Ashoka emblem: ആകാശം മുട്ടുന്ന അശോകസ്തംഭം, അനാച്ഛാദനത്തിന് പിന്നാലെ വിവാദം

First Published | Jul 12, 2022, 10:30 AM IST

പുതിയ പാർലമെന്‍റ് മന്ദിരത്തിന് മുകളിൽ ആകാശം മുട്ടുന്ന അശോകസ്തംഭം പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു. ഇതുവരെ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നവയില്‍ വച്ച് ഏറ്റവും വലിയ അശോകസ്തംഭമാണ് ഇത്. പൂര്‍ണ്ണമായും വെങ്കലത്തില്‍ നിര്‍മ്മിച്ച, 4.34 മീറ്റർ വീതിയും 6.5 മീറ്റർ ഉയരവുമുള്ള അശോകസ്തംഭത്തിന് 9,500 കിലോയാണ് ഭാരം. ഏകദേശം ഒമ്പത് മാസം സമയമെടുത്താണ് അശോക സ്തംഭം നിർമിച്ചത്. എന്നാല്‍, അനാച്ഛാദനത്തിന് പിന്നാലെ ലോക്‌സഭാ സ്പീക്കർ നോക്കി നില്‍ക്കെ പ്രധാനമന്ത്രി അശോകസ്തംഭം അനാച്ഛാദനം ചെയ്തത് ഭരണഘടനാ ലംഘനമാണെന്ന് പ്രതിപക്ഷം വിമർശിച്ചു. ഭരണഘടനാ അധികാര വിഭജനത്തെ മോദി അട്ടിമറിക്കുകയാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ കുറ്റപ്പെടുത്തി. 

1,250 കോടി രൂപ മുതൽ മുടക്കിലാണ് പുതിയ പാർലമെന്‍റ് മന്ദിരം നിർമിക്കുന്നത്. എന്നാല്‍ ചടങ്ങിൽ നിന്ന് പ്രതിപക്ഷത്തെ മാറ്റി നിർത്തിയതിൽ കോൺഗ്രസ് പ്രതിഷേധം അറിയിച്ചു. ലോക്സഭാ സ്പീക്കർ നോക്കി നിൽക്കെ പ്രധാനമന്ത്രി അശോക സ്തംഭം അനാച്ഛാദനം ചെയ്തത് ചട്ട ലംഘനമാണെന്ന് സിപിഎം, കോണ്‍ഗ്രസ്, സിപിഐ, ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീനും (AIMIM) തുടങ്ങിയി പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു.

അശോകസ്തംഭം അനാച്ഛാദന ചടങ്ങ്, പ്രധാനമന്ത്രി വ്യക്തിപരമായ പരിപാടിയാക്കിയെന്നും പാർലമെന്‍റ് മന്ദിരത്തിന് മുകളിൽ അശോകസ്തംഭം അനാച്ഛാദനം ചെയ്ത പ്രധാനമന്ത്രിയുടെ നടപടി  ഭരണഘടനാപരമായ ഔചിത്യത്തെ ചോദ്യം ചെയ്യുന്നതാണെന്നുമുള്ള പ്രതിപക്ഷ പാർട്ടികളുടെ ആരോപണം ഇതോടെ രാഷ്ട്രീയ തർക്കത്തിന് കാരണമായി. 

Latest Videos


“ഭരണഘടന നമ്മുടെ ജനാധിപത്യത്തിന്‍റെ മൂന്ന് വിഭാഗങ്ങളെ വേർതിരിക്കുന്നു - എക്സിക്യൂട്ടീവ് (സർക്കാർ) (Executive - government), ലെജിസ്ലേച്ചർ (പാർലമെന്‍റും സംസ്ഥാന അസംബ്ലികളും) (Legislature -Parliament and state assemblies), ജുഡീഷ്യറി (Judiciary), രാഷ്ട്രപതി, പാർലമെന്‍റ് വിളിച്ചുകൂട്ടുന്നു. എക്‌സിക്യൂട്ടീവിന്‍റെ തലവൻ പ്രധാനമന്ത്രിയാണ്. പാര്‍ലമെന്‍റിന് അതിന്‍റെ സ്വതന്ത്രമായ ചുമതലയുണ്ട്. നിയമനിർമ്മാണത്തിനും എക്സിക്യൂട്ടീവിന്‍റെ ഉത്തരവാദിത്തം നിലനിർത്താൻ നിയമനിർമ്മാണ സഭയ്ക്ക് അതിന്‍റെ സ്വതന്ത്രമായ ചുമതലയുണ്ട്. മൂന്ന് വിഭാഗങ്ങൾക്കിടയിലുള്ള ഈ ഭരണഘടനാപരമായ അധികാര വിഭജനം എക്‌സിക്യൂട്ടീവിന്‍റെ തലവൻ അട്ടിമറിക്കുകയാണെന്ന് സി.പി.എം പ്രസ്താവനയിൽ ആരോപിച്ചു. ചടങ്ങിൽ സംഘടിപ്പിച്ച മതപരമായ ചടങ്ങിനെതിരെയും സി.പി.എം രംഗത്തെത്തി. 

