Bigg Boss: ആരാണിവിടെ അധികാരി ? ബിഗ് ബോസില്‍ അസ്വസ്ഥതകള്‍ തല പൊക്കുന്നു

First Published | Mar 30, 2022, 10:42 AM IST


ബിഗ് ബോസ് വീട് ഉണരുകയാണ്. നാലാം സീസണ്‍ മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ 'ആരാണിവിടെ അധികാരി' എന്ന ചോദ്യം ഉയര്‍ന്നു തുടങ്ങി. പ്രധാനമായും വിഷയങ്ങള്‍ ഏറ്റെടുക്കുന്ന ലക്ഷ്മി തന്നെയാണ് ഈ ചോദ്യങ്ങളുടെയും മൂല കാരണം. ഈയൊരു വിഷയം ഉയര്‍ത്തികൊണ്ടുവരുവാന്‍ ബിഗ് ബോസിന്‍റെ പാവകള്‍ക്ക് കഴിഞ്ഞു എന്ന് പറയുന്നതാകും ശരി. പാവകള്‍ വെറും പാവകളല്ല.  അധികാരം കൂടെ കൂട്ടിയ പാവകളാണവ. വീക്കിലി ടാസ്ക്കിലൂടെ അങ്ങനെ പാവകളും താരങ്ങളായപ്പോള്‍ അധികാരം ആര്‍ക്ക് എന്ന സ്വാഭാവിക ചോദ്യത്തിലേക്ക് മത്സരാര്‍ത്ഥികള്‍ എത്തി ചേരുകയായിരുന്നു. 'അകത്തോ പുറത്തോ' എന്നതായിരുന്നു ഇത്തവണത്തെ ആദ്യ വീക്കിലി ടാസ്ക്കിന്‍റെ പേര്. മികച്ച പ്രകടനം തന്നെയായിരുന്നു ഓരോ മത്സരാര്‍ത്ഥികളും കാഴ്ച്ചവച്ചത്. 

​ഗ്രൂപ്പായുള്ള ആദ്യ ടാസ്ക്കായത് കൊണ്ടുതന്നെ പുതിയ തന്ത്രങ്ങളുമായാണ് മത്സരാർത്ഥികൾ ഇന്ന് കളിക്കളത്തിലേക്ക് ഇറങ്ങിയത്. ആരൊക്കെ വീഴും ആരൊക്കെ വിജയിക്കും എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. 

അതേസമയം, ഷോ തുടങ്ങി അധിക ദിവസം ആയില്ലെങ്കിലും ബി​ഗ് ബോസ് വീടിനകത്ത് ചില പൊട്ടലുകളും ചീറ്റലുകളും തുടങ്ങി കഴിഞ്ഞു. ലക്ഷ്മി പ്രിയയ്ക്കെതിരെയാണ് പലരുടെയും ഐക്യം രൂപപ്പെടുന്നത്.  ഇനി എന്തൊക്കെയാകും ബിഗ് ബോസ് വീട്ടില്‍ നടക്കുകയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. 


‘ കലക്കാത്ത സന്ദനമേരം...’അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ നഞ്ചിയമ്മ പാടിയ ഗാനത്തോടെയാണ് ബി​ഗ് ബോസ് മൂന്നാം എപ്പിസോ‍ഡിന് തുടക്കം കുറിച്ചത്. ന‍ഞ്ചിയമ്മയുടെ ​ഗാനത്തിൽ മത്സരാർത്ഥികൾ സന്തോഷത്തോടെ ചുവടുവച്ച് പുതിയ ദിവസത്തിലേക്ക് കടന്നു. 

ഷോ തുടങ്ങിയപ്പോൾ തന്നെ നാല് പാവകളായിരുന്നു മത്സരാർത്ഥികളെ സ്വാ​ഗതം ചെയ്തത്. നവീൻ, ഡെയ്സി, നിമിഷ എന്നിവരാണ് പാവകൾ എടുത്തത്. പിന്നാലെ ഇവ സാധാരണ പാവകൾ അല്ലെന്നും ചില അധികാരത്തിന്‍റെ പ്രതീകങ്ങള്‍ ആണെന്നും ബി​ഗ് ബോസിന്‍റെ അറിയിപ്പ് വന്നു. 

