കാടുകാക്കാന്‍ ആയുധങ്ങളുമായി പെണ്‍പോരാളികള്‍; കമ്മ്യൂണിറ്റി സ്‍കൗട്ട്‍സിലെ വിശേഷങ്ങള്‍

First Published | Aug 3, 2020, 1:09 PM IST

സാധാരണയായി കാടും കാട്ടിലെ ജീവികളെയും സംരക്ഷിക്കുക എന്നതൊക്കെ പുരുഷന്മാരുടെ ജോലിയായിട്ടാണ് കണ്ടുവരുന്നത്. എന്നാല്‍, കുറച്ചുകാലമായി ഈ മേഖലയിലേക്ക് സജീവമായി സ്ത്രീകളും ഇറങ്ങുന്നുണ്ട്. പ്രത്യേകിച്ച് ആഫ്രിക്കയില്‍. ഏറ്റവുമധികം വന്യജീവികള്‍ വേട്ടയാടപ്പെടുന്ന സ്ഥലങ്ങളാണ് ആഫ്രിക്കയില്‍ പലതും. ഇപ്പോഴിതാ, സിംഗിള്‍ മദറായിട്ടുള്ള സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് കമ്മ്യൂണിറ്റി സ്‍കൗട്ട്‍സ് എന്നൊരു പദ്ധതി കൂടി അവര്‍ നടപ്പിലാക്കിയിരിക്കുന്നു. അതിന്‍റെ ഭാഗമായി തോക്കും ആയുധങ്ങളുമായി വന്യജീവികളെ അപകടകാരികളായ വേട്ടക്കാരില്‍ നിന്നും രക്ഷിക്കാന്‍ ഒരുമ്പെട്ടിറങ്ങുന്നത് സ്ത്രീകളാണ് എന്നര്‍ത്ഥം. 

സിംബാബ്‍വേയില്‍ ഭര്‍ത്താവിന്‍റെ കൂടെയല്ലാതെ കുഞ്ഞിനെയും കൊണ്ട് തനിച്ച് താമസിക്കുക എന്നത് കുറച്ച് പ്രയാസമുള്ള കാര്യമാണ്. ഇങ്ങനെ സിംഗിള്‍ മദറിന് പറ്റിയ ജോലികളാവട്ടെ തുന്നലോ, ഭക്ഷണം വില്‍ക്കലോ, പാചകമോ ഒക്കെ ആണ് എന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍, കമ്മ്യൂണിറ്റി സ്‍കൗട്ട്‍സിലൂടെ അവരെ വേട്ടക്കാര്‍ക്കെതിരെ പോരാടാനുള്ള മുന്നണിപ്പോരാളികളാക്കി നിയമിക്കുകയാണ് ചെയ്യുന്നത്. കമ്മ്യൂണിറ്റി സ്‍കൗട്ട്സ് എന്ന് പേരുള്ള ഈ സ്ക്വാഡ് നാഷണല്‍ പാര്‍ക്ക് റസ്ക്യൂവിന്‍റെ നേതൃത്വത്തില്‍ പരിശീലനം സിദ്ധിച്ച വന്യജീവി സംരക്ഷണ സംഘമാണ്. Space for Giants ആണ് അവര്‍ക്കാവശ്യമായ ആയുധങ്ങളും അവരുടെ ശമ്പളവുമെല്ലാം നല്‍കുന്നത്. അവര്‍ക്ക് നന്നായി കഴിയാനുള്ള ശമ്പളം ഇതില്‍ നിന്നും കിട്ടുന്നു.
undefined
''ഈ പദ്ധതി എന്‍റെ ജീവിതം തന്നെ മാറ്റിമറിച്ചു'' മുപ്പത്തിമൂന്നുകാരിയായ സിതാബില്‍ മുനെന്‍ഗെ പറയുന്നു. ഒമ്പതും രണ്ടും വയസുള്ള രണ്ട് കുട്ടികളുണ്ടവള്‍ക്ക്. കമ്മ്യൂണിറ്റ് സ്‍കൗട്ടിലേക്ക് വരുന്നതിന് മുമ്പ് പൊടിനിറഞ്ഞ റോഡരികില്‍ തക്കാളി വിറ്റായിരുന്നു അവള്‍ കുട്ടികളെ പോറ്റിയിരുന്നത്. തക്കാളി വിറ്റു കിട്ടുന്ന തുക സത്യത്തില്‍ അവര്‍ക്ക് കഴിയാന്‍ തികഞ്ഞിരുന്നില്ല.സാധാരണയായി പുരുഷന്മാരെയാണ് എല്ലാവരും ജോലിക്ക് നിയമിക്കുക. എന്നാല്‍, തനിക്കിപ്പോള്‍ തന്‍റെ കമ്മ്യൂണിറ്റിയോട് നന്ദിയുണ്ട്. തന്‍റെ കുഞ്ഞുങ്ങള്‍ക്ക് നല്ലൊരു ഭാവിയുണ്ടാക്കിക്കൊടുക്കാന്‍ തനിക്കിതിലൂടെ കഴിയുമെന്നും അവള്‍ പറയുന്നു.
undefined