പാർലമെന്‍റ് എല്ലാവർക്കുമുള്ളതാണെന്നും അവിടെ എങ്ങനെ ഒരു വ്യക്തിഗത പരിപാടി സംഘടിപ്പിച്ചുവെന്ന് ആശ്ചര്യപ്പെടുന്നതായും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. “പാർലമെന്‍റ് നിഷ്പക്ഷമാണ്, അതിൽ മതപരമായ ചടങ്ങുകൾ കൊണ്ടുവരുന്നത് എന്തുകൊണ്ട്?” അദ്ദേഹം ചോദിച്ചു. 

“സർക്കാരിന്‍റെ തലവൻ എന്ന നിലയിൽ പ്രധാനമന്ത്രി പുതിയ പാർലമെന്‍റ് മന്ദിരത്തിന് മുകളിൽ ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്യാൻ പാടില്ലായിരുന്നു. സ്പീക്കർ ലോകസഭയെ പ്രതിനിധീകരിക്കുന്നു, അത് സർക്കാരിന് വിധേയമല്ല. പ്രധാനമന്ത്രി എല്ലാ ഭരണഘടനാ മാനദണ്ഡങ്ങളും ലംഘിച്ചെന്നും എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി പറഞ്ഞു.

പാർലമെന്‍റും ദേശീയ ചിഹ്നവും ഇന്ത്യയിലെ ജനങ്ങൾക്കുള്ളതാണ്, അല്ലാതെ ഒരു മനുഷ്യനല്ല. ഭരണഘടന ഉയർത്തിപ്പിടിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് എല്ലാ പ്രമുഖ പാർട്ടികളുടെയും നേതാക്കൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുപ്പിക്കണമായിരുന്നെന്ന് ലോക്‌സഭയിലെ കോൺഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ് പറഞ്ഞു. 

പ്രതിപക്ഷ ആക്രമണത്തെ എതിർത്ത് ബിജെപിയുടെ മുഖ്യ വക്താവും രാജ്യസഭാ എംപിയുമായ അനിൽ ബലൂനി പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് തള്ളിപ്പറഞ്ഞു. “അനാച്ഛാദന ചടങ്ങിനെ ചോദ്യം ചെയ്യുന്ന പ്രതിപക്ഷ പാർട്ടികൾ ഭരണ പ്രക്രിയ മനസ്സിലാക്കണം. ഇതിന്‍റെ രൂപരേഖ മുതൽ ഫണ്ടും നിർമാണ മേൽനോട്ടവും വരെയുള്ള മുഴുവൻ പ്രവർത്തനങ്ങളും നഗരവികസന വകുപ്പാണ് ചെയ്യുന്നത്. തറക്കല്ലിടൽ പോലും പ്രധാനമന്ത്രിയാണ് ചെയ്തത്'. ബാലുനി പറഞ്ഞു.

നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് കെട്ടിടം പാർലമെന്‍റ് ഭരണസമിതിക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. "പ്രതിപക്ഷ പാർട്ടികൾ മറ്റൊരു കൂട്ടം അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി രംഗത്തെത്തിയത് നിർഭാഗ്യകരമാണ്. ഇത് അവരുടെ രാഷ്ട്രീയ ലക്ഷ്യത്തെ തകർക്കുന്നു." ബാലുനി ആരോപിച്ചു. 

ഭീമാകാരമായ അശോകസ്തംഭ നിര്‍മ്മാണം ക്ലേ മോഡലിങ്, കംപ്യൂട്ടർ ഗ്രാഫിക്‌സ്, വെങ്കല കാസ്റ്റിങ് തുടങ്ങി എട്ടോളം നിര്‍മ്മാണ ഘട്ടങ്ങളിലൂടെയാണ് പൂർത്തിയാക്കിയത്. അനാച്ഛാദന ചടങ്ങിൽ, പാർലമെന്‍റ് നിർമാണ തൊഴിലാളികളുമായി പ്രധാനമന്ത്രി സംസാരിച്ചു. 

ലോക്‌സഭാ സ്പീക്കർ ഓം ബിർല, രാജ്യസഭാ ഡപ്യൂട്ടി ചെയർമാൻ ഹരിവംശ്, പാർലമെന്‍ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി, കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. അനാച്ഛാദനവുമായി ബന്ധപ്പെട്ട പൂജാ കർമങ്ങളിലും പ്രധാനമന്ത്രി പങ്കെടുത്തു. 

ഔറംഗബാദ്, ജയ്പൂർ, ഡൽഹി എന്നിവിടങ്ങളിൽ കലാകാരന്മാരായ സുനിൽ ഡിയോറും ലക്ഷ്മൺ വ്യാസും ചേർന്നാണ് അശോകസ്തംഭം നിർമ്മിച്ചിരിക്കുന്നത്. ആദ്യത്തെ പാര്‍ലമെന്‍റ് രൂപകൽപ്പനയിൽ പുതിയ കെട്ടിടത്തിന് മുകളിൽ ഒരു ശിഖരമായിരുന്നു ഉണ്ടായിരുന്നത്. 2020 ൽ ഇത് മാറ്റി അശോക ചിഹ്നം സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 
 

click me!