവകാശപ്പെട്ടു. കൊവിഡ് 19 രോഗാണുബാധയ്ക്കെതിരായ പോരാട്ടത്തിൽ ഒരു 'യുഗനിർമ്മാണ അത്ഭുതം' കൊണ്ടുവന്നതിന് അദ്ദേഹത്തിന്‍റെ 'ഊർജ്ജസ്വലവും സൂക്ഷ്മവുമായ മാർഗ്ഗനിർദ്ദേശത്തെ' അവര്‍ പ്രശംസിച്ചു. 

ദക്ഷിണ കൊറിയൻ 'പാവകൾ' ഇപ്പോഴും നമ്മുടെ പ്രദേശത്തേക്ക് ലഘുലേഖകളും വൃത്തികെട്ട വസ്തുക്കളും വലിച്ചെറിയുന്നു. നമ്മൾ അതിനെ ശക്തമായി നേരിടണം,' അവർ പറഞ്ഞു. 'ഞങ്ങൾ ഇതിനകം വിവിധ പദ്ധതികൾ പരിഗണിച്ചിട്ടുണ്ട്, പക്ഷേ ഞങ്ങളുടെ പ്രതികാര നടപടി മാരകമായ ഒരു പ്രതികാരമായിരിക്കണം.' കിം യോ ജോങ് പറഞ്ഞു. എന്നാല്‍, കിം ജോങ് ഉന്നിന്‍റെ  അസുഖത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ കിം യോ ജോങ് തയ്യാറായില്ല. 

കിം യോ ജോങിന്‍റെ പ്രസ്ഥാവന ഇരു രാജ്യങ്ങള്‍ക്കിടിയിലും അസ്വസ്ഥത പടര്‍ത്തുന്നുവെന്ന ആരോപണവും ഉയര്‍ന്നു. 'പരിഹാസ്യമായ അവകാശവാദങ്ങളെ' അടിസ്ഥാനമാക്കിയുള്ള ഉത്തരകൊറിയയുടെ 'അങ്ങേയറ്റം അനാദരവും ഭീഷണിപ്പെടുത്തുന്നതുമായ അഭിപ്രായങ്ങളിൽ' ഖേദം പ്രകടിപ്പിക്കുന്നതായി ഇന്‍റർ-കൊറിയൻ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ദക്ഷിണ കൊറിയയുടെ ഏകീകരണ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 

2022 മെയ് മാസത്തിൽ ഉത്തര കൊറിയയില്‍ കൊവിഡ് രോഗാണുവിന്‍റെ വകഭേദമായ ഒമിക്രോൺ വ്യാപിച്ചതായി ഏകാധിപത്യ ഭരണകൂടം അറിയിച്ചിരുന്നു. രാജ്യത്തെ  26 ദശലക്ഷം ജനസംഖ്യയിൽ ഏകദേശം 4.8 ദശലക്ഷം പേര്‍ക്ക്  'പനി ' ബാധിച്ചതായി റിപ്പോർട്ടുകള്‍ പറയുന്നു. എന്നാൽ അവയിൽ ഒരു വിഭാഗത്തിന് മാത്രമേ കൊവിഡ് 19 ബാധിച്ചതായി തിരിച്ചറിഞ്ഞിട്ടൊള്ളൂ. കൊവിഡ് വ്യാപനം മന്ദഗതിയിലായിരുന്നെന്നും 74 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

'ഞങ്ങൾ പരമാവധി അടിയന്തര പകർച്ചവ്യാധി വിരുദ്ധ ക്യാമ്പുകള്‍ മെയ് മാസത്തില്‍ തന്നെ തുടങ്ങിയതിനാല്‍ ആദ്യ ദിവസങ്ങളില്‍ ലക്ഷക്കണക്കിന് പനി ബാധിതരുണ്ടായിരുന്നത് ഒരു മാസത്തിന് ശേഷം 90,000 ത്തില്‍ താഴെയായി കുറഞ്ഞെന്നും ജൂലായ് 29 ന് ശേഷം കൊവിഡ് വൈറസ് ബാധിച്ച് ഒരു രോഗിപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കിം ജോങ് ഉന്‍ തന്‍റെ പ്രസംഗത്തില്‍ പറഞ്ഞു. 

'ഇതുവരെ ഒരു വാക്‌സിൻ പോലും നൽകാത്ത ഒരു രാജ്യത്തിന്, ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ രോഗവ്യാപനത്തെ തരണം ചെയ്യാനും പൊതുജനാരോഗ്യത്തിൽ സുരക്ഷിതത്വം വീണ്ടെടുക്കാനും നമ്മുടെ രാജ്യത്തെ വീണ്ടും വൃത്തിയുള്ള വൈറസ് രഹിത മേഖലയാക്കാനുമുള്ള നമ്മുടെ വിജയം അതിശയകരമാണ്. പൊതുജനാരോഗ്യത്തിന്‍റെ ലോക ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുന്ന അത്ഭുതം.' കിം അവകാശപ്പെട്ടു. 