Latest Videos


സിംബാബ്‍വേ ഒരുപാട് വന്യജീവികളുള്ള സ്ഥലമാണ്. ആനയും എരുമയും എല്ലാം അതില്‍ പെടുന്നു. അവിടെ വേട്ടക്കാരുടെ ഭീഷണി ഭീഷണി വളരെ കൂടുതലായിരുന്നു. പ്രത്യേകിച്ച് ഇപ്പോള്‍ കമ്മ്യൂണിറ്റി സ്‍കൗട്ട്സിന്‍റെ ഭാഗമായി ഈ വനിതകളെ നിയമിച്ചിരുന്ന ചിസറിയ നാഷണല്‍ പാര്‍ക്കുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍. 2006 -നും 2016 -നും ഇടയില്‍ ഇവിടെ കൊല്ലപ്പെട്ടത് മൂവായിരത്തിലധികം ആനകളാണ്. 2000 കിലോമീറ്റര്‍ സ്ക്വയര്‍ ഫീറ്റിലുള്ള ഈ സ്ഥലത്ത് നിറയെ കുന്നും മരവും മലയിടുക്കുകളുമൊക്കെയാണ്. ഇത് വേട്ടക്കാര്‍ക്ക് ഒളിച്ചിരിക്കാനുള്ള സൗകര്യം ഒരുക്കുന്നു. അടുത്തിടെയാണ് സമീപത്തുള്ള Hwange National Park -ല്‍ 80 ആനകള്‍ ചെരിഞ്ഞത്. ഇത് വേട്ടക്കാര്‍ വെച്ച വിഷം കഴിച്ചിട്ടാണെന്നാണ് സംശയിക്കുന്നത്.
undefined
കമ്മ്യൂണിറ്റി സ്‍കൗട്ട്‍സിലെ അംഗങ്ങള്‍ വളരെ ദൂരം പട്രോളിംഗ് നടത്തുകയും വേട്ടക്കാര്‍ അതിക്രമിച്ച് കയറുന്നില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. ''എന്‍റെ ജോലിയുടെ ഏറ്റവും മികച്ച ഭാഗം വന്യജീവികളെ സംരക്ഷിക്കാനെനിക്ക് കഴിയുന്നു എന്നതാണ്. ഈ ജോലി തുടങ്ങുന്നതിന് മുമ്പ് എനിക്ക് ആനകളെ പേടിയായിരുന്നു. എന്നാല്‍, ഇന്നെനിക്ക് ഞാന്‍ ചെയ്യുന്ന ജോലിയില്‍ അഭിമാനമുണ്ട്.'' 23 -കാരിയായ സിഫാതിസിവി മുലേയ പറയുന്നു.23 -കാരിയായ മുന്‍സക പറയുന്നത് തനിക്ക് കിട്ടിയ ആദ്യത്തെ ജോലിയാണിത്. ആദ്യം കാടിനകത്ത് പട്രോളിംഗ് നടത്തുമ്പോള്‍ പേടിയുണ്ടായിരുന്നു എന്നുമാണ്. ''പക്ഷേ, ഓരോദിവസം ചെല്ലുന്തോറും എനിക്ക് ധൈര്യം വന്നു. ഞാനെന്നെ തന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു, ധൈര്യം പകര്‍ന്നു. ഒരുപാട് പഠിച്ചു. വന്യജീവികളെ സ്നേഹിക്കാന്‍ പഠിച്ചു. ഇപ്പോള്‍ ഇതൊരു സ്വപ്‍നം യാഥാര്‍ത്ഥ്യമായതുപോലെയാണ് തോന്നുന്നത്.''
undefined
