ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് കൊച്ചിൻ ഷിപ്പ്‌യാർഡിൽ വിക്രാന്ത് കാണാനായി മോഹൻലാൽ എത്തിയത്. നാവികസേനയും കൊച്ചിൻ കപ്പൽശാലയും സംയുക്തമായി ഐഎൻഎസ് വിക്രാന്തിലേക്ക് മോഹൻലാലിനെ ക്ഷണിച്ചിരുന്നു.
ഈ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം എത്തിയത്. നാവികസേനയിലെയും കപ്പൽശാലയിലെയും ജീവനക്കാരോട് അദ്ദേഹം സംസാരിച്ചു.
നാവികസേനയും കൊച്ചിൻ കപ്പൽശാലയും മോഹൻലാലിന് ഉപഹാരവും സമ്മാനിച്ചു. നടനും സംവിധായകനുമായ മേജർ രവിയും താരത്തിനൊപ്പം ഉണ്ടായിരുന്നു.
കഴിഞ്ഞ മാസമാണ് ഐഎൻഎസ് വിക്രാന്ത് നാവിക സേനക്ക് കൈമാറിയത്. രാജ്യം സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ വിക്രാന്ത് ഔദ്യാഗികമായി നാവികസനേയുടെ ഭാഗമാകും. 2009ലാണ് കൊച്ചിന്‍ ഷിപ്പ്‌യാർഡിൽ ഐഎൻഎസ് വിക്രാന്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്.
76 ശതാമനം ഇന്ത്യൻ നിർമിത വസ്തുക്കളാണ് നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്. ചെറുതും വലുതുമായ 30 യുദ്ധ വിമാനങ്ങൾ വഹിക്കാൻ ഈ കൂറ്റൻ യുദ്ധക്കപ്പലിന് ശേഷിയുണ്ട്.
860 അടിയാണ് നീളം. 30 യുദ്ധ വിമാനങ്ങളെയും പത്തോളം ഹെലികോപ്റ്ററുകളെയും ഒരേസമയം കപ്പലിൽ ഉൾക്കൊളാനാവും.
അതേസമയം, വിക്രാന്ത് സന്ദർശിക്കാൻ സാധിച്ചത് അഭിമാനമെന്നാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
കമാൻഡിംഗ് ഓഫീസർ, കമോഡോർ വിദ്യാധർ ഹർകെ, VSM, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. മധു നായർ എന്നിവർ നൽകിയ ഊഷ്മളമായ സ്വീകരണത്തിന് നന്ദി അറിയിക്കുന്നുവെന്നും മോഹൻലാൽ കുറിച്ചു.
വിമാനവാഹിനി കപ്പല്‍ നിർമിക്കുന്ന രാജ്യത്തെ ആദ്യ കപ്പൽശാലയെന്ന നേട്ടത്തിലേക്ക് കൊച്ചിയുടെ സ്വന്തം ഷിപ്‌യാഡും എത്തിയിരിക്കുകയാണ്.
അതേസമയം, ഓളവും തീരവും, ബറോസ്, റാം, എമ്പുരാൻ തുടങ്ങി നിരവധി ചിത്രങ്ങളാണ് മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. എംടിയുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് ആന്തോളജിക്ക് വേണ്ടി തയ്യാറാക്കുന്ന സിനിമയാണ് ഓളവും തീരവും. അടുത്തിടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞത്. നടൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ജൂലൈ 29ന് ചിത്രത്തിന് പാക്കപ്പ് പറഞ്ഞിരുന്നു. നടൻ പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് എമ്പുരാൻ. ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ഈ വർഷാവസാനം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് വിവരം.