സിയോളിലെ വുമൺസ് യൂണിവേഴ്സിറ്റിയിൽ അന്താരാഷ്ട്ര പഠനം നടത്തുന്ന പ്രൊഫസർ ലെഫ്-എറിക് ഈസ്‌ലി പറയുന്നത്, 'കിം, കൊവിഡില്‍ നിന്നും രാജ്യം മുക്തമായെന്ന് പ്രഖ്യാപിക്കുന്നതിന് പിന്നില്‍ പല ലക്ഷ്യങ്ങളുണ്ടാകാം. അത്. രോഗവ്യാപനത്തിന്‍റെ പേരില്‍ അതിര്‍ത്തികള്‍ അടയ്ക്കുക. താത്കാലികമായി നിര്‍ത്തിവച്ച ആണവ പദ്ധതികള്‍ പുനഃരാരംഭിക്കുക. എന്നിങ്ങനെയുള്ള തന്‍റെ മറ്റ് മുന്‍ഗണനകളിലേക്ക് കടക്കാനുള്ള നീക്കമാണെന്നാണ്.'

2017 ന് ശേഷം ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ പ്രദർശനം ഈ വർഷം മുതല്‍ പുനരാരംഭിക്കും. അതോടൊപ്പം വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉത്തര കൊറിയആദ്യത്തെ ആണവ പരീക്ഷണത്തിന് തയ്യാറെടുക്കുമെന്നും ദക്ഷിണ കൊറിയൻ, യുഎസ് ഉദ്യോഗസ്ഥർ ആരോപിക്കുന്നു. തന്‍റെ ആയുധശേഖരം വിപുലമാക്കുന്നതിനായി ഉപരോധം ഒഴിവാക്കാനും സുരക്ഷാ ഇളവുകൾക്കുമായി അമേരിക്കയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ആണവായുധ പദ്ധതികള്‍ കിം ഉപയോഗിച്ചേക്കാമെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

ദക്ഷിണ കൊറിയയിൽ നിന്ന് പറന്നുയർന്ന ബലൂണുകളില്‍ ഘടിപ്പിച്ചിരിക്കുന്ന വസ്തുക്കളുമായി സമ്പർക്കം പുലർത്തുന്ന ആളുകളിലാണ് രാജ്യത്ത് കൊവിഡ് ആദ്യം കണ്ടെത്തിയതെന്ന് ഉത്തരകൊറിയ ജൂലൈയില്‍ തന്നെ ആരോപിച്ചിരുന്നു. ഇത് ദക്ഷിണകൊറിയക്കെതിരായ നീക്കത്തിന്‍റെ ആരംഭിമാണെന്നും അത്തരമൊരു നീക്കത്തെ ന്യായീകരിക്കാനാണെന്നും ദക്ഷിണ കൊറിയ ആരോപിക്കുന്നു. 

കിമ്മിനെ വിമർശിക്കുന്ന ലക്ഷക്കണക്കിന് പ്രചാരണ ലഘുലേഖകൾ വിതരണം ചെയ്യുന്നതിനായി ദക്ഷിണ കൊറിയക്കാര്‍ ബലൂണുകള്‍ ഉപയോഗിക്കാറുണ്ട്. പലപ്പോഴും ഇത്തരം ബലൂണുകളുടെ പേരില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇത്തരം ബലൂണുകളില്‍ നിന്നും വായുവിലൂടെ പകരുന്ന വസ്തുകള്‍ ശ്വസിക്കുന്നവരോ ബലൂണുകളില്‍ അടക്കം ചെയ്ത വസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കോ ആണ് ആദ്യത്തെരോഗബാധ സ്ഥിരീകിച്ചതെന്നും ഉത്തരകൊറിയ ആരോപിക്കുന്നു. 

ജനുവരിയില്‍ ഉത്തരകൊറിയയും ചൈനയും തമ്മില്‍ സൈനാഭ്യാസം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൊവിഡ് വ്യാപനം ശക്തമായത്. ഇതോടെ രാജ്യത്ത് നഗരത്തില്‍ നിന്ന് ഗ്രാമങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകളെല്ലാം കിം അവസാനിപ്പിച്ചു. അതോടെപ്പം സാമ്പത്തിക നില തകരാതിരിക്കാനും ഉത്പാദനം നിശ്ചലമാകാതിരിക്കാനുമായി ഗ്രാമങ്ങളിലെ കൃഷിയിടങ്ങളിലും മറ്റ് നിര്‍മ്മാണ യൂണിറ്റിലും ആളുകളെ പാര്‍പ്പിച്ച് ജോലി ചെയ്യിക്കുകയായിരുന്നു. 

വൈറസ് മീറ്റിംഗിൽ, പുതിയ കൊറോണ വൈറസ് വേരിയന്‍റുകളുടെയും മങ്കിപോക്സിന്‍റെയും ആഗോള വ്യാപനത്തെ ഉദ്ധരിച്ച് പ്രതിരോധ നടപടികൾ ലഘൂകരിക്കാനും രാജ്യത്തിന് ജാഗ്രതയും ഫലപ്രദമായ അതിർത്തി നിയന്ത്രണങ്ങളും നിലനിർത്താനും കിം ആവശ്യപ്പെട്ടു. എന്നാല്‍, അദ്ദേഹത്തിന്‍റെ സഹോദരിയില്‍ നിന്നുള്ള പ്രകോപനപരമായ വാക്കുകളെ സൂക്ഷിക്കേണ്ടതുണ്ടെന്നാണ് ദക്ഷിണകൊറിയന്‍ അധിക‍ൃതരുടെ വാദം. 
 

Latest Videos

click me!