സിംഗിള്‍ മദേഴ്‍സിനെ മാത്രം ഉള്‍പ്പെടുത്തി ഒരു കമ്മ്യൂണിറ്റി സ്‍കൗട്ട്സ് രൂപീകരിക്കുക എന്നത് നാഷണല്‍ പാര്‍ക്ക് റെസ്‍ക്യൂവിലെ മേക്കന്‍റെയും മാര്‍ക്ക് ഹിലേയുടെയും ആശയമായിരുന്നു. സിംബാബ്‍വേയിലെ പാര്‍ക്കുകളുടെയും വൈല്‍ഡ് ലൈഫ് മാനേജ്മെന്‍റ് അതോറിറ്റിയുടെയും പൂര്‍ണപിന്തുണയും ഇതിന് ലഭിച്ചു. നാഷണല്‍ പാര്‍ക്ക് റെസ്‍ക്യൂ കണ്‍സര്‍വേഷന്‍ ഡയറക്ടര്‍ കൂടിയായ മേക്കന്‍ പറയുന്നത്, പുരുഷാധിപത്യം നിലനില്‍ക്കുന്ന സമൂഹത്തില്‍ സാധാരണ പുരുഷന്മാര്‍ ചെയ്യുന്ന ഈ ജോലി സ്ത്രീകള്‍ക്ക് ചെയ്യാന്‍ പറ്റുമോ എന്ന കാര്യത്തില്‍ എല്ലാവര്‍ക്കും സംശയമുണ്ടായിരുന്നു എന്നാല്‍ അതിനെയെല്ലാം അവര്‍ മറികടന്നുവെന്നാണ്. ഇവിടുത്തെ കമ്മ്യൂണിറ്റിക്കിടയില്‍ ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ട്. സ്ത്രീകള്‍ കുറച്ചുകൂടി അവരുടെ കമ്മ്യൂണിറ്റിയോടും കുടുംബത്തോടും സ്നേഹമുള്ളവരാണെന്നും അവര്‍ കൂടുതലും കുടുംബത്തിനായി ചെയ്യുമെന്നും മെക്കാന്‍ പറയുന്നു.
undefined
ആഫ്രിക്കയില്‍ ഏറ്റവുമധികം ദാരിദ്ര്യം അനുഭവിക്കുന്ന വിഭാഗം സ്ത്രീകളാണ്. പ്രത്യേകിച്ചും കൊവിഡ് 19 കൂടി വ്യാപിച്ചതോടെ. അടുത്ത 12 മാസത്തിനുള്ളില്‍ അഞ്ച് സിംഗിള്‍ മദറായ സ്ത്രീകളെക്കൂടി കമ്മ്യൂണിറ്റ് സ്‍കൗട്ട്സിലേക്ക് പരിശീലിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട് എന്ന് മെക്കാന്‍ ഇന്‍ഡിപെന്‍ഡന്‍റിനോട് പറഞ്ഞു. ഈ ജോലി തുടങ്ങുന്നതിന് മുമ്പ് വരെ സ്വന്തമായി ഒരു വീട് പണിയുന്നത് പോലും സ്വപ്‍നം കാണാനാവാത്തവരായിരുന്നു ഇതിലെ ഭൂരിഭാഗം സ്ത്രീകളും. ഇപ്പോള്‍ അവര്‍ക്കെല്ലാം സ്വപ്‍നങ്ങളുണ്ട്. അതെല്ലാം സാക്ഷാ‍ത്കരിക്കാനാകുമെന്ന ഉറപ്പുമുണ്ട്.
undefined
വേട്ടക്കാരുടെ ശല്യം ഏറെയുള്ള ഈ വനാന്തരങ്ങളിലൂടെ ഭയപ്പാടൊന്നും കൂടാതെ ഇപ്പോഴവര്‍ തങ്ങളുടെ തോക്കും ആയുധങ്ങളുമായി റോന്തുചുറ്റുന്നു. ആദ്യദിവസങ്ങളില്‍ നടന്നുനടന്നു ക്ഷീണിച്ചിരുന്നുവെന്നും ഇപ്പോള്‍ പക്ഷേ, വളരെ നന്നായി തോന്നുന്നുവെന്നും അനീറ്റാ മുദേന്ദ എന്ന പത്തൊമ്പതുകാരി പറയുന്നു. രണ്ട് വയസുള്ള തന്‍റെ മകള്‍ക്കും ഒരു തലമുറക്കും വേണ്ടിയാണ് ജോലി ചെയ്യുന്നത് എന്ന ബോധ്യം ഇപ്പോഴുണ്ട്, അതിലേറെ സന്തോഷമാണെന്നും അവള്‍ പറയുന്നു. വര്‍ധിച്ച വേട്ടക്കാരുടെ ശല്യത്തില്‍ നിന്നും വനത്തെയും വന്യജീവികളെയും സംരക്ഷിക്കാന്‍ ഈ അമ്മമാരുടെ സംഘമുണ്ട്. അവര്‍ക്ക് ഒന്നിനെയും പേടിയില്ല. പുരുഷന്മാര്‍ കയ്യടക്കിവച്ചിരുന്ന സംരക്ഷണജോലിയിലേക്കിറങ്ങിയതിന്‍റെ ആത്മാഭിമാനം കൂടിയുണ്ട് അവരില്‍.
undefined
click me!