മുംബൈയിൽ ബിഗ് ബോസ് സീസൺ 5 നടക്കുന്നത്. ബോളിവുഡ് സംവിധായകനും പ്രശസ്ത പ്രൊജക്റ്റ് ഡിസൈനറുമായ ഒമംഗ് കുമാറാണ് ഇത്തവണ ബിഗ് ബോസ് ഹൗസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കഴിഞ്ഞ സീസണിലും ഇദ്ദേഹം തന്നെ ആയിരുന്നു ബിബി ഹൗസിന്റെ ശില്പി.
പരമ്പരാഗത കേരള സ്റ്റൈലിൽ മുൻവശം
എല്ലാ സീസണുകളിലും പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു ഭാഗം ബിഗ് ബോസ് വീടിന്റെ മുൻ വശമാണ്. ഒരു പരമ്പരാഗത കേരള തറവാട് വാസ്തുവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊണ്ടാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ചുവരിൽ തൂണുകളും മ്യൂറൽ ആർട്ടും ഉള്ളതിനാൽ, ഇത് മത്സരാർത്ഥികൾക്കും കാഴ്ചക്കാർക്കും നൊസ്റ്റാൾജിയ കൊണ്ടുവരുമെന്ന് ഉറപ്പാണ്. എന്തായാലും ആദ്യ കാഴ്ചയിൽ തന്നെ പേടിപ്പെടുത്തുന്ന ഘടകങ്ങൾ വീടിന്റെ ഇന്റീരിയറിൽ ദൃശ്യമാണ്.
പീരങ്കികളുമായി പ്രധാന വാതിൽ
ഷോയിലേക്ക് പുതിയ മത്സരാർത്ഥികൾ വരികയും എലിമിനേറ്റ് ആകുമ്പോൾ പുറത്തേക്ക് പോകുകയും ഒക്കെ ചെയ്യുന്നത് പ്രധാന വാതിലിലൂടെ ആണ്. അതുകൊണ്ട് തന്നെ വളരെ എഫക്ടീവ് ആയിട്ടുള്ള രീതിയിൽ ആയിരിക്കും എപ്പോഴും പ്രധാന വാതിൽ ക്രമീകരിക്കുക. ഈ രീതിയ്ക്ക് ഇത്തവണയും മാറ്റങ്ങളൊന്നും വന്നിട്ടില്ല. പഴയ യുദ്ധക്കപ്പലിന്റെ രൂപത്തിലാണ് ഇത്തവണ പ്രധാന വാതിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പീരങ്കികളുടെ ത്രീഡി പ്രൊജക്ഷനുകൾ ഒപ്പമുണ്ട്.
കഥകളി മുഖങ്ങളും ത്രിഡി ഡിസൈനുകളുമായി കിടപ്പുമുറി
ഇത്തവണ കിടപ്പുമുറികൾ അൽപ്പം നെഗറ്റീവ് വൈബിലാണ് തയ്യാറാക്കിയിരിക്കുന്നത്. ചുവരിന്റെ ഒരു വശത്ത് കഥകളി മുഖങ്ങൾ വരച്ചപ്പോൾ, മറുവശത്ത് തികച്ചും ഭയാനകമായ മുഖങ്ങളുടെ ത്രിഡി ഡിസൈനുകൾ ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിലെ പോലെ തന്നെ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം മുറിയില്ല. കൂടാതെ, കഴിഞ്ഞ വർഷത്തെപ്പോലെ പ്രത്യേക ക്യാപ്റ്റൻ റൂമും ഇത്തവണ ഇല്ല.
വ്യത്യസ്തതകളുമായി ഗാർഡൻ ഏരിയ
ബിഗ് ബോസ് വീട്ടിലെ പ്രധാന ആകർഷണങ്ങളിൽ ഒന്ന് ഗാർഡൻ ഏരിയയാണ്. ടാസ്കുകളും മത്സരാർത്ഥികൾ തമ്മിലുള്ള ചർച്ചകളും സൗഹൃദവും സ്നേഹവും പ്രണയവും ഒക്കെ നടക്കുന്നത് ഇവിടെ വച്ചാകും. മുൻ സീസണുകളിൽ നിന്ന് വ്യത്യസ്തമായി, ഗാർഡൻ ഏരിയയിൽ ഇത്തവണ വലിയ ഡൈനിംഗ് ടേബിൾ ഉണ്ടാകും. സ്വിമ്മിംഗ് പൂൾ, ജിം എന്നിവയ്‌ക്കൊപ്പം നിരവധി ഇരിപ്പിട ക്രമീകരണങ്ങളും ഈ പ്രദേശത്ത് ഒരുക്കിയിട്ടുണ്ട്. ഒപ്പം മനോഹരമായ ചിത്രങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്.
