'90 കളുടെ ആദ്യകാലത്ത് ഇറാന്‍റെ പ്രധാന ആഭ്യന്തര ടൂറിസം കേന്ദ്രങ്ങളിലൊന്നായിരുന്നു ഉര്‍മിയ ഉപ്പ് തടാകം. നിരവധി റിസോട്ടുകളാലും ബോട്ടുകളാലും സഞ്ചാരികളാലും തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രമായിരുന്നു ഇത്. രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ നിന്നെന്നപ്പോലെ വിദേശ രാജ്യങ്ങളില്‍ നിന്നും ഇവിടെ ടൂറിസ്റ്റുകളെത്തിയിരുന്നു.
വിശാലമായ ഇറാന്‍റെ തുര്‍ക്കി അതിര്‍ത്തിയായ വടക്ക് പടിഞ്ഞാറന്‍ പ്രദേശത്താണ് ഉര്‍മിയ ഉപ്പ് തടാകമുള്ളത്. ഉര്‍മിയില്‍ നിന്ന് 240 കിലോമീറ്റര്‍ ദൂരെ തുര്‍ക്കി അതിര്‍ത്തിയിലുള്ള വാന്‍ തടകമാണ് ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ഉപ്പ് തടാകങ്ങളിലൊന്ന്. ഒരു കാലത്ത് വാന്‍ തടാകത്തെക്കാള്‍ വലുതായിരുന്നു ഉര്‍മിയ തടാകം.
“ഉർമിയ തടാകം മരിക്കുന്നു. പാർലമെന്‍റ് അതിനെ കൊല്ലാൻ ഉത്തരവിടുന്നു,” പ്രതിഷേധക്കാർ ഉർമിയ നഗരത്തില്‍ പ്രകടനം നടത്തവേ വിളിച്ചു പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോർട്ട് ചെയ്തു. മേഖലയിലെ പൊലീസ് മേധാവി, പ്രകടനം നടത്തിയവര്‍ പൊതു സുരക്ഷയ്ക്ക് തടസം നില്‍ക്കുന്ന ശത്രുക്കളാണ് എന്നായിരുന്നു ആരോപിച്ചത്.
ഇറാനിയൻ ആഭ്യന്തര സഞ്ചാരികളും വിദേശ വിനോദസഞ്ചാരികളും തുർക്കി അതിർത്തിക്കടുത്തുള്ള ഉർമിയ തടാകത്തിലേക്ക് ഒഴുകിയത്, തടാകത്തിന്‍റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും ധാതു സമ്പന്നമായ ചെളിയില്‍ കുളിക്കുന്നതിനായിരുന്നു. എന്നാല്‍, '90 -കളോടെ രാജ്യത്തെ ഭക്ഷ്യസുരക്ഷ ശക്തമാക്കാനായി കൃഷി വ്യാപകമാക്കാന്‍ തീരുമാനിച്ചു.
ഇതിന്‍റെ ഫലമായി 1990-കളുടെ മധ്യത്തിൽ, ഉര്‍മിയ തടാകത്തിലേക്കുള്ള പോഷക നദികള്‍ക്ക് കുറുകെ പുതിയ അണക്കെട്ടുകള്‍ ഉയര്‍ന്നു. ഇതോടെ തടാകത്തിലേക്ക് എത്തിയിരുന്ന ജലത്തിന്‍റെ അളവില്‍ വലിയ കുറവ് സംഭവിച്ചു. ഇതോടൊപ്പം കഴിഞ്ഞ ദശകങ്ങളില്‍ വരള്‍ച്ച വ്യാപിച്ചതും കാര്യങ്ങള്‍ കീഴ്മേല്‍ മറിച്ചു.
പുതിയ അണക്കെട്ടുകളും കൊടും വളര്‍ച്ചയും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഉര്‍മിയ തടാകത്തിന്‍റെ ശോഷണത്തിന് കാരണമായി. "ഇത് വളരെ ലളിതമാണ്. വരൾച്ച രൂക്ഷമായ അതേ സമയം മനുഷ്യ ഉപയോഗത്തിനായുള്ള വെള്ളത്തിന്‍റെ ഉപയോഗം വളരെയധികം വർദ്ധിച്ചു," ഒക്ലഹോമ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധനായ അലി മിർച്ചി ബിബിസി ഫ്യൂച്ചർ പ്ലാനറ്റിനോട് പറഞ്ഞു,
എന്നാല്‍, ഇതില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത് തദ്ദേശീയരാണ്. അവരിൽ പലരും തങ്ങളുടെ ഉപജീവനത്തിനായി തടാകത്തെയാണ് ആശ്രയിച്ചിരുന്നത്. അവരുടെ നിത്യജീവിതത്തെ പോഷിപ്പിച്ചിരുന്ന നദി ഓരോ ദിവസം കഴിയുമ്പോഴും കൂടുതല്‍ കൂടുതല്‍ വറ്റി വരണ്ടുകൊണ്ടിരുന്നു. ആ വിശാലമായ തീരത്ത് റസ്റ്റോറന്‍റുകളും ഗസ്റ്റ് ഹൗസുകളും ബോട്ടുകളും ഉപേക്ഷിക്കപ്പെട്ടു.