ഈ നാല് പാവകൾ എടുത്തവർക്ക് മുന്നോട്ടുള്ള യാത്രയിൽ സഹായകരമാകുമെന്നും ബി​ഗ് ബോസ് മുന്നറിയിപ്പ് നൽകി. പിന്നാലെ അഞ്ചാമതൊരു പാവ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്നും അത് കൈക്കലാക്കുന്നവർക്ക് സവിശേഷ അധികാരം ലഭിക്കുകയും ചെയ്യുമെന്നും അറിയിപ്പുണ്ടായി. 

ബ്ലെസ്ലിയായിരുന്നു ആ അ‍ഞ്ചാമത്തെ പാവയെ സ്വന്തമാക്കിയത്. പിന്നാലെ ഡെയ്സിയുടെ പാവ റോൺസൺ അടിച്ചു മാറ്റി. നിമിഷയുടെ പാവ ഡോ. റോബിനും എടുത്തു. നിമിഷയുടെ കൈവേദന ആയതിനാലാണ് പാവ കൈമാറിയതെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നതെങ്കിലും പാവ തന്‍റെ സ്വന്തമാണെന്ന് റോബിൻ നയം വ്യക്തമാക്കി. 

പ്രൊഫഷണൽ ഫോട്ടോ​ഗ്രാഫറായ ഡെയ്സിയായിരുന്നു മോണിം​ഗ് ആക്ടിവിറ്റി ലീഡ് ചെയ്തത്. എങ്ങനെ നല്ലൊരു ഫോട്ടോ എടുക്കാം എന്ന് മറ്റുള്ളവരെ പഠിപ്പിക്കുക എന്നതായിരുന്നു ഡെയ്സിയുടെ ടാസ്ക്. നല്ല കണ്ണുകളാണ് നല്ല ക്യാമറ എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഡെയ്സി തുടങ്ങിയത്. പിന്നാലെ പൊക്കം ഉള്ളവരുടെയും ഇല്ലാത്തവരുടെയും ഫോട്ടോകൾ എങ്ങനെ എടുക്കാം എന്ന് താരം മറ്റുള്ളവർക്ക് പറഞ്ഞു കൊടുത്തു.

അ‍ഞ്ചാമത്തെ പാവ ലഭിച്ച ബ്ലെസ്ലിക്ക് തന്‍റെ വിശിഷ്ട അധികാരം നിർവഹിക്കാനുള്ള അധികാരമായിരുന്നു പിന്നീട് ബി​ഗ് ബോസ് നൽകിയത്. നിലവിൽ പാവകൾ കൈവശം വച്ചിരിക്കുന്ന നാല് പേരിൽ നിന്നും ഒരാളുടെ പാവ മറ്റൊരാൾക്ക് നൽകാം എന്നതായിരുന്നു അധികാരം. പിന്നാലെ ബ്ലെസ്ലി, ജാനകിയുടെ പാവ ലക്ഷ്മി പ്രിയയ്ക്ക് സമ്മാനിച്ചു. 

സീസൺ നാലിലെ ആദ്യത്തെ വീക്കിലി ടാസ്ക് ആയിരുന്നു 'അകത്തോ പുറത്തോ' എന്നത്. പേര് പോലെ തന്നെ ബിഗ് ബോസ് വീട്ടിന് അകത്തോ പുറത്തോ എന്നതായിരുന്നു ടാസ്ക്. പാവകൾ കൈവശം വച്ചിരിക്കുന്നവർക്കാണ് ടാസ്ക്കിൽ അധികാരം കൂടുതൽ.

അവരായിരിക്കും വീടിനുള്ളിലെ അഢംബര പൂർണ്ണമായ ജീവിതം അനുഭവിക്കാന്‍ അവകാശം ഉള്ളവര്‍. പാവകൾ കൈവശം ഇല്ലാത്തവർക്ക് വീടിനുള്ളിൽ കയറാനോ അതിനുള്ളിലെ സൗകര്യങ്ങൾ അനുഭവിക്കാനോ സാധിക്കുകയില്ല എന്നതായിരുന്നു ബി​ഗ് ബോസിന്‍റെ അചഞ്ചലമായ നിര്‍ദ്ദേശം. 

തീരുമാനം വന്നതോടെ റോൺസൺ, നവീൻ, ഡോ. റോബിൻ, ബ്ലെസ്ലി, ലക്ഷ്മി പ്രിയ എന്നിവർ ഒഴികെ ബാക്കിയെല്ലാവരും വീടിന് പുറത്തേക്ക് പോയി. ക്യാപ്റ്റനായ അശ്വിനും വീടിനകത്ത് സുരക്ഷിതനാണ്. ഇനി ആരൊക്കെ അകത്ത് കയറുമെന്നും പുറത്ത് പോകുമെന്നും കാത്തിരുന്ന് കാണണം.

