മുംബൈ: മുന്‍പ് ഒരു സിനിമയുടെ വിജയം തീരുമാനിച്ചിരുന്നത്. ആ ചിത്രം എത്ര നാള്‍ തീയറ്ററില്‍ കളിച്ചു എന്നത് വച്ചാണ്. എന്നാല്‍ ഇപ്പോള്‍ കാലം മാറി ഒരു ചിത്രം ഏറ്റവും കുറഞ്ഞ ദിവസത്തില്‍ എത്ര കളക്ഷന്‍ നേടി എന്നതാണ് ഇപ്പോഴത്തെ വിജയത്തിന്‍റെ മാനദണ്ഡം. അമ്പത് കോടി, നൂറുകോടി, 500 കോടി, 1000 കോടി ക്ലബുകള്‍ ഇത്തരത്തിലുണ്ട്.
ഇന്ത്യന്‍ സിനിമയില്‍ ബോളിവുഡ് ആണ് വലിയ വിപണിയെങ്കിലും ബോളിവുഡിനെ വെല്ലുന്ന ബോക്സോഫീസ് വിജയങ്ങള്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി ബാഹുബലിക്ക് ശേഷം ദക്ഷിണേന്ത്യന്‍ ചിത്രങ്ങളും നേടുന്നത്. പ്രത്യേകിച്ച് വലിയ തെലുങ്ക് ചിത്രങ്ങള്‍ വന്‍ വിജയം നേടുന്നുണ്ട്.
ഇതില്‍ തന്നെ ഏറ്റവും വേഗത്തില്‍ 1000 കോടി ക്ലബില്‍ കയറിയ ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടിക നോക്കിയാല്‍ ആദ്യത്തെ രണ്ട് സ്ഥാനവും തെലുങ്ക് പാന്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. ഒന്നാമത്തേത് ബാഹുബലി 2, രണ്ടാമത് കല്‍ക്കി 2898 എഡി എന്നിവയാണ് അവ. ഇതിലെ രണ്ടിലും നായകന്‍ പ്രഭാസാണ് എന്നതാണ് രസകരമായ വസ്തു.
ബാഹുബലി 2 റിലീസ് ചെയ്ത് 10മത്തെ ദിവസം 1000 കോടി എന്ന കളക്ഷന്‍ റെക്കോഡില്‍ എത്തി. കല്‍ക്കി 2898 എഡി ഈ നേട്ടത്തില്‍ എത്തിയത് 15മത്തെ ദിവസമാണ്. അതിനാല്‍ തന്നെ വന്‍ ബജറ്റ് ചിത്രങ്ങളുടെ വിജയ നായകനായി മാറുകയാണ് പ്രഭാസ് എന്ന് പറയാം. ഈ ലിസ്റ്റിലെ കുറഞ്ഞ ദിവസത്തില്‍ 1000 കോടി കളക്ഷന്‍ നേടിയ മറ്റ് ചിത്രങ്ങള്‍ നോക്കാം കെജിഎഫ് ചാപ്റ്റര്‍ 2 - 16 ദിവസം, ആര്‍ആര്‍ആര്‍ - 16 ദിവസം, ജവാന്‍ -18 ദിവസം, പഠാന്‍ - 27 ദിവസം.
പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ വൻ ഹിറ്റായിരിക്കുകയാണ്. ആഗോളതലത്തില്‍ പ്രഭാസിന്റെ കല്‍ക്കി 1000 കോടി നേടി എന്നത് രണ്ട് ദിവസം മുന്‍പാണ് നിര്‍മ്മാതാക്കളായ വൈജയന്തി മൂവീസ് അറിയിച്ചത്. കേരളത്തിലും മികച്ച പ്രതികരണമാണ് കല്‍ക്കിക്ക്. കല്‍ക്കി 2898 എഡി മൂന്നാം ആഴ്‍ചയിലും കേരളത്തില്‍ മാത്രം ഏകദേശം ഇരുന്നൂറോളം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.