"വര്‍ഷം കഴിയുന്തോറും തന്‍റെ അമ്മാവന് തടാകത്തിലേക്കുള്ള ബോട്ട് ജെട്ടിയുടെ നീളം വര്‍ദ്ധിപ്പിക്കേണ്ടി വന്നു. എന്നാല്‍ ചില സമയത്ത് അദ്ദേഹമത് നിര്‍ത്തിവച്ചു കാരണം ചില വര്‍ഷങ്ങളില്‍ തടാകം ഒറ്റയടിക്ക് 1,640 അടിയോളം താഴ്ചയിലേക്ക് പോയി." കഴിഞ്ഞ കുറച്ച് വർഷങ്ങളായി തടാകത്തിന് എന്ത് സംഭവിക്കുന്നുവെന്ന് രേഖപ്പെടുത്തിയ ഫോട്ടോഗ്രാഫറായ ദരിയാനി പറയുന്നു. "ആളുകൾക്ക് തടാകത്തിലെ വെള്ളത്തിലേക്കെത്താന്‍ കൂടുതല്‍ കൂടുതല്‍ ദൂരം നടക്കേണ്ടിവന്നു."
ഉര്‍മിയ അതിന്‍റെ പ്രതാപ കാലത്ത് മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ തടാകവും ഭൂമിയിലെ ആറാമത്തെ വലിയ ഉപ്പുതടാകവുമായിരുന്നു. 140 കിലോമീറ്റര്‍ നീളം 55 കിലോമീറ്റർ വീതിയിലും 16 മീറ്റർ (52 അടി) പരമാവധി ആഴത്തിലുമായി ഏകദേശം 5,200 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തായി ഉര്‍മിയ വ്യാപിച്ച് കിടന്നു.
എന്നാല്‍, 2017 അവസാനത്തോടെ, ഉര്‍മിയ അതിന്‍റെ പഴയ വലുപ്പത്തിന്‍റെ 10 ശതമാനമായി ചുരുങ്ങി. ഉർമിയ തടാകവും അതിന്‍റെ 102 ദ്വീപുകളും ഇറാനിയൻ പരിസ്ഥിതി വകുപ്പിന്‍റെ ദേശീയ ഉദ്യാനമായി സംരക്ഷിക്കപ്പെട്ടിരിക്കെവെ തന്നെയായിരുന്നു ഈ ശേഷണവും.
വെറും 20 വർഷത്തിനുള്ളിൽ, തടാകം അതിന്‍റെ പഴയ വലുപ്പത്തിന്‍റെ 10 % ആയി ചുരുങ്ങിയതോടെ. അവശേഷിച്ച വെള്ളത്തിൽ ചുവന്ന ആൽഗകൾ വിരിഞ്ഞു. ജലാശയത്തിന്‍റെ നിറം ചുവന്നു തുടുത്തു. വെള്ളം കുറഞ്ഞതോടെ ചളിയുടെ ഗുണമേന്മയും പോയി. പതുക്കെ വിനോദസഞ്ചാരികളുടെ വരവ് നിലച്ചു. തദ്ദേശീയവാസികള്‍ മിക്കവരും സ്ഥലം മാറിക്കഴിഞ്ഞു.
ബോട്ടുകളും കെട്ടിടങ്ങളും പുതുതായി ഉയർന്നുവന്ന ഉപ്പ് സമതലങ്ങളില്‍ ദ്രവിച്ച് ചേര്‍ന്നു. 2019 ലും 2020 ലും തടാകം തിരിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ചെറിയ തോതില്‍ വിജയം കണ്ടിരുന്നെങ്കിലും 2021 ലെയും 2022 ലും വീശിയടിച്ച ഉഷ്ണതരംഗം താടാകത്തെ വീണ്ടും ശോഷിപ്പിച്ചു. പ്രദേശത്ത് ബാക്കിയായ മറ്റെങ്ങോട്ടും പോകാനില്ലാത്ത തദ്ദേശീയരും ചില പരിസ്ഥിതി പ്രവര്‍ത്തകരുമാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.