ബീച്ച് ലുക്കിൽ ബാൽക്കണി
കഴിഞ്ഞ സീസണിലേതിന് സമാനമായി ഇത്തവണയും വീടിന് ബാൽക്കണി ഉണ്ട്. എന്നിരുന്നാലും മത്സരാർത്ഥികൾക്ക് ബീച്ച് സൈഡിൽ ഇരിക്കുന്ന അന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടുള്ള ചുമർ ചിത്രങ്ങളും ഇന്റീരിയൽ ഡിസൈനിങ്ങുമാണ് ചെയ്തിരിക്കുന്നത്. നാളികേരത്തിന്റെയും പക്ഷികളുടെയും ഒക്കെ ത്രീഡി ലുക്കും ഒരു വിന്റേജ് റിക്ഷയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
'തടവുകാരു'മായി ചൂടേറി സംഭാഷണം
ഇത്തവണയും ജയിൽ വീടിന് പുറത്ത് തന്നെയാണ്. എന്നാൽ ജയിലിന് സമീപം ഒരു ഇരിപ്പിടം ക്രമീകരിച്ചിട്ടുണ്ട്. ഇത് മത്സരാർത്ഥികളും 'തടവുകാരും' തമ്മിലുള്ള ചില ചൂടേറിയ സംഭാഷണങ്ങൾക്ക് കാരണമാകുമെന്ന് ഉറപ്പാണ്. ഇനി ആരൊക്കെ ആകും ജയിലിൽ സ്ഥിരം സാന്നിധ്യമാകുന്നതെന്നും ജയിലിലേക്ക് പോകാതെ ഇരിക്കുന്നവരെന്നും കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.
ഫ്ലോറിൽ താമരയുമായി ലിവിംഗ് ഏരിയ
കഴിഞ്ഞ വർഷത്തെ പോലെ ലിവിംഗ് ഏരിയ അത്ര സുഖകരമല്ല. വീട്ടിൽ ഒളിഞ്ഞിരിക്കുന്ന ഭീതി ഇവിടെ നിന്ന് പ്രതിഫലിച്ചു തുടങ്ങുന്നു. ഫ്ലോറിൽ താമരയുടെ ഡിസൈൻ ആണ് നൽകിയിരിക്കുന്നത്. ചുവരുകളിൽ നിറയെ മൃഗങ്ങളുടെ പെയിന്റിംഗുകളും ത്രീഡി ഡിസൈനുകളും ഉണ്ട്. മുൻ സീസണുകളിൽ നിന്ന് വ്യത്യസ്തമായി സ്വീകരണമുറിയിൽ മരം, തലയണകൾ, മുള എന്നിവയും മറ്റും കൊണ്ട് നിർമ്മിച്ച പ്രത്യേക ഇരിപ്പിടങ്ങളുണ്ട്.
കൂറ്റൻ മത്സ്യവും ഡൈനിംഗ് ഏരിയയും
ഡൈനിംഗ് ഏരിയയിൽ മത്സരാർത്ഥികൾക്ക് ഇരിക്കാവുന്ന ടേബിളും കസേരകളും ഉണ്ട്. കേസേരകളിൽ മൃഗങ്ങളുടെ തൊലിയുടെ ഡിസൈനിൽ ഉള്ള കുഷ്യൻ കവറുകൾ ആണ് നൽകിയിരിക്കുന്നത്. വലിയ മത്സ്യത്തിന്റെ ആകൃതിയിലുള്ള ഷാൻഡിലിയർ ഈ പ്രദേശത്തിന്റെ കൗതുകകരമായ കാഴ്ചയാണ്.
പരമ്പരാഗത ടച്ചിൽ അടുക്കള
വീടിന്റെ മുൻവശം പോലെ തന്നെ അടുക്കളയ്ക്ക് ഇത്തവണ പരമ്പരാഗതമായ ഒരു ടച്ച് കൊണ്ടുവന്നിട്ടുണ്ട്. അടുക്കളയ്ക്ക് മുകളിലുള്ള ഒരു കമാനത്തിന് മുകളിൽ ചപ്പാത്തി റോളറുകൾ തൂങ്ങിക്കിടക്കുന്നത് ശ്രദ്ധേയമാണ്. ഇരുവശത്തും മനോഹരമായ കലാസൃഷ്ടികളുമുണ്ട്.
