ആ കണ്ണുകൾ നിറഞ്ഞു..; ദുരന്തഭൂമിയിലെ വിങ്ങൽ തൊട്ടറിഞ്ഞ് 'ലാലേട്ടൻ'

First Published Aug 3, 2024, 1:43 PM IST

യനാട്ടിലെ മുണ്ടക്കൈ, അട്ടമല, ചൂരൽമല എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഞെട്ടലിലാണ് കേരളക്കര. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ ഒട്ടനവധി പേർക്ക് ജീവൻ നഷ്ടമായി. പലർക്കും ഉറ്റവരെയും ഉടയവരെയും നഷ്ടമായി. ആരാണെന്ന് പോലും അറിയാതെ മൃതദേഹങ്ങൾ, വിലാപങ്ങൾ, ഇനി എന്ത് എന്ന ചോദ്യവുമായി നിൽക്കുന്ന ഒരു കൂട്ടം മനുഷ്യർ.. ഈ കാഴ്ചകൾ ഓരോ മനുഷ്യരെയും സങ്കടക്കടലിൽ ആഴ്ത്തിയിരിക്കുകയാണ്. വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് സഹായങ്ങളുമായി നിരവധി സുമനസുകളാണ് രം​ഗത്ത് എത്തുന്നത്. ഇന്നിതാ ദുരന്തഭൂമിയിൽ ആശ്വാസമായി എത്തിയിരിക്കുകയാണ് നടനും ലഫ്റ്റനന്റ് കേണലും കൂടിയായ മോഹൻലാൽ.  
 

മേജർ രവി അടക്കമുള്ളവർക്ക് ഒപ്പമാണ് മോഹൻലാൽ ദുരന്തഭൂമി സന്ദർശിക്കാൻ എത്തിയത്. ഔദ്യോ​ഗിക വേഷത്തിൽ ആയിരുന്നു മോഹൻലാൽ എത്തിയത്. രക്ഷദൗത്യത്തില്‍ ഏര്‍പ്പെട്ട സൈനികരുമായും വോളണ്ടിയര്‍മാരുമായും സംസാരിച്ച മോഹൻലാൽ ശേഷം മാധ്യമങ്ങളെ കാണുകയും ചെയ്തിരുന്നു. 
 

"നമ്മുടെ രാജ്യം കണ്ടതിൽവച്ച് ഏറ്റവും സങ്കടകരമായ കാഴ്ചകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിലൂടെ അറിയുന്നത്. വളരെ സങ്കടകരമായ കാര്യമണത്. അതിന്റെ വ്യാപ്തി എത്രത്തോളം ആണെന്ന് ആ സ്ഥലങ്ങളിൽ പോയി കണ്ടാൽ മാത്രമെ മനസിലാകുകയുള്ളൂ. ഒരുപാട് പേർക്ക് ഒറ്റ നിമിഷം കൊണ്ട് ഉറ്റവരെയും ഉടയവരെയും വീടും സ്വത്തും എല്ലാം നഷ്ടപ്പെട്ടു. പക്ഷേ നമ്മൾ എല്ലാവരും ഒന്നിച്ച് ചേർന്ന് അവരെ സഹായിക്കുന്നു എന്നത് വളരെ വലിയൊരു കാര്യമാണ്", എന്ന് മോഹൻലാൽ പറഞ്ഞു. 

Latest Videos


"അതിൽ എടുത്ത് പറയേണ്ടുന്നവരാണ് ഇന്ത്യൻ ആർമി, നേവി, എയർഫോഴ്സ്, ഫയർ ഫോഴ്സ്, എൻഡിആർഎഫ്, പൊലീസ്, ഹോസ്പിറ്റൽ അധികൃതർ, ​ഡോക്ടേഴ്സ്, സന്നദ്ധ സംഘടനകൾ, സാധാരണ ആൾക്കാർ, ഒരു കല്ലെടുത്ത് മാറ്റിവയ്ക്കുന്നൊരു കുട്ടി പോലും ഇതിന്റ ഭാ​ഗമായി മാറുന്നു". 
 

"ഞാനും കൂടി ഉൾപ്പെടുന്ന 122 ഇൻഫെന്ററി ബെറ്റാലിയൻ ആണ് ഇവിടെ ആദ്യം എത്തിയത്. ടി എ മദ്രാസ്. ഞങ്ങളുടെ പത്ത് നാല്പത് പേർ വളരെയധികം ശ്രമങ്ങൾ നടത്തി, നിരവധി പേരെ രക്ഷിക്കാൻ സാധിച്ചു. കഴിഞ്ഞ പതിനാറ് വർഷമായി ഞാൻ ആ ബറ്റാലിയനിൽ ആണ് ഉള്ളത്. അവരെ കൂടാതെ നിരവധി യൂണിറ്റുകൾ ഉണ്ട്. അവർക്കൊക്കെ ഒരു പ്രചോദനമാകാൻ, നന്ദി പറയാൻ, മനസ് കൊണ്ട് അവരെ നമസ്കരിക്കാനാണ് ഞാൻ വന്നത്". 
 

"നമുക്ക് എല്ലാവർക്കും ചേർന്ന് ഒറ്റക്കെട്ടായി മുന്നോട്ട് പോകണം. ഇത്തരം പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാവർക്കും ചേർന്ന് ഒരു തീരുമാനം എടുക്കണം. ഒരിക്കൽ കൂടി ഇതിന്റെ പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറയുന്നു. ബെയ്ലി പാലം നിർമിച്ചത് തന്നെ അത്ഭുതമാണ്. ഈശ്വരന്റെ സഹായം കൂടി പുറകിൽ ഉണ്ടെന്ന് വിചാരിക്കാം. ഒരുപാട് പേരെ ഇനിയും കണ്ടെത്തേണ്ടതുണ്ട്. അവരെ കണ്ടെത്താനാകട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം", എന്നാണ് മോഹൻലാൽ പറഞ്ഞത്. 
 

"മുണ്ടക്കൈയിലെ സ്കൂൾ കണ്ടപ്പോൾ എന്നെ നോക്കിയ പുള്ളീടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു", എന്ന് മേജർ രവി പറഞ്ഞപ്പോൾ, "എനിക്ക് ഏറെ പരിചയം ഉള്ള പ്രദേശം ആണ്. ഞാൻ വന്നിട്ടും ഉണ്ട്. അറിയാവുന്ന ആൾക്കാരുണ്ട്", എന്നായിരുന്നു മോഹൻലാൽ പ്രതികരിച്ചത്.    
 

അതേസമയം, മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ ദുരന്തമേഖലയുടെ പുനഃരുദ്ധാനത്തിനായി 3 കോടി നൽകും. ഒപ്പം വെള്ളാർമല സ്കൂളിൻ്റെ പുനരുദ്ധാരണവും ഇവർ ഏറ്റെടുക്കും. 
 

click me!