മുൻ സീസണില്‍ നിന്ന് തീര്‍ത്തും വ്യത്യസ്‍തമായ ശൈലിയിലും വൈവിധ്യത്തിലുമാണ് ഇത്തവണത്തെ ബിഗ് ബോസ് ഹൗസ്. വീട്ടില്‍ നിന്ന് അകന്നു കഴിയുന്ന മത്സാര്‍ഥികളെ സന്തോഷകരമായി 100 ദിവസം കഴിയാൻ സഹായിക്കുന്ന തരത്തിലാണ് ബിഗ് ബോസ് ഹൗസ് എന്ന് ഒമങ് കുമാര്‍ പറയുന്നു.
ഇത്തവണ മത്സരാര്‍ഥികള്‍ക്ക് സംസാരിച്ചിരിക്കാൻ ധാരാളം സ്വകാര്യ ഇടങ്ങളും ബിഗ് ബോസ് ഹൗസിന്റെ ഭാഗമായിട്ട് ഒരുക്കിയിട്ടുണ്ട്. മനോഹരമായ പൂന്തോട്ടവും സ്റ്റൈലിഷായ ഫ്ലോറും ആര്‍ടിസ്റ്റിക് സീലിംഗ് വര്‍ക്കുകളും വിശാലമായ ഡൈനിംഗ്, ലിവിംഗ് ഏരിയകളും, സൗകര്യങ്ങളുള്ള കിച്ചണും, മനോഹരമായ നീന്തല്‍ക്കുളവുമൊക്കെ ബിഗ് ബോസ് ഹൗസിന്റെ ഭാഗമായി തയ്യാറാക്കിയിരിക്കുന്നു.
ബിഗ് ബോസില്‍ മോശം പ്രകടനം നടത്തുന്നവര്‍ക്കായുള്ള ജെയിലിന്റെ ഡിസൈനും ഇത്തവണ വേറിട്ട രൂപത്തിലുള്ളതാണ്. സാധാരണ വിലങ്ങനെയുള്ള ഇരുമ്പ് അഴികളുള്ള മുറിക്ക് പകരമായി ഒരു ഗ്ലോബിന്റെ ആകൃതിയിലുള്ളതാണ് ജെയില്‍.
സ്‍ത്രീകള്‍ക്കും പുരുഷൻമാര്‍ക്കും ഇത്തവണ പ്രത്യേക കിടപ്പു മുറികളില്ല. പക്ഷേ ഓരോ ആഴ്‍ചയിലും തെരഞ്ഞെടുക്കുന്ന ക്യാപ്റ്റനായി പ്രത്യേക ലക്ഷ്വറി ബെഡ് റൂം ഒരുക്കിയിട്ടുണ്ട് എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.
ഡിസൈനിംഗില്‍ പലത തരത്തിലുള്ള പുതുമകളും ഇത്തവണ പരീക്ഷിച്ചിട്ടുണ്ട്. കൈപ്പത്തി മരമായി മാറുന്നതുപോലെയുള്ളത് അടക്കമുള്ള ഒട്ടേറെ ആകര്‍ഷകമായ ഡിസൈൻ ഇലമെന്റുകള്‍ ബിഗ് ബോസ് ഹൗസിലുണ്ട്.
ആകര്‍ഷകമായ അടുക്കള ഇത്തവണയും ബിഗ് ബോസ് ഹൗസിന്റെ പ്രത്യേകതയാണ്. കണ്ണാടി ചുവരുകളും ചുവപ്പും വെളുപ്പും നിറത്തിലുള്ള ടോണോടുകൂടിയ അമേരിക്കൻ അടുക്കളയുടെ ഡിസൈനാണ് ഒമങ് കുമാര്‍ ബിഗ് ബോസിനായി പ്രചോദനമാക്കിയിരിക്കുന്നത്.
അണ്ടര്‍ വാട്ടര്‍ തീം ആണ് വാഷ് ഏരിയക്കായി സ്വീകരിച്ചിരിക്കുന്നത്. പവിഴപ്പുറ്റുകളുടെയും കൂണാകൃതിയിലുള്ള വിളക്കുകളുടെയും ഒക്കെ ആര്‍ട് വര്‍ക്കുകള്‍ നല്‍കിയിട്ടുണ്ട്.
റോക്ക് ചെയറുള്ള ഒരു കണ്‍ഫെഷൻ റൂമാണ് ബിഗ് ബോസ് ഹൗസ് മലയാളം സീസണ്‍ നാലില്‍ മത്സരാര്‍ഥികള്‍ക്കായി തയ്യാറാക്കിയിട്ടുള്ളത്.
പതിവില്‍ നിന്ന് വ്യത്യസ്‍തമായി സ്റ്റെയര്‍ കേസും ബിഗ് ബോസ് ഹൗസ് സീസണ്‍ നാലിന്റെ ഭാഗമായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
'മേരി കോം', 'സര്‍ബജിത്', 'പിഎം നരേന്ദ്ര മോദി' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ബിഗ് ബോസ് ഹൗസ് തയ്യാറാക്കിയ ഒമങ് കുമാര്‍. ഭാര്യ വനിതയും ഒമങ് കുമാറിന് ബിഗ് ബോസ് ഹൗസിന്റെ രൂപകല്‍പനയില്‍ സഹായിയായി.