ഗ്രീൻ ഹൗസ് തീമിൽ ശുചിമുറി
വാഷ്‌റൂം ഏരിയയ്ക്ക് ഇത്തവണ ഗ്രീൻ ഹൗസ് തീം ആണ് നൽകിയിരിക്കുന്നത്. ഒപ്പം മുളയും ചെടികളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. മരത്തിന് സമാനമായ കലാസൃഷ്ടിക്ക് ഒപ്പം രണ്ട് വലിയ കണ്ണാടികളും ഇവിടെ കാണാം. ഒപ്പം കാൻഡിൽ ലൈറ്റിന് സമാനമായ ലൈറ്റുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
പോർക്കളത്തിലെ കൺഫഷൻ
കഴിഞ്ഞ നാല് സീസണുകളിൽ നിന്നും വിപരീതമായി ഇത്തവണത്തെ കൺഫൻ റൂം. മത്സരാർത്ഥികളെയും കാഴ്ചക്കാരെയും ഒരുപോലെ ഞെട്ടിക്കുമെന്ന് ഉറപ്പാണ്. ഷോയുടെ തീം ചിത്രീകരിച്ചുകൊണ്ട്, മുറിയിൽ യുദ്ധോപകരണങ്ങൾ കൊണ്ട് നിറഞ്ഞതാണ് മുറി. ഡൈനാമിറ്റ് മുതൽ റോക്കറ്റ് ലോഞ്ചറുകൾ വരെ ഇവിടെ കാണാം. എന്തായാലും തികച്ചും ഒരു പോർക്കളം ആകും ബിബി 5 എന്ന സൂചനയാണ് കാണുന്നത്.
എല്ലാം വീക്ഷിക്കാൻ ആ ഭീമൻ കണ്ണ്
ബിഗ് ബോസിൽ ഇത്തവണ ഒരു വലിയ കണ്ണ് ഉണ്ട്. വാഷ്‌റൂം ഏരിയയിലെ ഇരിപ്പിടത്തിന്റെ ഭിത്തിയിൽ ആണ് ഇത് ആലേഖനം ചെയ്തിരിക്കുന്നത്. വൈക്കോൽ കൊണ്ട് ചുറ്റപ്പെട്ട 'ബിഗ് ബോസ് കണ്ണ്' ക്ഷേത്ര ഘോഷയാത്രകളിൽ ഉപയോഗിക്കുന്ന പരമ്പരാഗത 'ആലവട്ട'ത്തെ ധ്വനിപ്പിക്കുന്നതാണ്.
ചിറ്റ്-ചാറ്റ് കോർണർ
ബിഗ് ബോസിൽ ചില സംസാരങ്ങളും ചർച്ചകളും നടക്കുന്നത് പല കോർണറുകളിലും ആണ്. ഇത്തവണ അതിനായി മാത്രം ഒത്തിരി കോർണറുകൾ നിർമിച്ചിട്ടുണ്ട്. പ്രണയകഥകൾ പൂവണിയുന്നതിന് ഈ സ്ഥലങ്ങൾ സാക്ഷ്യം വഹിക്കുമോ അതോ യുദ്ധ തന്ത്രങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള രഹസ്യ കേന്ദ്രമായി മാറുമോ എന്ന് കണ്ടറിയണം.
അതുല്യമായ കലാസൃഷ്ടികൾ
എല്ലാവർഷവും ബിഗ് ബോസ് വീട്ടിൽ കലാസൃഷ്ടികളുടെ മനോഹാരിത ഉണ്ടായിരിക്കും. ഇത് ഷോയുടെ മാറ്റ് കൂട്ടുന്ന ഘടകങ്ങളും പ്രേക്ഷകനും മത്സരാർത്ഥികൾക്കും കൗതുകകരമായ വസ്തുതകളും ആണ്. ഇത്തരത്തിൽ ബിഗ് ബോസ് ഹൗസ് ഇത്തവണയും അസാധാരണമായ കലാസൃഷ്ടികളാൽ നിറഞ്ഞത് തന്നെയാണ്. ബെഡ്‌റൂം ഏരിയയിലെ അർദ്ധനാരി ഡിസൈൻ, 3 ഡി ഡിസൈൻ ചെയ്ത കാളകൾ, യുദ്ധ ആനകൾ എല്ലാം വീടിനെ കൂടുതൽ മനോഹരമാക്കുന്നു. അതോടൊപ്പം പോർക്കളത്തിന്റെ ഫീലും.
ഇന്ന് വൈകുന്നേരം 7 മണി മുതൽ ആണ് ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ ഗ്രാൻഡ് ലോഞ്ച്. എല്ലാ ദിവസവും ഏഷ്യാനെറ്റ് ചാനലിലും ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലും ബിഗ് ബോസ് സീസൺ 5 കാണാനാകും. ഹോട്സ്റ്റാറിൽ ഇരുപത്തി നാല് മണിക്കൂറും ഷോ കാണാനാകും.
തിങ്കൾ- മുതൽ വെള്ളി വരെ രാത്രി 9.30ക്കും ശനി- ഞായർ ദിവസങ്ങളിൽ 9 മണിക്കും ആകും ഏഷ്യാനെറ്റിൽ ഷോയുടെ സംപ്രേക്ഷണം. കഴിഞ്ഞ സീസണുകളെ പോലെ തന്നെ ഇത്തവണയും മോഹൻലാൽ തന്നെയാണ് ബിഗ് ബോസിന്റെ മുഖമാകുക.