പാവകള്‍ സൂക്ഷിപ്പിക്കുാര്‍ വീടിന്‍റെ സവിശേഷ അധികാരികളാകുമെന്നും അതിന്‍റെ ഉടമകളുടെ ഭാവി നിശ്ചയിക്കുമെന്നും വന്നതോടെ വീടിനുള്ളില്‍ ചില കോണുകളില്‍ പുതിയ സഖ്യങ്ങള്‍ രൂപപ്പെട്ട് തുടങ്ങി. ഇനിയുള്ള 97 ദിവസങ്ങള്‍ ആരൊക്കെ തങ്ങളുടെ കൂടെ വേണമെന്നും ആരെയൊക്കെ ഒഴിവാക്കണമെന്നും ചിലര്‍ക്കെങ്കിലും ആലോചിച്ച് തുടങ്ങിയിരിക്കുന്നു. 

ലക്ഷ്മിയ്ക്കെതിരെ സുചിത്രയും ധന്യയും റോൺസണും സഖ്യപ്രഖ്യാപനം നടത്തിയതായിരുന്നു വെറിട്ട കാഴ്ച. 'ഇവിടെ പ്രത്യേകിച്ച് ലീഡർഷിപ്പ് ആർക്കെങ്കിലും കൊടുത്തിട്ടുണ്ടോ. നമ്മൾ തെരഞ്ഞെടുത്ത ക്യാപ്റ്റൻ അല്ലാണ്ട് ആർക്കെങ്കിലും ?  ആർക്കെങ്കിലും ലീഡർഷിപ്പ് എടുക്കുന്നതായിട്ട് നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ' എന്നായിരുന്നു സുചിത്രയുടെ ചോദ്യം. 

ഉള്ള കളത്തില്‍ നിറഞ്ഞ് കളിക്കാനുള്ള ലക്ഷ്മിയുടെ 'സ്മാര്‍ട്ട്നസ്' പലരെയും അസ്വസ്ഥരാക്കി തുടങ്ങിയിരിക്കുന്നുവെന്നത് ഇവരുടെ സംഭാഷണത്തില്‍ നിന്ന് വ്യക്തം. ലക്ഷ്മിയെ പേരെടുത്ത് പറയാതെയാണ് സുചിത്ര ലീഡര്‍ഷിപ്പ് വിഷയം ഉന്നയിച്ചതെങ്കിലും കേട്ടുനിന്നവര്‍ക്ക് കാര്യങ്ങളെങ്ങോട്ടാണെന്ന് വ്യക്തമായിരുന്നു. 

'ഓരോ കാര്യങ്ങളും അടിച്ച് സ്ഥാപിച്ച് ചെയ്യിക്കുകയാണ്. ചില സമയങ്ങളിൽ നമ്മൾ അടിമകളാണോ എന്ന് തോന്നിപ്പോകുമെന്നും ' സുചിത്ര മറയില്ലാതെ തന്‍റെ ആശങ്ക പങ്കുവച്ചു. എന്നാല്‍, ഇപ്പോള്‍ ഒരങ്കത്തിന് സമയമായില്ലെന്നും കാത്തിരിക്കണമെന്നും സൂചന നല്‍കുന്നതായിരുന്നു റോൺസണിന്‍റെയും ധന്യയുടെയും മറുപടികള്‍. ഇക്കാര്യം എല്ലാവർക്കും തോന്നിയിട്ടുണ്ടെന്നും എങ്കിലും എല്ലാവരും അഡ്ജസ്റ്റ് ചെയ്യുകയാണെന്നുമുള്ള തീരുമാനത്തില്‍ മൂവരും എത്തിച്ചേരുന്നു. കൂട്ടത്തിനിടയിലെ ആദ്യ കല്ലുകടി ആരംഭിച്ചുവെന്ന് ചുരുക്കം. വരും ദിവസങ്ങളില്‍ ബിഗ് ബോസ് ഹൗസില്‍ എന്തൊക്കെ പൊട്ടിത്തെറികള്‍ നടക്കുമെന്ന് കണ്ടറിയണം. 

Latest Videos

click me!